പത്മജ പ്രവര്‍ത്തിക്കേണ്ടത് ബൂത്ത് തലത്തില്‍; വിട്ടുപോയപ്പോള്‍ പറഞ്ഞ നുണകള്‍ തിരുത്തണം; കെഎസ്‌യു

കോണ്‍ഗ്രസില്‍ സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു എന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുന്നു
Padmaja Venugopal
Padmaja Venugopal
Edited By:
Updated on: 
2 min read

തൃശൂര്‍: പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നുണ്ടെങ്കില്‍ പാര്‍ട്ടിയോടും അണികളോടും മാപ്പുപറയണമെന്നും വിട്ടുപോയപ്പോള്‍ പറഞ്ഞ നുണകള്‍ തിരുത്തണമെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പത്മജ പ്രവര്‍ത്തിക്കേണ്ടത് ബൂത്തുതലത്തിലാണെന്നും പത്ത് വര്‍ഷം പണിയെടുത്ത സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാ മേഖലകളിലേക്കും പരിഗണിക്കപ്പെടട്ടെയെന്നും അലോഷ്യസ് സേവ്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത് തിരിച്ചു വരവുകളുടെ കാലമാണ്.വര്‍ഗീയതയുടെ പൊരിവെയിലത്ത് ഇന്ത്യാ രാജ്യം വെന്തമര്‍ന്ന 12 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം കോണ്‍ഗ്രസിനൊപ്പം ഒഴുകി ചേരുന്ന വര്‍ത്തമാനകാലത്ത്, സമസ്ത മേഖലയിലെയും ജനങ്ങളെ ചേര്‍ത്ത് പിടിച്ചു സംഘപരിവാര്‍ സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി പോരാട്ടം നടത്തി മുന്നോട്ട് പോകുമ്പോള്‍ ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാം, പക്ഷേ പ്രശ്‌നമെന്നത് അവര്‍ക്കായി ഒരുക്കി കൊടുക്കുന്ന പച്ച പരവതാനികളാണ്, പാര്‍ട്ടിയില്‍ അവര്‍ക്കായി റിസര്‍വ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സെലിബ്രേറ്റഡ് പ്രിവിലേജുകളാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും മോശം അവസ്ഥയിലാണ് ഈ പാര്‍ട്ടിയുടെ അസ്തിത്വമായ മതേതര സ്വഭാവത്തെ വെല്ലുവിളിച്ചു കൊണ്ട് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപി യില്‍ ചേര്‍ന്നത്. തിരികെ വരുന്നുണ്ടെങ്കില്‍, അവര്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പറഞ്ഞ രണ്ട് നുണകള്‍ തിരുത്തേണ്ടതായുണ്ട്. ഒന്ന കെ കരുണാകരന്‍ ഇന്ന് ജീവിച്ചിരുന്നേല്‍ അദ്ദേഹം ബിജെപി യില്‍ പോയേനെ എന്നതും രണ്ട് കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ തനിക്ക് മര്യാദക്ക് ചന്ദന കുറി തൊടാന്‍ പോലും കഴിയുമായിരുന്നില്ല എന്നും , ആ പേടി ബിജെപി യില്‍ എത്തിയപ്പോള്‍ ഇല്ലായെന്നതും. അങ്ങനെ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് തിരികെ വന്നാല്‍ അവര്‍ക്ക് നല്‍കേണ്ടത് പച്ചപരവതാനിയോ അധികാരത്തിന്റെ ശീതളതയോ അല്ല, മറിച്ച് ബൂത്ത് തലം മുതലുള്ള പടിപടിയായുള്ള പരിഗണന മാത്രമായിരിക്കണം' അലോഷ്യസ് കുറിപ്പില്‍ പറയുന്നു.

'ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ കിടന്ന് മുദ്രാവാക്യം വിളിച്ചതും, ആശയ സമരം ചെയ്തതും, പോരാടിയതും ഒരിക്കലും അവസരവാദ/ അധികാര കൊതി മൂത്ത് പാളയങ്ങള്‍ മാറി ചേക്കേറുന്ന പദ്മജമാര്‍ക്ക് വേണ്ടിയല്ല. കോണ്‍ഗ്രസില്‍ സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു എന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത പദമജയ്ക്ക് ശേഷം പദ്മിനി തോമസും കോണ്‍ഗ്രസിലേക്ക് എന്നാണ്. പദ്മജ-പദ്മിനിമാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ'-അലോഷ്യസ് കുറിപ്പില്‍ പറയുന്നു.

അലോഷ്യസിന്റെ കുറിപ്പ്

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത് ഘര്‍ വാപ്പസികളുടെ (തിരിച്ചു വരവുകളുടെ) കാലം.

വര്‍ഗീയതയുടെ പൊരിവെയിലത്ത് ഇന്ത്യാ രാജ്യം വെന്തമര്‍ന്ന 12 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം കോണ്‍ഗ്രസിനൊപ്പം ഒഴുകി ചേരുന്ന വര്‍ത്തമാനകാലത്ത്, സമസ്ത മേഖലയിലെയും ജനങ്ങളെ ചേര്‍ത്ത് പിടിച്ചു സംഘപരിവാര്‍ സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി പോരാട്ടം നടത്തി മുന്നോട്ട് പോകുമ്പോള്‍ ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാം,

പക്ഷേ പ്രശ്‌നമെന്നത് അവര്‍ക്കായി ഒരുക്കി കൊടുക്കുന്ന പച്ച പരവതാനികളാണ്,

പാര്‍ട്ടിയില്‍ അവര്‍ക്കായി റിസര്‍വ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സെലിബ്രേറ്റഡ് പ്രിവിലേജുകളാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും മോശം അവസ്ഥയിലാണ് ഈ പാര്‍ട്ടിയുടെ അസ്തിത്വമായ മതേതര സ്വഭാവത്തെ വെല്ലുവിളിച്ചു കൊണ്ട് പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപി യില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം എടുത്ത് തിരികെ വരുന്നുണ്ടെങ്കില്‍, അവര്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പറഞ്ഞ രണ്ട് നുണകള്‍ തിരുത്തേണ്ടതായുണ്ട് ; പാര്‍ട്ടിയോടും അണികളോടും മാപ്പ് പറയേണ്ടതുണ്ട്:

1. ശ്രീ കെ കരുണാകരന്‍ ഇന്ന് ജീവിച്ചിരുന്നേല്‍ അദ്ദേഹം ബിജെപി യില്‍ പോയേനെ എന്നതും.

2. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ തനിക്ക് മര്യാദക്ക് ചന്ദന കുറി തൊടാന്‍ പോലും കഴിയുമായിരുന്നില്ല എന്നും , ആ പേടി ബിജെപി യില്‍ എത്തിയപ്പോള്‍ ഇല്ലായെന്നതും.

അങ്ങനെ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് തിരികെ വന്നാല്‍ അവര്‍ക്ക് നല്‍കേണ്ടത് പച്ചപരവതാനിയോ അധികാരത്തിന്റെ ശീതളതയോ അല്ല, മറിച്ച് ബൂത്ത് തലം മുതലുള്ള പടിപടിയായുള്ള പരിഗണന മാത്രമായിരിക്കണം.

ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ കിടന്ന് മുദ്രാവാക്യം വിളിച്ചതും, ആശയ സമരം ചെയ്തതും, പോരാടിയതും ഒരിക്കലും അവസരവാദ/ അധികാര കൊതി മൂത്ത് പാളയങ്ങള്‍ മാറി ചേക്കേറുന്ന പദ്മജമാര്‍ക്ക് വേണ്ടിയല്ല.

കോണ്‍ഗ്രസില്‍ സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു എന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത പദമജയ്ക്ക് ശേഷം പദ്മിനി തോമസും കോണ്‍ഗ്രസിലേക്ക് എന്നാണ്.

പദ്മജ-പദ്മിനിമാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ. പത്ത് വര്‍ഷം പണിയെടുത്ത സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാ മേഖലകളിലേക്കും പരിഗണിക്കപ്പെടട്ടെ. ചുവന്ന ബോര്‍ഡുകളുടെ മനോഹാരിതയും ഉത്തരവാദിത്തവും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭവിക്കട്ടെ.

Summary

KSU demands apology from Padmaja Venugopal ahead of potential return to Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER