

തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത്, ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും. ഇതുസംബന്ധിച്ച് കെഎസ്ഇബിയുടെ വിലയിരുത്തൽ സർക്കാർ തത്വത്തിൽ അംഗീകരിച്ചതായാണ് സൂചന. യൂണിറ്റിന് 30 രൂപ എന്നനിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബോർഡിന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ഇത് ആത്യന്തികമായി ജനങ്ങൾക്ക് മേൽ ഇരട്ടി പ്രഹരമായി മാറുമെന്നുമുള്ള വിലയിരുത്തലിലാണ് പിന്മാറ്റം.
യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങിയാൽ പ്രതിദിനം 12 കോടി രൂപയിലധികം അധികച്ചെലവ് വരുമെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചിരുന്നു. ഉയർന്ന വില നൽകി വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന ഭീമമായ ബാധ്യതയെക്കുറിച്ച് സർക്കാരിനെ നേരിട്ട് ധരിപ്പിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം വ്യക്തമാക്കി.പ്രതിസന്ധി മറികടക്കാൻ എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ നേരത്തെ തത്വത്തിൽ അനുമതി നൽകിയിരുന്നു. എന്നാൽ സാമ്പത്തിക കണക്കുകൂട്ടലുകൾ പരിശോധിച്ചതോടെയാണ് ബോർഡിന് ഈ നടപടി വൻ തിരിച്ചടിയാകുമെന്ന് വ്യക്തമായത്. തുടർന്നാണ് എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന അടിയന്തര സാഹചര്യം പരമാവധി ഒഴിവാക്കാനാണ് സർക്കാരിന്റെയും ബോർഡിന്റെയും ശ്രമം. കുറഞ്ഞ നിരക്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കെഎസ്ഇബി ഊർജ്ജിതമായി തുടരുകയാണ്. കേന്ദ്ര നിലയങ്ങളിൽ നിന്നും ആണവനിലയങ്ങളിൽ നിന്നും കൂടുതൽ വൈദ്യുതി കേരളത്തിന് ലഭ്യമാക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐഎൽ) സിഎംഡിയുമായി ചർച്ച നടത്തുന്നതിനായി കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം നാളെ ഡൽഹിയിലേക്ക് തിരിക്കും. കേന്ദ്ര വിഹിതത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാനായാൽ നാളെയോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ തോതിൽ ആശ്വാസമുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
മഴയുടെ അളവിൽ ഉണ്ടായ വലിയ കുറവും തുടർച്ചയായ കടുത്ത ചൂടും മൂലം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാല റെക്കോർഡുകളെല്ലാം ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായതിനേക്കാൾ 1,000 മെഗാവാട്ടിലധികം അധിക ആവശ്യകതയാണ് ഈ സെപ്റ്റംബർ മാസത്തിൽ മാത്രം രേഖപ്പെടുത്തിയത്. ജലസംഭരണികളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതും ഉപഭോഗം കുത്തനെ ഉയർന്നതുമാണ് സംസ്ഥാനത്തെ രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. കുറഞ്ഞ നിരക്കിലുള്ള മറ്റ് സ്രോതസ്സുകൾ കണ്ടെത്തി പ്രതിസന്ധി മറികടക്കാനാണ് ഇപ്പോൾ ഊർജ്ജിത നീക്കം നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates