

കൊച്ചി: പ്രവര്‍ത്തന വരുമാനം വര്‍ധിച്ചിട്ടും കെഎസ്ആര്‍ടിസി പിടിച്ചുനില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ തണലിലെന്ന് കണക്കുകള്‍. എല്ലാമാസവും പെന്‍ഷനും ശമ്പളവും നല്‍കാന്‍ ഏകദേശം 120 കോടി രൂപയാണ് കെഎസ്ആര്‍ടിസി സംസ്ഥാന ഖജനാവില്‍ നിന്ന് വാങ്ങുന്നത്. സാമ്പത്തിക നില മോശമായ അവസ്ഥയില്‍ കെഎസ്ആര്‍ടിസിയെ സഹായിക്കുന്നതിന് സര്‍ക്കാര്‍ അധിക സഹായം നല്‍കുന്നുണ്ടെന്ന് കേരള സര്‍ക്കാരിന്റെ 'വിഷന്‍ 2031' സംരംഭത്തിന്റെ ഭാഗമായി നടന്ന 'ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും' എന്ന സെമിനാറിലെ റിപ്പോര്‍ട്ടിലെ കണക്കുകളില്‍ വ്യക്തമാണ്.
സര്‍ക്കാര്‍ സഹായമില്ലാതെ കെഎസ്ആര്‍ടിസിക്ക് സ്വന്തം നിലയില്‍ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ നല്‍കാന്‍ കഴയില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അറ്റകുറ്റപ്പണികള്‍ക്കോ വിപുലീകരണത്തിനോ പോലും ചെലവുകള്‍ നികത്താന്‍ കെഎസ്ആര്‍ടിസിക്ക് പ്രവര്‍ത്തന വരുമാനം കൊണ്ട് സാധിക്കുന്നില്ല. കെഎസ്ആര്‍ടിസി സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കേണ്ട സമയമാണിതെന്ന് ഗതാഗത വിദഗ്ധനും സംസ്ഥാന പൊതുഗതാഗത സംരക്ഷണ സമിതി ചെയര്‍മാനുമായ ഡിജോ കാപ്പന്‍ പറഞ്ഞു.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് കെഎസ്ആര്‍ടിസിക്ക് നല്‍കി വന്നിരുന്ന സാമ്പത്തിക സാഹായവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഇതില്‍ വലിയ വര്‍ധനവാണ് കാണിക്കുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ (2011-16) കാലത്ത് കെഎസ്ആര്‍ടിസിക്ക് ആകെ നല്‍കിയത് 1,466.79 കോടി രൂപയായിരുന്നു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ (2016-2021) കാലത്ത് ഇത് ഏകദേശം മൂന്നിരട്ടിയായി. 5,002.13 കോടി രൂപയാണിത്. അതായത് 241% വര്‍ധനവ്.ഈ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ഖജനാവില്‍ നല്‍കിയ തുക ഇതിനകം 7,829.71 കോടി രൂപയിലെത്തി, അതായത് മുന്‍ എല്‍ഡിഎഫ് കാലാവധിയേക്കാള്‍ 56.51% വര്‍ധനവ്.
കെഎസ്ആര്‍ടിസി പ്രവര്‍ത്തന വരുമാനത്തില്‍ റെക്കോര്‍ഡിടുമ്പോഴും എല്ലാ തലങ്ങളിലും പ്രൊഫഷണല്‍ കാര്യക്ഷമത കൊണ്ടുവരുന്നതിനായി മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 'കെഎസ്ആര്‍ടിസി നിലവില്‍ 1950 ലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍സ് ആക്ടിന് കീഴിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് സ്ഥാപനത്തിന് സാമ്പത്തിക ഉത്തരവാദിത്തം കുറയ്ക്കുന്നതിലേക്ക് എത്തിച്ചുവെന്ന്' കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മുന്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ (നഗര ഗതാഗതം) ഗതാഗത വിദഗ്ധന്‍ ജി പി ഹരി പറഞ്ഞു.
കമ്പനി നിയമപ്രകാരം ഇത് വീണ്ടും രജിസ്റ്റര്‍ ചെയ്യണം, ഇത് ബാലന്‍സ് ഷീറ്റുകളുടെ ഓഡിറ്റിംഗും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് തുല്യമാകും. ഇത് കോര്‍പറേഷനെ പ്രൊഫഷണല്‍ കാര്യക്ഷമത കൊണ്ടുവരും. കൂടാതെ നിയന്ത്രണങ്ങളോടെ ഓഹരികള്‍ ഫ്‌ലോട്ട് ചെയ്യാനും പൊതുജനങ്ങള്‍ക്ക് ഓഹരി വില്‍ക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഉദാഹരണത്തിന്, കോര്‍പ്പറേഷനെ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയാല്‍ ഒരു നിശ്ചിത കാലയളവില്‍ 10% ഓഹരികള്‍ വില്‍ക്കാന്‍ സാധിക്കും' അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates