തിരുവനന്തപുരം: ബെവ്കോ ഷോപ്പുകളിൽ ഇനി മുതൽ സ്റ്റോക്കുള്ള മദ്യത്തിന്റെ വിവരവും വിലയും സ്‌ക്രീനിൽ തെളിയും. ഈമാസം അവസാനത്തോടെ എല്ലാ ഷോപ്പുകളിലും ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കും. അധിക വില ഈടാക്കുന്നത് തടയുന്നതിനൊപ്പം ചില ബ്രാൻഡുകളുടെ അനധികൃത വിൽപ്പന പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കുകയുമാണ് ലക്ഷ്യം.
ചില മദ്യ കമ്പനികൾ ജീവനക്കാരെ സ്വാധീനിച്ച് അവരുടെ ബ്രാൻഡുകൾ മാത്രം വിറ്റഴിക്കുന്നുണ്ട്. ഇതിന് മദ്യ കമ്പനികൾ ജീവനക്കാർക്ക് പ്രതിഫലം നൽകുന്നുമുണ്ട്. സ്റ്റോക്കും വിലയും പ്രദർശിപ്പിക്കുന്നതോടെ ഇതൊഴിവാക്കാനാകും.
മദ്യ വിൽപ്പനയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ ജീവനക്കാർക്കെതിരേയുള്ള അച്ചടക്ക നടപടികൾ ശക്തമാക്കാനും കോർപ്പറേഷൻ തീരുമാനിച്ചു. ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്ന ജീവനക്കാരിൽ നിന്ന് 30,000 രൂപ പിഴ ഈടാക്കും. സാമ്പത്തിക ക്രമക്കേടുകൾക്കുള്ള ശിക്ഷയും വർധിപ്പിച്ചു.
ബില്ലിൽ രേഖപ്പെടുത്തിയതിൽ കൂടുതൽ തുക വാങ്ങിയതായി കണ്ടെത്തിയാൽ അധികം വാങ്ങിയ തുകയുടെ 1000 ഇരട്ടി പിഴ ഈടാക്കും. നിലവിൽ 300 ഇരട്ടിയാണ് വാങ്ങിയിരുന്നത്. മദ്യ കമ്പനികൾക്കു വേണ്ടി ഏതെങ്കിലും ബ്രാൻഡുകളുടെ വിൽപ്പന പ്രോത്സാഹിപ്പിച്ചാലും കാഷ് കൗണ്ടറിലെ വിറ്റുവരവും കണക്കുകളും തമ്മിൽ പൊരുത്തമില്ലെങ്കിലും പിഴ ചുമത്തും. അധികം വന്നതോ കുറവുള്ളതോ ആയ തുകയുടെ 1000 മടങ്ങ് പിഴ കോർപ്പറേഷന് നൽകണം.
കണക്കുകൾ കൃത്യസമയത്ത് ഹാജരാക്കാതിരുന്നാൽ 10,000 രൂപ പിഴ ചുമത്തും. ബിവറേജസ് കോർപ്പറേഷൻ നിർദേശിക്കുന്ന പ്രകാരം മദ്യക്കുപ്പികൾ പ്രദർശിപ്പിച്ചില്ലെങ്കിലും 5000 രൂപ പിഴ അടയ്ക്കണം.
മോഷണം കണ്ടെത്തിയാൽ നഷ്ടമായ തുകയുടെ 1000 ഇരട്ടി ഈടാക്കുന്നതിനൊപ്പം ക്രിമിനൽ കേസ് എടുക്കുകയും ചെയ്യും. മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് കടുത്ത സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ കടുപ്പിച്ചതെന്ന് ബിവറേജസ് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates