ദേശീയപാത അതോറിറ്റിയുടെ ശ്രമങ്ങള്‍ വിഫലം; കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു; പ്രതിഷേധവുമായി നാട്ടുകാര്‍

നാളെ മുതൽ പ്രദേശവാസികൾ പ്രതിഷേധം ആരംഭിക്കാനാണ് നീക്കം.
Kuppam landslides continue to disrupt the national highway in kannur
കുപ്പത്ത് ദേശീയ പാത നിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞപ്പോൾ -landslide
Updated on
1 min read

കണ്ണൂര്‍: കുന്നിടിച്ച് ദേശീയപാത നിര്‍മാണം (landslide) നടക്കുന്ന തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ മുകള്‍ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലുണ്ടായ കുപ്പത്ത് ആറാം ദിവസവും ആശങ്ക തുടരുകയാണ്. കുന്നിടിച്ചതിന്റെ മുകള്‍ ഭാഗത്ത് നിന്ന് വീണ്ടും മണ്ണിടിഞ്ഞു. സര്‍വീസ് റോഡിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് മണ്ണിനൊപ്പം താഴേക്ക് താഴ്ന്നു. മണ്ണിടിച്ചില്‍ തടയാന്‍ ദേശീയപാത അതോറിറ്റി നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടില്ല. ഗതാഗതവും പുനസ്ഥാപിക്കാനായില്ല.

നേരത്തെ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരത്തിന് നല്‍കിയ അവസാന തീയതി കഴിഞ്ഞിരുന്നു ഇതോടെ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ കുപ്പം ദേശീയപാത സന്ദര്‍ശിച്ചു. തളിപ്പറമ്പ്, കുപ്പം, പരിയാരം ഭാഗങ്ങളിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലും ദേശീയ പാത 66 നിര്‍മ്മാണത്തിനോടനുബന്ധിച്ച് മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം സമീപ വാസികള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ ദേശീയപാത അതോറിറ്റിയും കരാറുകാരും സമയബന്ധിതമായി പരിഹരിക്കണമെന്ന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു.

ചെളിയും മണ്ണും കയറിയ വീടുകള്‍ കരാറുകാരുടെ പൂര്‍ണ ചെലവില്‍ നീക്കി വ്യത്തിയാക്കുന്നതിനും വെള്ളക്കെട്ട് ഭാഗങ്ങളില്‍ നിന്നും വെള്ളവും ചെളിയും രണ്ടു ദിവസത്തിനകം പൂര്‍ണമായി നീക്കുവാനുള്ള നടപടി സ്വീകരിക്കുവാനും ദേശീയപാത അതോറിറ്റിക്കും ബന്ധപ്പെട്ട കരാറുകാരായ മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, വിശ്വ സമുദ്ര എന്നിവര്‍ക്കും നിര്‍ദേശം നല്‍കി.

ജില്ലാ റൂറല്‍, സിറ്റി പൊലീസ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവര്‍ സമര്‍പ്പിച്ച ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ സ്ഥലപരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി ദേശീയപാത അതോറിറ്റിക്കും, ബന്ധപ്പെട്ട കരാറുകാര്‍ക്കും മെയ് 26ലെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഈ വര്‍ഷം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുന്നതുവരെ, ബന്ധപ്പെട്ട കരാറുകാര്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, ജില്ലാ അടിയന്തര പ്രവര്‍ത്തന കേന്ദ്രത്തിലേക്ക് ആഴ്ചതോറുമുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പി ഐ യു എന്‍ എച്ച് എ ഐ പ്രോജക്ട് ഡയറക്ടറോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

റോഡ് നിർമാണം ശാസ്ത്രീയമല്ലെന്ന് സ്ഥലം സന്ദർശിച്ച കെ സുധാകരൻ എംപി പറഞ്ഞു. കമ്പനിയെ പരിശോധനയ്ക്കു വിധേയമാക്കി അവർ യോഗ്യരെങ്കിൽ മാത്രമേ നിർമാണം തുടരാൻ അനുവദിക്കാൻ പാടുള്ളു. രണ്ട് ദിവസത്തിനകം കേന്ദ്രമന്ത്രിയെ കാണും. ഈ കമ്പനിക്ക് നിർമാണം തുടരാൻ സാധിക്കില്ലെന്ന് അദ്ദേഹത്തെ അറിയിക്കുമെന്നും സുധാകരൻ പറഞ്ഞു. ജനങ്ങളുടെ ആശങ്ക എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് പി സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടു. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണു നടന്നത്. നിർമാണത്തിൽ അശാസ്ത്രീയതയുണ്ട്. വീടുകൾ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com