

തിരുവനന്തപുരം: 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി' നിലവില്‍ വന്നതോടെ, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓര്‍ഡിനറി ബസുകളെല്ലാം കെഎസ്ആര്‍ടിസി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി എന്ന സ്റ്റിക്കര്‍ ഒട്ടിച്ചു സര്‍വീസ് നടത്തുന്നു എന്ന പ്രചാരണം പൂര്‍ണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്ന് കെഎസ്ആര്‍ടിസി. പ്രിയദര്‍ശിനി പദ്ധതി നിലവില്‍ വരുന്നതിന് മുന്‍പ് ഓര്‍ഡിനറി വിഭാഗത്തില്‍ ഉണ്ടായിരുന്ന എല്ലാ സര്‍വീസുകളും തുടര്‍ന്നും ഓര്‍ഡിനറി സര്‍വീസായി തന്നെ നിലനിര്‍ത്തിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി പറയുന്നു.
വര്‍ഷങ്ങളായി ഒരേ നിറത്തില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ തമ്മില്‍ യാത്രക്കാര്‍ക്ക് മാറിപ്പോകാതിരിക്കാനും കൂടുതല്‍ വ്യക്തത ഉറപ്പാക്കാനുമാണ് കെ.എസ്.ആര്‍.ടി.സി ഇന്നലെ മുതല്‍ സിറ്റി ഫാസ്റ്റ് ബസുകളില്‍ 'CITY FAST' എന്ന് വലിയ അക്ഷരത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ചു തുടങ്ങിയത്. അല്ലാതെ ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയതല്ല.
തിരുവനന്തപുരം നഗരത്തില്‍ ഒരേ നീലയും വെള്ളയും നിറത്തിലാണ് ഓര്‍ഡിനറി ബസും സിറ്റി ഫാസ്റ്റ് ബസും പണ്ടുമുതലേ സര്‍വീസ് നടത്തുന്നത്. വെള്ളയും നീലയും നിറമുള്ള ബസുകളെല്ലാം സൗജന്യയാത്രയുള്ള ഓര്‍ഡിനറി ബസുകളാണെന്ന് കരുതി വനിതാ യാത്രക്കാര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാകാതിരിക്കാനാണ് ബസുകളുടെ മുന്‍വശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി 'സിറ്റി ഫാസ്റ്റ്' സ്റ്റിക്കറുകള്‍ പതിപ്പിച്ചത്. നിലവില്‍ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസ്സുകളും നഗരമുള്‍പ്പെടെ ജില്ലയിലാകെ 687 ഓര്‍ഡിനറി ബസ്സുകളും സര്‍വിസ് നടത്തുന്നുണ്ട്. പ്രിയദര്‍ശിനി പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ സര്‍വീസുകളുടെ കൃത്യമായ പട്ടിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍കൂട്ടി കൈമാറിയിട്ടുള്ളതുമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates