

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രാഥമിക അവലോകനം നടത്തും. രാജ്യസഭാ സീറ്റിന് ഘടകകക്ഷികൾ ഉന്നയിച്ച അവകാശവാദത്തിലും നേതൃതല തീരുമാനം ഇന്ന് ഉണ്ടാകും.
കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം ആരു മന്ത്രിയാകണം എന്നത് യോഗത്തിൽ ചർച്ചയായേക്കും. ആദിവാസി വിഭാഗത്തിൽപ്പെട്ട സിപിഎം സംസ്ഥാന സമിതി അംഗം ഒ ആർ കേളു, ശാന്തകുമാരി, സച്ചിൻദേവ് എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല. കേളുവിനെ മന്ത്രിയാക്കിയാൽ വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യവും ലഭിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ വിശദമായ പരിശോധനയ്ക്കായി 16 മുതൽ 5 ദിവസത്തെ നേതൃയോഗം സിപിഎം വിളിച്ചുചേർത്തിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിന്‍റെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ നേതൃയോഗത്തിൽ നടക്കും. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന കാര്യവും യോഗത്തിലുണ്ടായേക്കും.
ഈ മാസം 16ന് ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ തിരുത്തൽ എവിടെ വരെ എന്നു യോഗത്തിൽ തീരുമാനമെടുക്കും. എം പി ആയതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കെ രാധാകൃഷ്ണന്റെ പകരക്കാരനെയും ഈ യോഗം നിശ്ചയിക്കും. മന്ത്രിസഭയിലെ മാറ്റം അതിലൊതുങ്ങണോ അതോ കാര്യമായ അഴിച്ചുപണി ആവശ്യമോ എന്നും നേതൃയോഗം തീരുമാനിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates