

തിരുവനന്തപുരം: നായകളെ വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഒരു വീട്ടില്‍ ലൈസന്‍സോടെ രണ്ടുനായകളെ വളര്‍ത്താം. ഈ വ്യവസ്ഥകള്‍ കര്‍ശനമാക്കി പഞ്ചായത്ത്-നഗരപാലിക നിയമങ്ങള്‍ ഭേദഗതിചെയ്യാന്‍ തദ്ദേശഭരണ വകുപ്പിനോട് ശുപാര്‍ശചെയ്യാന്‍ സംസ്ഥാന ജന്തുക്ഷേമ ബോര്‍ഡ് തീരുമാനിച്ചു.
നിലവില്‍ നായകളെ വളര്‍ത്താന്‍ ലൈസന്‍സുണ്ടെങ്കിലും കര്‍ശനമായി പാലിക്കപ്പെടുന്നില്ല. വാക്സിനേഷന്‍ നടത്തി തദ്ദേശസ്ഥാപനത്തെ വിവരമറിയിച്ച് ലൈസന്‍സ് വാങ്ങണമെന്നാണ് നിയമം. നിലവിലെ നിയമം ഭേദഗതിചെയ്യാനാണ് നീക്കം. നായകള്‍ക്ക് കൃത്യമായ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവ നിയമം അനുശാസിക്കുംവിധം അതത് കാലയളവുകളില്‍ ചെയ്യണം. കുത്തിവെപ്പെടുത്ത നായകള്‍ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും. ഇവയെമാത്രമേ ലൈസന്‍സോടെ വളര്‍ത്താനാകൂ.
രണ്ടില്‍ക്കൂടുതല്‍ നായകളെ വളര്‍ത്തണമെങ്കില്‍ ബ്രീഡേഴ്‌സ് ലൈസന്‍സ് എടുക്കണം. നായകളുടെ പ്രജനനത്തിനുശേഷം അവയെ കൃത്യസമയത്ത് വില്‍ക്കാന്‍ കഴിയാതെവരുമ്പോള്‍ തെരുവില്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൈക്രോചിപ്പ് ഘടിപ്പിച്ചാല്‍ നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവരെ എളുപ്പം കണ്ടെത്താനാകും. നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡേറ്റാബേസുമായി ബന്ധിപ്പിക്കും. നായകളുടെ തോള്‍ഭാഗത്ത് പ്രത്യേക ഉപകരണം വഴിയാണ് ചിപ്പ് ഘടിപ്പിക്കുക. ഇതിന് ഫീസ് ഏര്‍പ്പെടുത്തും. ലൈസന്‍സ് കെ-സ്മാര്‍ട്ട് ആപ്പിലൂടെ ലഭിക്കാന്‍ സൗകര്യമുണ്ടാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates