കോട്ടയം: ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കല്ലിടലിനെതിരെ ആത്മഹത്യാഭീഷണി മുഴക്കിയും മറ്റുമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിഷേധിച്ചത്. കല്ലിടല്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ച വനിതകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ രീതി സംഘര്‍ഷത്തിനിടയാക്കി. സ്ത്രീകളെ വലിച്ചിഴച്ചാണ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് മാറ്റിയത്. ഇത് കണ്ട് കുട്ടികള്‍ കരഞ്ഞതോടെ, നാട്ടുകാര്‍ പൊലീസിനെതിരെ തിരിഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. പൊലീസുമായി രൂക്ഷമായ വാക്കേറ്റമാണ് നടന്നത്.
കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മനുഷ്യശൃംഖല തീര്‍ത്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമര്‍ക്കാര്‍ പറഞ്ഞു. മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. റോഡ് ഉപരോധിച്ചു. കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. അറസ്റ്റിനിടെ കേരള കോണ്‍ഗ്രസ് നേതാവ് വി ജെ ലാലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്.
നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
ജില്ലയില്‍ 16 പഞ്ചായത്തുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്.
എറണാകുളം മാമലയിലും കെ റെയിലിനെതിരെ പ്രതിഷേധം ഉണ്ടായി. അതിരടയാള കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസഥരെ വീടുകളിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാര്‍ തടഞ്ഞു. പുരയിടങ്ങളിലാണ് ഇവിടെ കല്ലുകള്‍ സ്ഥാപിക്കേണ്ടത്. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates