

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്ത് കെഎസ്ആര്‍ടിസി ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുന്നു. ചില്ലറയും നോട്ടുമില്ലാതെ ഇനി ധൈര്യമായി ബസ്സില്‍ കയറാം. പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോലുള്ള കൂടുതല്‍ വിപ്ലകരമായ ട്രാവല്‍ കാര്‍ഡുകള്‍ വീണ്ടും അവതരിപ്പിച്ചാണ് കെഎസ്ആര്‍ടിസിയുടെ ഡിജിറ്റിലൈസേഷന്‍ ഡ്രൈവ് ആരംഭം.
മെയ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റലൈസേഷന്‍ ഡ്രൈവ് ആരംഭിക്കുമെനന്ന് കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. തുടക്കത്തില്‍ ചലോ ആപ്പുമായി സഹകരിച്ച് കെഎസ്ആര്‍ടിസി ഒരു ലക്ഷം റീ ചാര്‍ജ് ചെയ്യാവുന്ന ട്രാവല്‍ കാര്‍ഡുകളാണ് പുറത്തിറക്കുക. തിരുവവന്തപുരം, കൊല്ലം ജില്ലകളില്‍ ഇതിനകം ഈ കാര്‍ഡുകള്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഇതിനകം തന്നെ ഈ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. ട്രാവല്‍ കാര്‍ഡുകള്‍ സംസ്ഥാനത്തുടനീളം ഘട്ടംഘട്ടമായി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ടച്ച് സ്‌ക്രീനുകള്‍, വേഗതയേറിയ പ്രോസസ്സിംഗ് സംവിധാനങ്ങള്‍ എന്നിവയുള്ള പുതിയ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള്‍ കെഎസ്ആര്‍ടിസി ഇതിനകം ഈ രണ്ട് ജില്ലകളിലും വിതരണം ചെയ്തിട്ടുണ്ട്. മേയ് അവസാനം മുതല്‍ യാത്രാ കാര്‍ഡുകള്‍ ഘട്ടം ഘട്ടമായി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
100 രൂപയ്ക്ക് ട്രാവല്‍ കാര്‍ഡ് വാങ്ങാം. ഏറ്റവും കുറഞ്ഞ റീചാര്‍ജ് തുക 50 രൂപയും പരമാവധി 2000 രൂപയുമാണ്. കാര്‍ഡുകള്‍ കൈമാറ്റം ചെയ്യാവുന്നതാണ്. ട്രാവല്‍ കാര്‍ഡുകളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, യാത്രക്കാര്‍ ബന്ധപ്പെട്ട യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കുകയും രണ്ട് ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും.
ബസില്‍ വിതരണം ചെയ്യുന്ന ടിക്കറ്റിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ ഓണ്‍ലൈനില്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തും. റിസര്‍വേഷനില്ലാത്ത ബസുകളില്‍ പോലും എത്ര സീറ്റ് ഒഴിവുണ്ടെന്നും ഒരോ സ്ഥലത്ത് നിന്നും എത്ര ടിക്കറ്റുകള്‍ നല്‍കുന്നുവെന്നും കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. തിരക്കുള്ളതും കുറഞ്ഞതുമായ പാതകള്‍ കണ്ടെത്തി ബസുകള്‍ വിന്യസിക്കാനാകും. ചലോ മൊബൈല്‍ ആപ്പില്‍ ഒരോ ബസുകളുടെ യാത്രാ വിവരവും തത്സമയം അറിയാം. സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരം മൊബൈല്‍ ഫോണില്‍ ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates