

മലപ്പുറം: ജിന്ന് മുറിച്ചതാണെന്ന് അവകാശപ്പെട്ട് വില്‍പ്പന നടത്തിയ വാഴപ്പഴത്തെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ തിരുനാവായയിലെ ആത്മീയ ചികിത്സാ കേന്ദ്രം നാട്ടുകാര്‍ അടച്ചുപൂട്ടിച്ചു. ആത്മീയ ചികിത്സയുടെ പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ആളുകളില്‍നിന്ന് വന്‍തുക ഈടാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബന്ദര്‍കടവിലെ കായല്‍പ്പട്ടണം ജിന്ന് മഹ്ലറയ്ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചത്.
തിരൂര്‍-കുറ്റിപ്പുറം റോഡില്‍ ബന്ദര്‍കടവിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മുവാറ്റുപുഴ സ്വദേശി ജലാലുദ്ദീന്‍ ആത്മീയ ചികിത്സകനെന്ന നിലയില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. എല്ലാ ഞായറാഴ്ചയും രാവിലെ 'ഖുതുബിയത്ത് മജ്ലിസ്' എന്ന പേരില്‍ ഇയാള്‍ പരിപാടി നടത്തിയിരുന്നു. പച്ചനിറത്തിലുള്ള തുണികൊണ്ട് തല മറച്ച് വേദിയിലിരിക്കുന്നയാള്‍ ജിന്നാണെന്ന് ഇയാള്‍ സന്ദര്‍ശകരോട് പറഞ്ഞിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കേരളത്തില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി ആയിരക്കണക്കിന് പേര്‍ ഇവിടെ എത്തുന്നതായി സംഘാടകര്‍ സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു.
ഇതിനിടെയാണ് 'ജിന്ന് മുറിച്ച വാഴപ്പഴം' എന്ന പേരില്‍ പഴം വില്‍പ്പന നടത്തിയത് വിവാദമായത്. ആദ്യം 1,000 രൂപ വില നിശ്ചയിച്ച പഴം ലേലത്തില്‍ 2,500 രൂപയ്ക്കാണ് ഒരാള്‍ വാങ്ങിയതെന്ന് നാട്ടുകാരനായ സിറാജ് പറമ്പില്‍ പറഞ്ഞു. തൊലി നീക്കാതെ വാഴപ്പഴം കഷണങ്ങളാക്കിയ ശേഷം ജിന്നാണ് ഇത് മുറിച്ചതെന്നായിരുന്നു അവകാശവാദം.
''പഴം ഇത്തരത്തില്‍ മുറിക്കുന്നതിന്റെ രഹസ്യം വിശദീകരിക്കുന്ന വിഡിയോകള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഒരു തയ്യല്‍ സൂചി പഴത്തിനുള്ളില്‍ കയറ്റി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാല്‍ തൊലിക്ക് കേടുപാടില്ലാതെ പഴം മുറിക്കാനാകും. ഇതോടെയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ തീരുമാനിച്ചത്,'' സിറാജ് പറഞ്ഞു.
ബുധനാഴ്ച നാട്ടുകാര്‍ കേന്ദ്രത്തിലെത്തി ജലാലുദ്ദീനോട് ഈ അത്ഭുതപ്രകടനം നേരിട്ട് കാണിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ''പല കാരണങ്ങളും പറഞ്ഞ് അദ്ദേഹം അവിടെനിന്ന് പോയി. തുടര്‍ന്ന് കേന്ദ്രം അടച്ചുപൂട്ടണമെന്നും തിരുനാവായയില്‍നിന്ന് ഉടന്‍ ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു,'' സിറാജ് പറഞ്ഞു.
ബുധനാഴ്ച കേന്ദ്രത്തിലെത്തുമ്പോള്‍ കേരളത്തില്‍നിന്നും കര്‍ണാടകയില്‍നിന്നുമുള്ളവര്‍ ചികിത്സയ്ക്കായി അവിടെ താമസിച്ചിരുന്നതായും സിറാജ് പറഞ്ഞു. ''ചോദ്യം ചെയ്തപ്പോള്‍ രാവിലെയും വൈകിട്ടും ഇവിടെ ആഭിചാര ചികിത്സ നടത്തുന്നുണ്ടെന്നാണ് ജലാലുദ്ദീന്‍ പറഞ്ഞത്. ചികിത്സയ്ക്കായി താമസിക്കുന്നവരെ എത്രയും വേഗം മാറ്റണമെന്നും ആവശ്യപ്പെട്ടു,'' അദ്ദേഹം പറഞ്ഞു.
മുവാറ്റുപുഴ സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്ന ജലാലുദ്ദീന്‍ പിന്നീട് പാലക്കാട്ടും കാസര്‍കോട്ടും അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രങ്ങള്‍ നടത്തിയിരുന്നതായും സിറാജ് ആരോപിച്ചു. 2023ല്‍ അക്യുപങ്ചര്‍ ചികിത്സയുമായി തിരുനാവായയിലെത്തിയ ഇയാള്‍ പിന്നീട് 'അബ്ബാസ് ജിന്ന്' എന്ന പേരില്‍ വ്യാജ ആഭിചാര, അത്ഭുത ചികിത്സാ കേന്ദ്രം ആരംഭിച്ചതായാണ് നാട്ടുകാരുടെ ആരോപണം.
കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലും വിവിധ സംഘടനകളിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മതവിശ്വാസങ്ങളെ ചൂഷണം ചെയ്ത് ജിന്ന് ചികിത്സയുടെ പേരില്‍ വന്‍തുക ഈടാക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. നാട്ടുകാര്‍ കേന്ദ്രത്തിന്റെ ബോര്‍ഡുകളും നീക്കം ചെയ്തു.
സമസ്ത കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുല്ല സഖാഫി എളമരം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ സംഭവത്തെ വിമര്‍ശിച്ചു. ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും കഴിയുന്നവരുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ യഥാര്‍ഥ ആത്മീയ ചികിത്സകള്‍ക്കുപോലും ദുഷ്‌പേരുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് തിരൂര്‍ പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates