

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗ തീരുമാനം. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം. ലോകകേരള സഭ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. പകരം ഫലപ്രദമായ പുതിയ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ലോകകേരള സഭയുടെ പേരില്‍ നടന്നത് വലിയ ധൂര്‍ത്താണ്. അത് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക കേരള സഭയ്ക്ക് പകരം ബദല്‍ സംവിധാനം ഉണ്ടാകും. പ്രവാസികളുടെ വിഷയങ്ങള്‍ അഡ്രസ് ചെയ്യാന്‍ ഫലപ്രദമായ സംവിധാനം കൊണ്ടുവരും. അവരുടെ റെമിറ്റന്‍സ് ഇക്കോണമിയെ ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമിയാക്കി മാറ്റാനുള്ള സംരംഭം കൂടിയുള്ള വലിയ പദ്ധതി ഉണ്ടാകും. അതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനായ സമിതിയില്‍, വ്യവസായ, ആഭ്യന്തര, ആരോഗ്യ, ജലവിഭവ മന്ത്രിമാര്‍ അംഗങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം 70 വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇത് വിപുലമായി ആഘോഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഫെസ്റ്റിവല്‍ കേരള എന്ന പേരില്‍ രാജ്യത്തെല്ലായിടത്തും ആഘോഷ പരിപാടികള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കേരളത്തിന്റെ 70-ാം ജന്മദിനത്തോട് അനുബന്ധിച്ച് പരിപാടികള്‍ ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ചെയര്‍മാനായും, സാംസ്‌കാരിക മന്ത്രി കണ്‍വീനറുമായി സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെന്നൈ, ഡല്‍ഹി, ബംഗ്ലൂര്‍, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മഹാനഗരങ്ങളിലാണ് ആദ്യം പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പ്രത്യേകതകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷേകേസ് ചെയ്യാനാണ് ഫെസ്റ്റിവലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് അടക്കം ഇതില്‍ ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പുറത്ത് ഫെസ്റ്റിവല്‍ നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.
സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചു വരികയാണ്. മരണ നിരക്കും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ റോഡ് സുരക്ഷ ഉറപ്പു വരുത്താന്‍ ക്യാംപെയ്ന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്യാംപെയ്ന്‍ നടത്തുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്.
ഒരു വശത്ത് അവയര്‍നെസ്സ് പ്രോഗ്രാം നടത്തുമ്പോള്‍ തന്നെ, ഇതോടൊപ്പം ഗതാഗത നിയമലംഘനങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണം. വയോജനക്ഷേമ വകുപ്പിന്റെ പേര് മാറ്റി. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് എന്നാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates