

കോട്ടയം: സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിലുള്ള കേരളം രാജ്യത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. നവീകരണത്തിന് ഊര്‍ജ്ജം പകരുന്ന അറിവ് സമൂഹത്തെ മുന്നോട്ട് നയിക്കുകയും സ്വയംപര്യാപ്തമാക്കുകയും ചെയ്യും.സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും ശക്തി, നിരവധി മാനവ വികസന സൂചികകളില്‍ കേരളത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനങ്ങളുടെ മഹത്തായ അധ്യായങ്ങള്‍ക്ക് കോട്ടയം നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. എളിമയാര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് രാഷട്രപതി വരെയായ കെ ആര്‍ നാരായണന്‍ പാലായ്ക് തൊട്ടടുത്തുള്ള ഗ്രാമത്തിലാണ് ജനിച്ചത്. 'വൈക്കം സത്യാഗ്രഹം' എന്ന പ്രശസ്തമായ സമരം നൂറു വര്‍ഷം മുന്‍പ് നടന്നത് കോട്ടയത്താണ്. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും ഉറവിടമായിരുന്നതുകൊണ്ട് ഇത് 'അക്ഷരനഗരി' എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ വളരെ സജീവമായ പങ്ക് വഹിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് 'സാക്ഷര കേരളം' പ്രസ്ഥാനം ശക്തിപ്പെട്ടത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ പഠനം പ്രോത്സാഹിപ്പിക്കാനുള്ള പി.എന്‍. പണിക്കരുടെ മഹത്തായ സംരംഭത്തിന് പ്രചോദനമായത് 'വായിച്ചു വളരുക' എന്ന വളരെ ലളിതവും എന്നാല്‍ ശക്തവുമായ സന്ദേശമാണെന്നും രാഷ്ട്രപതി പറഞ്ഞു.
വികസനത്തിന്റെയും വളര്‍ച്ചയുടെയും അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള താക്കോലാണ് വിദ്യാഭ്യാസം. പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് തോമസ് കോളജ് സ്ഥാപിച്ചത്. 75 വര്‍ഷമായി ഈ പ്രശംസനീയമായ ലക്ഷ്യം കോളജ് നിറവേറ്റുന്നതിനെ രാഷ്ട്രപതി പ്രശംസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
