high court
ഹൈക്കോടതി (high court)file

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിലവിലെ സംവിധാനം തുടരാം, മാറ്റത്തിന് കോടതിയെ സമീപിക്കാം; ഭാഷാ പഠനത്തില്‍ ഹൈക്കോടതി

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടേതാണ് ഉത്തരവ്
Published on

കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഭാഷാപഠനത്തിന് ഇതുവരെയുണ്ടായിരുന്ന സംവിധാനം തുടരാന്‍ ഹൈക്കോടതി (high court)ഉത്തരവ്. സ്‌കൂള്‍ സിലബസില്‍ നിന്ന് പ്രാദേശിക മഹല്‍, അറബിക് ഭാഷകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടേതാണ് ഉത്തരവ്.

സ്‌കൂള്‍ സിലബസില്‍ ത്രിഭാഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു വേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. കാലങ്ങളായി നിലവിലിരുന്ന പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് വിഷയത്തില്‍ പഠനം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ തീരുമാനം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ത്രിഭാഷാ സംവിധാനം ഏര്‍പ്പെടുത്തുന്നത് എന്നു പറയുമ്പോഴും കാര്യമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ ഭാഷാ മാറ്റത്തിനായി ലക്ഷദ്വീപ് ഭരണകൂടത്തിനു കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

മഹല്‍, അറബിക് ഭാഷകള്‍ ഒഴിവാക്കി ഒന്നാം ക്ലാസ് മുതല്‍ ത്രിഭാഷാ ഫോര്‍മുല നടപ്പാക്കാനുള്ള ഉത്തരവാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. ചര്‍ച്ചകളോ പഠനങ്ങളോ ഇല്ലാതെ തിടുക്കത്തില്‍ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് ഹര്‍ജിക്കാരനായ അജാസ് അക്ബര്‍ പിഐ കോടതിയില്‍ വാദിച്ചത്. ലക്ഷദ്വീപിലെ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ 70 വര്‍ഷമായി മഹല്‍, അറബിക് ഭാഷകളുണ്ട്. അത് ആ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഭാഷ മാറ്റുന്നതിന് ആധാരമായ പഠനങ്ങളോ ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചകളോ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ ജൂലൈ 1 മുതല്‍ സിബിസിഐ സ്‌കൂളുകളിലായിരിക്കും പുതിയ സംവിധാനം നടപ്പാക്കുക എന്ന് ദ്വീപ് ഭരണകൂടം അറിയിച്ചു.

കോടതി കേസ് പരിഗണിച്ചപ്പോള്‍ പുതിയ സംവിധാനം നടപ്പാക്കുന്നതു സംബന്ധിച്ച് പഠനങ്ങളൊന്നും നടത്തിയിട്ടില്ല എന്നാണ് ഭരണകൂടം അറിയിച്ചത്. 2020 ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്നു എന്നല്ലാതെ മറ്റൊരു കാര്യവും ഭാഷാ മാറ്റ കാര്യത്തില്‍ ഇല്ല. ത്രിഭാഷാ സംവിധാനത്തിന്റെ കാര്യത്തിലും വ്യക്തമായ നിര്‍ദേശം നയത്തിലുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക സാഹചര്യങ്ങളും ആ സമൂഹത്തിന്റെ വിദ്യാഭ്യാസ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി വേണം തീരുമാനമെടുക്കാന്‍. ലക്ഷദ്വീപിലെ 34 സ്‌കൂളുകളില്‍ 26 എണ്ണം കേരള എസ്‌സിഇആര്‍ടിയുമായാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com