നിയമം കൂട്ടുപിടിച്ച് വഖഫ് ഭൂമി തട്ടിയെടുക്കാന്‍ ലീഗ് ശ്രമം, സര്‍ സയ്യിദ് കോളജ് വിവാദത്തില്‍ സിപിഎം

ന്യൂനപക്ഷ വേട്ടക്കായി ബിജെപി കൊണ്ടുവന്ന നിയമത്തിനെ കൂട്ടുപിടിച്ച് വഖഫ് സ്വത്തുകള്‍ വഖഫ് അല്ലാതാക്കി മാറ്റാനാണ് മുസ്ലീം ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്ന് എം വി ജയരാജന്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു.
leauge
തളിപ്പറമ്പ് വഖഫ് ഭൂമി വിഷയത്തില്‍ മുസ്ലിം ലീഗും സിപിഎമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിനിറങ്ങിയതോടെ രാഷ്ട്രീയ വിവാദങ്ങളും തുടങ്ങിവിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on: 
2 min read

കണ്ണൂര്‍: തളിപ്പറമ്പിലെ സര്‍ സയ്യിദ് കോളജ് സ്ഥിതി ചെയ്യുന്ന വഖഫ് ഭൂമി കണ്ണൂര്‍ ജില്ലാ മുസ്ലീം എഡ്യൂക്കേഷനല്‍ അസോസിയേഷന്റെ (സിഡിഎംഇ) യുടെ മറവില്‍ മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കി സിപിഎം. വഖഫ് സംരക്ഷണ സമിതിയെ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ ദിവസം സിപിഎം പ്രതിഷേധ പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനാണ് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തത്. ന്യൂനപക്ഷ വേട്ടക്കായി ബിജെപി കൊണ്ടുവന്ന നിയമത്തിനെ കൂട്ടുപിടിച്ച് വഖഫ് സ്വത്തുകള്‍ വഖഫ് അല്ലാതാക്കി മാറ്റാനാണ് മുസ്ലീം ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്ന് എം വി ജയരാജന്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു.

ഈ നിയമം സംഘപരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനല്ല. ആര്‍ക്കും കൈമാറ്റം ചെയ്യാനാവാത്ത വഖഫ് ഭൂമി പിടിച്ചെടുക്കാന്‍ വേണ്ടിയാണ്. അതുകൊണ്ടാണ് എന്‍ഡിഎയുടെ ചില സഖ്യകക്ഷികളില്‍ നിന്നു പോലും എതിര്‍പ്പുണ്ടായത്. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഖാസിയായ തളിപ്പറമ്പ് ജമാ അത്ത് പള്ളിയുടെ ഭൂമി പിടിച്ചെടുക്കാനാണ് ലീഗ് നേതാക്കള്‍ ഭാരവാഹികളായുള്ള സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റായ സിഡിഎംഇഎ ശ്രമിക്കുന്നതെന്ന് എം വി ജയരാജന്‍ ആരോപിച്ചു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ചയായ തളിപ്പറമ്പ് വഖഫ് ഭൂമി വിഷയത്തില്‍ മുസ്ലിം ലീഗും സിപിഎമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിനിറങ്ങിയതോടെ രാഷ്ട്രീയ വിവാദങ്ങളും തുടങ്ങി.

വ്യാജരേഖ ഉണ്ടാക്കി വഖഫ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട മാനേജ്‌മെന്റ് വിശ്വാസത്തിന്റെ പേരില്‍ കച്ചവടം നടത്തുകയാണെന്നാണ് സിപിഎം ആരോപണം. ഒരു ക്ലറിക്കല്‍ തകരാറിന്റെ പേരില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ ആരോപണം ഉന്നയിക്കുകയാണ് സിപിഎമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരിയും കുറ്റപ്പെടുത്തുന്നു. ലീഗിന് സ്വാധീനമുളള തളിപ്പറമ്പില്‍ വിഷയം സജീവ ചര്‍ച്ചയാക്കാനാണ് സിപിഎം നീക്കം.

തളിപ്പറമ്പിലെ സര്‍ സയ്യിദ് കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയെച്ചൊല്ലിയുളള വിവാദമാണ് വഖഫ് ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായത്. വ്യാജരേഖയുണ്ടാക്കി വഖഫ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് മുസ്ലീം ലീഗിന്റെ രണ്ട് ജില്ലാ ഭാരവാഹികള്‍ താക്കോല്‍ സ്ഥാനത്തുള്ള സിഡിഎംഇക്കെതിരെ ഉയരുന്നത്.

പാട്ടവ്യവസ്ഥയില്‍ തളിപ്പറമ്പ് ജുമാ അത്ത് പളളി 1967ല്‍ കൈമാറിയ സ്ഥലത്തിന്റെ തണ്ടപ്പേര്‍ കോളജ് മാനേജ്‌മെന്റിന്റെ പേരിലാണ്. നികുതിയൊടുക്കുന്നതും മാനേജ്‌മെന്റാണ്. വഖഫ് ഭൂമിയുടെ തണ്ടപ്പേര്‍ സ്വന്തം പേരിലാക്കിയതില്‍ പരാതി വന്നതോടെ തഹസില്‍ദാര്‍ തണ്ടപ്പേര്‍ പളളിയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന്റെ ഭൂമി വഖഫ് സ്വത്തല്ലെന്നും നരിക്കോട് ഇല്ല മുള്‍പ്പെടെ നാല് ഇല്ലങ്ങളില്‍ നിന്നും ലഭിച്ചതാണെന്നുമായിരുന്നു സിഡിഎംഇഎ യ്ക്കായി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. സര്‍സയ്യദ് കോളജ് വിഷയത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുല്‍ കരീം ചേലേരി ആരോപിച്ചു.

തളിപ്പറമ്പ് സര്‍സയ്യദ് കോളജിന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ലിം ലീഗിനെ പഴിചാരി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്. ഈ നീക്കം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും അബ്ദുല്‍ കരീം ചേലേരി വ്യക്തമാക്കി. തളിപ്പറമ്പ് സര്‍സയ്യദ് കോളജ് ഭൂമിയുമായി ബന്ധപ്പെട്ട് തണ്ടപ്പേരു മാറ്റുന്നത് സംബന്ധിച്ച ഒരു വ്യവഹാരത്തില്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് വന്ന ഒരു ക്ലറിക്കല്‍ തകരാറ് തിരുത്തുന്നതിന് വേണ്ടി കോളജിന്റെ ഉടമസ്ഥാവകാശമുള്ള കണ്ണൂര്‍ ജില്ലാ മുസ്ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് തീരുമാനമെടുക്കുകയും അതിന് ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടും വിഷയം സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന് പിന്നില്‍ തികഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. മുനമ്പം വിഷയത്തിലടക്കം പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പിന്റെ മറ്റൊരു വകഭേദമാണിത്.

സര്‍ സയ്യദ് കോളജിന്റെ ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തില്‍ മുസ്ലിം ലീഗിനോ കോളജ് മാനേജ്‌മെന്റിനോ രണ്ടഭിപ്രായമില്ല. കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലം തിരുത്തുന്നതിലൂടെ ആ പ്രശ്‌നം അവസാനിക്കുകയും ചെയ്യും. ഉത്തര മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഉതകുന്ന ഉന്നത കലാലയങ്ങള്‍ സ്ഥാപിക്കാന്‍ തളിപ്പറമ്പ് മുസ്ലിം ജമാഅത്ത് ലീസായി നല്‍കിയ ഈ ഭൂമിയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തല്പര കക്ഷികളുടെ കൂടെ നില്‍ക്കാന്‍ മുസ്ലിം ലീഗിന് കഴിയില്ല. അതെ സമയം പ്രസ്തു ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തില്‍ മുസ്ലിം ലീഗിന് സംശയവുമില്ല.

കേരളത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുസ്ലിംലീഗ് നേതാക്കള്‍ മുന്‍കൈ എടുത്ത് പടുത്തുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം മുസ്ലിംലീഗിന്റെ സ്ഥാപനങ്ങളുമല്ല. മുസ്ലിം ലീഗ് അതിന്റെയൊന്നും അട്ടിപ്പേറ് അവകാശം ഉന്നയിക്കുന്നുമില്ല. സര്‍ സയ്യദ് കോളജിന്റെ കാര്യത്തിലും ലീഗ് നിലപാട് ഇത് തന്നെയാണ്. മുസ്ലിം ലീഗ് അല്ലാത്ത നിരവധി പേര്‍ കോളജിന്റെയും അതിന്റെ മാതൃസംഘടനയുടെയും തലപ്പത്ത് ഉണ്ടായിട്ടുണ്ട്. വ്യവസായ പ്രമുഖനായ എ കെ ഖാദര്‍ കുട്ടി സാഹിബ്, സുപ്രീം കോടതി ജസ്റ്റീസായിരുന്ന വി ഖാലിദ് സാഹിബ്, ആര്‍എസ്പി സംസ്ഥാന സെക്രട്ടരിയായിരുന്ന കെ. അബ്ദുല്‍ ഖാദര്‍ സാഹിബ്, തലശ്ശേരി മുനിസില്‍പ്പല്‍ ചെയര്‍മാനായിരുന്ന സിപിഎം.ൃ നേതാവ് ഒ.വി. അബ്ദുള്ള എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. ഇപ്പോള്‍ സര്‍സയ്യദ് കോളജിന്റെ തലപ്പത്തിരിക്കുന്നത് മുസ്ലിംലീഗ് നേതാക്കളായതുകൊണ്ട് മാത്രം കോളജിന്റെ ഉടമസ്ഥാവകാശം മുസ്ലിംലീഗിലെത്തുന്നില്ല. അതിനാല്‍ ഈ വിഷയത്തില്‍ മുസ്ലിംലീഗിനെ പഴിചാരി വിഷയം സജീവമായി നിലനിര്‍ത്താനുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ ദുഷ്ടലാക്ക് ജനം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Muslim League leaders
MDMA Seized Vannappuram Muslim League Workers Arrested
Muslim League Leaders
Muslim League Idukki Factional Clash
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com