

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രാഷ്ട്രീയവിവാദം കൊഴുക്കുന്നതിനിടെ, ഈ വിഷയം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ കൈകാര്യം ചെയ്ത രീതിയോട് രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പടെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ അതൃപ്തിയെന്നാണ് വിവരം.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത സമീപനമാണ് സോണിയ ഗാന്ധിയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതെന്നും പ്രത്യാക്രമണം ശക്തമാക്കാന്‍ സിപിഎമ്മിന് അവസരം ഒരുക്കിയതെന്നുമാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. സ്വര്‍ണക്കൊളളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് എംപിമാരായ അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് രാഷ്ട്രീയ പോര് അതിന്റെ പാരമ്യത്തില്‍ എത്തിയത്. ഈ ചിത്രങ്ങള്‍ ആയുധമാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അടുത്തബന്ധമുണ്ടെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആരോപിക്കുകയും ചെയ്തു. എന്നാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം.
കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിലും ശബരിമല സ്വര്‍ണക്കൊള്ള വലിയ ചര്‍ച്ചയായിരുന്നു. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും, സോണിയയുടെ കൈയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കെട്ടിയ സ്വര്‍ണം ശബരിമലയില്‍ നിന്ന് അപഹരിച്ച സ്വര്‍ണമാണെന്ന് മന്ത്രി വി ശിവന്‍ കുട്ടി ആരോപിച്ചിരുന്നു. മന്ത്രി എംബി രാജേഷും ഇത് സംബന്ധിച്ച് നിയമസഭയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കട്ടവനെയും കട്ടമുതല്‍ വാങ്ങിയവനെയും കാണാനാവുക ഒറ്റ ചിത്രത്തിലാണ്. അത് സോണിയ ഗാന്ധിയുടെ കൂടെയുള്ള ചിത്രത്തിലാണ്. ആ വസ്തുത കോണ്‍ഗ്രസിന് നിഷേധിക്കാനാവുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
സോണിയക്കെതിരായ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന് കത്ത് നല്‍കിയെങ്കിലും, ഇത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി ക്ഷീണമായെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം കരുതുന്നു. ഈ ചിത്രത്തെക്കുറിച്ച് വിശ്വാസയോഗ്യമായ ഒരു വിശദീകരണം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇത് സിപിഎമ്മിന് മികച്ച ഒരായുധമായി മാറിയെന്നും ഇവര്‍ പറയുന്നു. കൂടാതെ, പ്രതിഷേധത്തിന്റെ ഭാഗമായി 'പോറ്റിയെ കേറ്റിയതാതരപ്പാ' എന്ന പാട്ട് അനാവശ്യമായിരുന്നുവെന്നും, അത് എല്‍ഡിഎഫ്-യുഡിഎഫ് വൈരം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ എന്നുമാണ് വിമര്‍ശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates