

തിരുവനന്തപുരം: തനിക്കെതിരായ ലൈംഗിക അതിക്രമ ആരോപണത്തില്‍ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍. ആരോപണ പരാതി കോണ്‍ഗ്രസിന്റെ ഭാവി നേതാവായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം ഇല്ലാതാക്കാനാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ആ രാഷ്ട്രീയ നേതാവിന്റെ മുഖം വെളുപ്പിക്കാന്‍ വേണ്ടി കൊണ്ടുവന്ന ആരോപണമാണിതെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൊടും ക്രിമിനലാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തക തന്നെ ക്രിമിനലിന് ഇരയായത് ഒരു നിസാര വിഷയമല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
2016 മുതല്‍ 2021 കാലഘട്ടത്തില്‍ ദേവസ്വം, സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ ഈ കാലയളവില്‍, യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥ ആയിരുന്ന, പിന്നീട് ഐടി വകുപ്പിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എം മുനീര്‍ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നല്‍കി. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് യുവതി ഉന്നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
ഒരു സമ്മേളനത്തില്‍ വച്ച് തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്ന സമയം കടകംപള്ളി സുരേന്ദ്രന്‍ തോളില്‍ കൈയിട്ടു എന്നും അത് ഇഷ്ടപ്പെടാതെ അവര്‍ കൈതട്ടി മാറ്റിയെന്നും യുവതി പറഞ്ഞിരുന്നു. പല ദിവസങ്ങളിലും കടകംപള്ളി സുരേന്ദ്രന്‍ വളരെ വൃത്തികെട്ട രീതിയില്‍ സംസ്‌കാരമില്ലാതെ ലൈംഗിക ചുവയോടെ സ്ഥിരമായി ഫോണില്‍ നിരന്തരം സന്ദേശം അയക്കുമായിരുന്നുവെന്നും യുവതി അന്ന് പറഞ്ഞിരുന്നുവെന്ന് പരാതിക്കാരന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
