

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ ഒരു മരണം. കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞത്. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലികിന്റെ സഹോദരനാണ് മുഹമ്മദ് ആഷാം. സ്‌ഫോടനത്തില്‍ അനൂപ് മാലിക്കിന് ഏതിരെ പൊലീസ് സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. പൊടിക്കുണ്ട് സ്‌ഫോടന മുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അനുപ് മാലിക്കിനായി പൊലിസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വീട് വാടകയ്ക്ക് എടുത്ത് അനധികൃത ഗുണ്ട് നിര്‍മാണം ഉള്‍പ്പെടെയാണ് ഇവിടെ നടന്നിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
അതേസമയം, സ്‌ഫോടന സമയത്ത് മുഹമ്മദ് ആഷാമിന് പുറമെ ഒരാള്‍ കൂടി വീട്ടില്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുകയാണ്. മുഹമ്മദ് ആഷാമിന്റെ മൃതദ്ദേഹം ഫയര്‍ഫോഴ്‌സ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണൂര്‍ കമീഷണറും സംഭവസ്ഥലത്തെത്തിയിരുന്നു.
കീഴറയിലെ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. ഉഗ്ര സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കു കേടുപാടുണ്ടായി. വീടുകളുടെ ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നു. അരക്കിലോമീറ്റര്‍ അകലെയുള്ള വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, സ്‌ഫോടനം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അനൂപ് മാലിക്ക് 2016ല്‍ പൊടിക്കുണ്ടില്‍ വീട്ടിലുണ്ടായ സ്‌ഫോടന കേസിലും പ്രതിയാണ്. അന്നും സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. 17 വീടുകള്‍ തകരുകയും നാല് കോടിയോളം രൂപയുടെ നാശനഷ്ടവുമുണ്ടായ സംഭവത്തിലെ കേസില്‍ വിചാരണ തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ പുരോഗമിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates