

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവും പ്രീമിയം നിലവാരത്തിലുള്ളതുമായ യാത്രാനുഭവം ഒരുക്കുന്നതിനുമായി കെഎസ്ആര്‍ടിസി ആരംഭിച്ച വോള്‍വോ സര്‍വീസിന് വന്‍ സ്വീകാര്യത. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. 671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് സര്‍വീസ്.
യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി നിരവധി പ്രത്യേക സൗകര്യങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്തിലെ എയര്‍ ഹോസ്റ്റസ് പോലെ ഇതിലും ബസ് ഹോസ്റ്റസ് ഉണ്ട്. യാത്രക്കാരുടെ സൗകര്യങ്ങളൊരുക്കാനും സംശയങ്ങള്‍ പരിഹാരിക്കാനും ഇവരുണ്ടാകും. വാഹന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
യാത്ര സുഖകരമാക്കാന്‍ വിശാലമായ 2ഃ2 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണ്. യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം വിനോദത്തിനായി ഓരോ സീറ്റിലും എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റമുണ്ട്. ബസില്‍ തന്നെ മിനി റെഫ്രിജറേറ്ററും കോഫി മേക്കറും ഉള്‍പ്പെടുന്ന പാന്‍ട്രി സംവിധാനം, ഓണ്‍-ബോര്‍ഡ് ടോയ്‌ലറ്റ് സൗകര്യം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. യാത്രയില്‍ സൗജന്യ വൈഫൈ, മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാര്‍ജ് ചെയ്യാന്‍ യു.എസ്.ബി. പോര്‍ട്ടുകള്‍ എന്നിവയുണ്ട്.
രാവിലെ 5.30-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ബസ് കൊല്ലം (അയത്തില്‍), ആലപ്പുഴ (കൊമാടി), ഹൈക്കോര്‍ട്ട് വഴി രാവിലെ 9.45-ന് എറണാകുളത്ത് എത്തും. തിരികെ വൈകീട്ട് 5.30-ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് 9.45-ന് തിരുവനന്തപുരത്തെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates