

കോട്ടയം: പുലിപ്പല്ല് കൈവശം വച്ചതിന് വനം കസ്റ്റഡിയിലെടുത്ത റാപ്പര്‍ വേടനെ വേട്ടയാടരുതെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. വേടനെതിരായ വനം വകുപ്പ് കേസ് എടുത്തതില്‍ തുല്യതയുടെ പ്രശ്‌നം ഉണ്ട്. മറ്റൊരു കേസില്‍ മുന്‍നിര താരത്തിനോടുള്ള സമീപനം ഇതായിരുന്നില്ല. യുവതലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാള്‍ സംഭവിച്ച കാര്യങ്ങളില്‍ തെറ്റുതിരുത്തേണ്ടതുണ്ടെന്നും പുന്നല മാധ്യമങ്ങളോട് പറഞ്ഞു.
'കലാരംഗത്ത് ഇതിന് മുന്‍പ് മുഖ്യധാരയിലുള്ള സെലിബ്രിറ്റികളുടെ ഇത്തരം പ്രശ്‌നം വന്നപ്പോള്‍ കിട്ടിയ സംയമനവും സാവകാശവും ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല. വേടനെ വേട്ടയാടരുത്. വേടന്റെ പാട്ടില്‍ ഒരു രാഷ്ട്രീയമുണ്ട്. അത് പുതിയ കാലത്തെ സാമൂഹിക നീതിയുടെ പോരാട്ടമാണ്. യുവതലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാള്‍ സംഭവിച്ച കാര്യങ്ങളില്‍ തെറ്റുതിരുത്തേണ്ടതുണ്ട്'- പുന്നല ശ്രീകുമാര്‍ പറഞ്ഞു.
അതേസമയം, റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ പേരില്‍ ഏഴുവര്‍ഷം വരെ തടവുലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് യഥാര്‍ഥമാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതോടെയാണ് വനംവകുപ്പിന്റെ നടപടി.
ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താന്‍ വലിക്കുകയും കുടിക്കുകയുമൊക്കെ ചെയ്യുന്ന ആളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേ സമയം, പുലിപ്പല്ല് നല്‍കിയത് ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്നയാളാണെന്നും അത് യഥാര്‍ഥ പല്ലാണോ എന്ന് അന്നും ഇന്നും അറിയില്ലെന്നും വേടന്‍ വനംവകുപ്പ് അധികൃതരോട് പറഞ്ഞു.
വേടനെ രണ്ടു ദിവസത്തേക്ക് വനം വകുപ്പ് കസ്റ്റഡിയില്‍ വിട്ടു. വൈദ്യപരിശോധനകള്‍ക്കു ശേഷം ഉച്ചയോടെയാണ് വേടനെ പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. തന്റെ പുതിയ ആല്‍ബം ഈ മാസം 30ന് റിലീസാകുകയാണെന്നും അതിനാല്‍ കസ്റ്റഡി ഒഴിവാക്കണമെന്നും വേടന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
ഇന്നലെയാണ് തൃപ്പുണിത്തുറയിലെ താമസസ്ഥലത്തുനിന്ന് വേടന്‍ അടക്കം ഒന്‍പതു പേരെ ആറു ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു. എന്നാല്‍ വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും വനംവകുപ്പ് അധികൃതരെ അറിയിക്കുകയുമായിരുന്നു. പ്രാഥമിക പരിശോധനയില്‍ത്തന്നെ ഇത് യഥാര്‍ഥമാണെന്ന് കണ്ടെത്തിയ വനംവകുപ്പ് വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് വേട്ട, വനവിഭവങ്ങള്‍ അനധികൃതമായി കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇതില്‍ വേട്ട ജാമ്യമില്ലാ കുറ്റമാണ്. വേട്ടയില്‍ പങ്കില്ലെന്ന് തെളിഞ്ഞാല്‍ ഈ വകുപ്പ് ഒഴിവാക്കും. യഥാര്‍ഥ പല്ലാണോ എന്നറിയാതെയാണ് കൈവശം വയ്ക്കുന്നതെങ്കില്‍ പോലും അതു കുറ്റകരമാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
2022ല്‍ ചെന്നൈയില്‍ നടത്തിയ ഷോയ്ക്കിടെയാണ് രഞ്ജിത് എന്ന ആരാധകന്‍ തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്‍ എക്‌സൈസിനോട് പറഞ്ഞത്. രഞ്ജിത്തുമായി സമൂഹമാധ്യമം വഴിയാണ് വേടന് ബന്ധം. ശ്രീലങ്കന്‍ വംശജനായ ഇയാള്‍ പിന്നീട് യുകെയിലേക്കോ ഫ്രാന്‍സിലേക്കോ കുടിയേറിയതാണെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആര്‍.അതീഷ് പറഞ്ഞു. വേടന്റെ അമ്മയും ശ്രീലങ്കന്‍ വംശജയാണെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിതുമായി ബന്ധപ്പെടാന്‍ വനംവകുപ്പ് അധികൃതര്‍ ശ്രമിച്ചു വരികയാണ്. വേടന്‍ അന്വേഷണവുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും അതീഷ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates