

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ വൻ തിരക്കാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ അനുഭവപ്പെടുന്നത്. ഇതോടെ യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാനായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ബസിൽ ഒരുക്കാനുള്ള നീക്കവും അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 1000 ബസുകളിൽ പാനിക് ബട്ടണുകളും സാറ്റലൈറ്റ് അധിഷ്ഠിത തത്സമയ ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്താനാണ് നീക്കം.
അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് കൺട്രോൾ റൂമുമായും സുരക്ഷാ ഏജൻസികളുമായും ഉടനടി ബന്ധപ്പെടാൻ സഹായിക്കുന്നതാണ് ഈ 'വെഹിക്കിൾ ട്രാക്കിംഗ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം' (VTMS). ഇതിനായി AIS-140 നിലവാരമുള്ള ട്രാക്കിംഗ് ഉപകരണങ്ങളാണ് ബസുകളിൽ സ്ഥാപിക്കുന്നത്. ബസിൽ സ്ഥാപിക്കുന്ന സാറ്റലൈറ്റ് ട്രാക്കിംഗ് വഴി ഉൾനാടൻ ഗ്രാമീണ സർവീസുകളിൽ പോലും ബസിന്റെ കൃത്യമായ സ്ഥാനവും വേഗതയും തത്സമയം നിരീക്ഷിക്കാൻ സാധിക്കും.
ബസിനുള്ളിലെ തൂണുകളിൽ രണ്ട് മീറ്റർ ഇടവിട്ട് ആണ് പാനിക് ബട്ടണുകൾ സ്ഥാപിക്കുക. ഡ്രൈവറുടെ സീറ്റിന് സമീപം പ്രത്യേക അലർട്ട് ബട്ടൺ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന ഓരോ സീറ്റിന്റെ നിരയിലും പാനിക് ബട്ടണും സ്ഥാപിക്കും. ഇരുട്ടിലും യാത്രക്കാർക്ക് ബട്ടണുകൾ എളുപ്പത്തിൽ കണ്ടെത്താനാകുന്നതിനായി ഓരോ ബട്ടണിലും എൽഇഡി ഇൻഡിക്കേറ്റർ നൽകും.
യാത്രക്കാർ പാനിക് ബട്ടൺ അമർത്തിയാൽ മോട്ടോർ വാഹന വകുപ്പിന്റെ 'സുരക്ഷാ മിത്ര' പോർട്ടലിലേക്കും കെ.എസ്.ആർ.ടി.സിയുടെ ഫ്ലീറ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്കും ഒരേസമയം അടിയന്തര സന്ദേശം എത്തും. തുടർന്ന് അധികൃതർ വേണ്ട നടപടി സ്വീകരിക്കും.
ബസിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ട്രാക്കർ വഴി ഓരോ അഞ്ച് സെക്കൻഡിലും ബസിന്റെ വിവരങ്ങൾ കെഎസ്ആർടിസിയുടെ കണ്ട്രോൾ സെൻട്രലിൽ എത്തും. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് ബസ് എവിടെയാണെന്ന് തത്സമയം കാണാനും, അതിന്റെ വേഗതയും യാത്രാ ദിശയും നിരീക്ഷിക്കാനും, കണ്ടക്ടറുമായി നേരിട്ട് ബന്ധപ്പെടാനും, അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ തന്നെ സഹായസംഘത്തെയോ പകരം ഗതാഗത സൗകര്യമോ അയയ്ക്കാനും കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates