

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ ഇന്ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രത്യേക വഴിപാടായ വിശേഷാല്‍ അവില്‍ നിവേദ്യത്തിനുള്ള ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. 25രൂപയാണ് നിരക്ക്.
ഒരു ഭക്തന് പരമാവധി 100 ( നാല് ശീട്ട് )രൂപയുടെ ശീട്ട് നല്‍കും. നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയാല്‍ കുഴച്ച അവില്‍ പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ഗുരുവായൂരപ്പന് നിവേദിക്കും. കൂടാതെ അവില്‍, പഴം, ശര്‍ക്കര തുടങ്ങിയവ ഭക്തര്‍ക്ക് നേരിട്ട് കൊണ്ടുവന്ന് നിവേദിക്കുന്നതിനുള്ള സംവിധാനവും ദേവസ്വം ഒരുക്കിയിട്ടുണ്ട്. മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ സ്മരണയ്ക്കായി രാവിലെ മുതല്‍ കഥകളി ഗായകര്‍ കുചേലവൃത്തം പദങ്ങള്‍ ആലപിക്കും.
കുചേലദിനത്തില്‍ ഗുരുവായൂരപ്പ ഭക്തര്‍ക്ക് ആനന്ദമേകി മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ ഉയരും. നവീകരിച്ച മഞ്ജുളാല്‍ത്തറയില്‍ പുതിയ വെങ്കല ഗരുഡശില്‍പ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമയുടെ സ്ഥാനം.
ആറടി ഉയരത്തില്‍ കരിങ്കല്ല് മാതൃകയില്‍ നിര്‍മ്മിച്ച കുചേല പ്രതിമയുടെ സമര്‍പ്പണം രാവിലെ ഒന്‍പതിന് ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ നിര്‍വ്വഹിക്കും.
മഞ്ജുളാല്‍ത്തറയിലെ ഗരുഡ ശില്‍പം കാലപ്പഴക്കത്താല്‍ ക്ഷയിച്ചതിനെ തുടര്‍ന്ന് അടുത്തിടെ പുതിയ വെങ്കല ഗരുഡ ശില്‍പ്പം സ്ഥാപിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ, ഇവിടെയുണ്ടായിരുന്ന ജീര്‍ണിച്ച പഴയ കുചേല പ്രതിമ മാറ്റിയിരുന്നു. മഞ്ജുളാല്‍ത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശില്പം വഴിപാടായി സമര്‍പ്പിച്ച ചലച്ചിത്രനിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയാണ് പുതിയ കുചേല ശില്പവും വഴിപാടായി നിര്‍മ്മിച്ചത്. ഉണ്ണി കാനായിയാണ് ശില്‍പ്പി. കരിങ്കല്‍ മാതൃകയില്‍ നിര്‍മ്മിച്ച പ്രതിമ ഉന്നത നിലവാരത്തിലുള്ള സ്റ്റെയിന്‍ ലെസ് സ്റ്റീലും ഫൈബര്‍ മാറ്റും റസീനും ഉപയോഗിച്ച്, കാലങ്ങളോളം നിലനില്‍ക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. മഞ്ജുളാല്‍ത്തറയില്‍ കയ്യില്‍ ഓലക്കുടയും വടിയും എടുത്ത് തോളില്‍ വച്ച് വലത് കൈ ഇടനെഞ്ചില്‍ ചേര്‍ത്ത് തോളില്‍ തുണിസഞ്ചിയും അരയില്‍ അവില്‍ പൊതിയുമായി ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് ഭക്തിയോടെ നോക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകല്‍പ്പന .രണ്ട് മാസം കൊണ്ടാണ് പ്രതിമ പൂര്‍ത്തിയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates