

തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന വലിയ വിളക്ക് ഭക്തിസാന്ദ്രമായി. മധ്യകേരളത്തിലെ ഉത്സവകാലത്തിന് അവസാനം കുറിക്കുന്നതാണ് കൂടല്‍മാണിക്യം ഉത്സവം. ഇന്ന് പള്ളിവേട്ടയും നാളെ കൂടപ്പുഴ ആറാട്ടുകടവില്‍ ആറാട്ടും കഴിഞ്ഞാല്‍ പത്തുദിവസം നീളുന്ന ഉത്സവത്തിന് സമാപനമാകും.
ഇന്നലെ രാവിലെ നടന്ന ശീവേലിക്ക് പെരുവനം സതീശന്‍ മാരാരും രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിന് പെരുവനം കുട്ടന്‍ മാരാരുമാണ് പ്രാമാണ്യം വഹിച്ചത്. രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിനും കലാപരിപാടികള്‍ ആസ്വദിക്കാനും ആയിരങ്ങളാണ് സംഗമസന്നിധിയിലെത്തിയത്. മഴ വില്ലനായി എത്തിയെങ്കിലും ആസ്വാദകര്‍ കുറഞ്ഞില്ല.
കൊടിപ്പുറത്തുവിളക്കുദിവസം മുതല്‍ നടന്നുവന്ന ഉത്സവനാളുകളിലെ വിളക്കെഴുന്നള്ളിപ്പിന് വലിയവിളക്കോടെ സമാപനമായി. പല്ലാട്ട് ബ്രഹ്മദത്തന്‍ ശീവേലിക്കും രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിന് തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റി.പള്ളിവേട്ടയ്ക്കായി സംഗമേശന്‍ ഇന്നു രാത്രി കൂടല്‍മാണിക്യം ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളും. ദേവന്‍ ക്ഷേത്രംവിട്ട് ആദ്യമായി പുറത്തിറങ്ങുന്ന ചടങ്ങാണിത്.
രാത്രി 8.30-ന് ക്ഷേത്രത്തിലെ നാല് പ്രദക്ഷിണത്തിനുശേഷം കൊടിമരച്ചുവട്ടില്‍ പാണികൊട്ടിയാണ് ഭഗവാന്റെ പുറത്തേക്കെഴുന്നള്ളിപ്പ്. കിഴക്കേ ഗോപുരദ്വാരത്തിലും ഗോപുരത്തോടു ചേര്‍ന്നുള്ള ആല്‍മരത്തിന്റെ തറയിലും ഹവിസ്സ് തൂകി തന്ത്രിയും പരികര്‍മികളും മറ്റും പരിവാരസമേതം ആല്‍ത്തറയിലെത്തും പിന്നാലെ മൂന്ന് ആനകളോടെ ഭഗവാന്‍ എഴുന്നള്ളും. പാരമ്പര്യ അവകാശികളായ മുളയത്ത് നായരാണ് പന്നിയുടെ പ്രതിരൂപത്തെ അമ്പെയ്തുവീഴ്ത്തുക. തുടര്‍ന്ന് ക്ഷേത്രത്തിലേക്കു മടങ്ങുന്ന കൂടല്‍മാണിക്യസ്വാമി പള്ളിക്കുറുപ്പ് കൊള്ളും. തിരുവില്വാമല നിറമാലയോടെ സെപ്തംബറില്‍ ആരംഭിക്കുന്ന മധ്യകേരളത്തിലെ ഉത്സവകാലത്തിന് കൂടല്‍മാണിക്യം ഉത്സവത്തോടെ പരിസമാപ്തിയാകും. പഞ്ചാരിയുടെ നാദവിസ്മയമാണ് കൂടല്‍മാണിക്യം ഉത്സവം. രണ്ടുനേരം നടക്കുന്ന ശീവേലിക്ക് കേരളത്തിലെ പേരെടുത്ത മേളപ്രമാണിമാരും ആനകളുമാണ് അണിനിരക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates