Year Ender 2025 | വിട പറഞ്ഞ വിഎസ്; വിട പറയാതെ വിവാദങ്ങള്‍

2025 : അവകാശങ്ങള്‍ക്കായി മനുഷ്യര്‍ തെരുവിലിറങ്ങിയ വര്‍ഷം
VS Achuthanandan, VD Satheesan
Kerala in 2025Special Arrangement
Updated on
7 min read

പ്രകൃതിയുടെ സംഹാര താണ്ഡവത്തിന്റെ നടുക്കത്തിലാണ് 2024 കടന്നു പോയതെങ്കില്‍, അതിജീവനത്തിനും അവകാശങ്ങള്‍ക്കുമായുള്ള സമരപരമ്പരകള്‍ക്കാണ് 2025 ല്‍ കേരളം സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ-സാമൂഹ്യ കേരളത്തിന് അപരിഹാര്യമായ നഷ്ടവും 2025 സമ്മാനിച്ചു. സമരങ്ങളുടെ വിപ്ലവ സൂര്യന്‍, പാവങ്ങളുടെ പടത്തലവന്‍, ആബാലവൃദ്ധം ഒരേ മനസ്സോടെ നെഞ്ചേറ്റിയ ജനനായകന്‍ വി എസ് അച്യുതാനന്ദന്റെ മരണം 2025 നെ കണ്ണീരില്‍ കുതിര്‍ത്തു. കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യങ്ങളിലൂടെ, വിമര്‍ശനങ്ങളിലൂടെ സാമൂഹ്യാവസ്ഥകളെ സിനിമകളിലൂടെ തുറന്നു കാണിച്ച ശ്രീനിവാസന്റെ മരണവും 2025 ലെ വേദനിപ്പിക്കുന്ന വിയോഗമാണ്.

കേരളത്തെ പിടിച്ചുലച്ച് ശബരിമല സ്വർണ്ണക്കൊള്ള

sabarimala
sabarimalaഫയൽ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണ് 2025 ൽ കേരളത്തെ വലിയ തോതിൽ പിടിച്ചുലച്ച സംഭവം. സ്പോൺസറായി എത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ വലിയ സ്വർണ്ണക്കവർച്ച നടന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കൊള്ള അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എഡിജിപി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങള്‍ അടക്കം യുബി ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ വിജയ് മല്യ സ്വര്‍ണം 1998 ല്‍ പൊതിഞ്ഞിരുന്നു. പിന്നീട് ശബരിമലയില്‍ സ്പോണ്‍സറായി കടന്നുകൂടിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലുള്ള ഗൂഡസംഘം, സ്വര്‍ണം പൂശാനെന്ന വ്യാജേന ഇവ പുറത്തു കടത്തുകയും, സ്വര്‍ണം കവര്‍ച്ച ചെയ്തുവെന്നുമാണ് കേസ്. കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ പത്മകുമാര്‍, എന്‍ വാസു, ദേവസ്വം ബോർഡ് അം​ഗം എൻ വിജയകുമാർ എന്നിവരടക്കം അറസ്റ്റിലാകുകയും ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പ് അഥവാ 'സെമിഫൈനൽ'

congress flag
congress flagഫയൽ

2026 ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ 'സെമിഫൈനല്‍' എന്നു വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും ഇടതുമുന്നണിയ്ക്കും കനത്ത തിരിച്ചടിയാണ് ഏറ്റത്. എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന അഞ്ചു കോര്‍പ്പറേഷനുകളിലെ ഭരണം നഷ്ടമായി. അധികാരം നിലനിര്‍ത്തിയ കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് ഏക ആശ്വാസം. ഇതുവരെ ചെങ്കോട്ടയായി നിലകൊണ്ട കൊല്ലം കോര്‍പ്പറേഷന്‍ യുഡിഎഫ് ആദ്യമായി പിടിച്ചെടുത്തു.

കണ്ണൂരില്‍ ഭരണം നിലനിര്‍ത്തിയ യുഡിഎഫ്, കൊല്ലം, കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ഭരണം തിരിച്ചു പിടിച്ചു. മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ബഹുഭൂരിപക്ഷവും യുഡിഎഫിനെ തുണച്ചു. ഗ്രാമപഞ്ചായത്തുകളിലും ഗണ്യമായ മുന്‍തൂക്കമാണ് യുഡിഎഫ് സ്വന്തമാക്കിയത്. ജില്ലാ പഞ്ചായത്തുകള്‍ 7-7 എന്ന നിലയില്‍ യുഡിഎഫുമായി തുല്യത പിടിക്കാനായതാണ് എല്‍ഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആശ്വസിക്കാവുന്ന നേട്ടം.

തീരത്തിനു ഭീഷണിയായി കപ്പൽ അപകടങ്ങൾ

MSC Elsa-3
MSC Elsa 3 Accidentfile

വിഴിഞ്ഞം തുറമുഖത്തു നിന്ന് പുറപ്പെട്ട ചരക്കുകപ്പൽ മെയ് 24ന് കൊച്ചി പുറംകടലിൽ അപകടത്തിൽപ്പെട്ടതാണ് 2025 ൽ കേരള തീരത്തെയാകെ ആശങ്കയിലാക്കി. കൊച്ചിയിലേക്കു വന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണു തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായി മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും തീരസേനയും നാവികസേനയും ചേർന്നു രക്ഷപ്പെടുത്തി. കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ വീണു. സമുദ്രത്തിരകളിൽ പെട്ട കണ്ടെയ്നറുകൾ, കൊല്ലം, ആലപ്പുഴ, കോവളം തീരങ്ങളിൽ അടിഞ്ഞിരുന്നു.

കപ്പലിൽ നിന്നുള്ള ഇന്ധനച്ചോർച്ച അറബിക്കടലിൽ ഗണ്യമായ പരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയതായി കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജി (സിഎംഎൽആർഇ) വ്യക്തമാക്കിയിരുന്നു. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് 1,227.62 കോടി രൂപ കരുതൽ ധനമായി (സെക്യൂരിറ്റി ഡിപോസിറ്റ്) കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മാരക വിഷവസ്തുക്കളടങ്ങിയ കണ്ടെയ്റുകളുമായെത്തിയ സിംഗപ്പൂര്‍ ചരക്കു കപ്പൽ ‘വാന്‍ ഹയി 503’ തീപിടിച്ച് കടലിൽ മുങ്ങിയതും 2025ലാണ്. ജൂൺ ഒൻപതിന് രാവിലെ 9.30ഓടെയാണ് അറബിക്കടലിൽ കണ്ണൂർ അഴീക്കല്‍ തുറമുഖത്തിന് 81.49 കിലോമീറ്റർ അകലെയായി കപ്പലിന് തീപിടിച്ചത്.

Van Hai ship's VDR data recovered
MV Wan Hai 503ഫയൽ

തീരാനഷ്ടം... ഈ 'സമര ചെങ്കനൽ'

VS Achuthanandan
VS Achuthanandanഫയൽ

കണ്ണേ-- കരളേ വിഎസ്സേ...

2025 ന്റെ പ്രധാന നഷ്ടങ്ങളിലൊന്നാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റേത്. പോരാട്ടങ്ങളുടെ കനല്‍വഴി താണ്ടിയ സമരസൂര്യന്റെ വിയോഗം രാഷ്ട്രീയ കേരളത്തെ കണ്ണീരണിയിച്ചു. പരിസ്ഥിതിക്ക് വേണ്ടി, മണ്ണിനു വേണ്ടി, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പതര്‍ച്ചകളേതുമില്ലാതെ നിലകൊണ്ട പോരാട്ടങ്ങളുടെ സൂര്യതേജസ്സ്. വി എസ് എന്ന ദ്വയാക്ഷരി കൊണ്ട് ജനകോടികള്‍ നെഞ്ചേറ്റിയ വിപ്ലവ നക്ഷത്രം. തല നരയ്ക്കാത്ത സമര യൗവനം ജൂലൈ മാസത്തില്‍ 102-ാം വയസ്സിലാണ്, പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് യാത്രയായത്. സമീപകാലത്തൊന്നും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിലാപയാത്രയോടെയാണ് വി എസ് എന്ന വിപ്ലവസൂര്യന് കേരളം വിട ചൊല്ലിയത്. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ പിറവി കൊണ്ട ആ സമരസൂര്യന്‍ ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ദീപ്തനക്ഷത്രമായി.

VS Achuthanandan
VS Achuthanandan

സമര കേരളം- 2025

അന്തസ്സുള്ള ജീവിതത്തിന്, ന്യായമായ വേതനത്തിന്, ജീവന്, ഭൂമിക്ക്, തൊഴിലിന്... അവകാശങ്ങള്‍ക്കായി മനുഷ്യര്‍ തെരുവിലിറങ്ങിയ വര്‍ഷം. മെച്ചപ്പെട്ട വേതനത്തിനായി തെരുവിലിറങ്ങിയ ആശാ പ്രവര്‍ത്തകര്‍, ഭൂമിയുടെ അവകാശത്തിനായി പോരാടിയ മുനമ്പം നിവാസികള്‍, റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ആശിച്ച ജോലി കിട്ടാത്തതില്‍ പ്രതിഷേധവുമായി ശയനപ്രദക്ഷിണം നടത്തിയ വനിതാ റാങ്ക് ഹോള്‍ഡര്‍മാര്‍, വന്യജീവി ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധം തുടങ്ങിയവയെല്ലാം, സമരപോരാട്ടങ്ങളുടെ ചരിത്രഗാഥകള്‍ പറയുന്ന കേരളത്തിന് മുന്നില്‍ 2025 ല്‍ തെളിഞ്ഞ നേര്‍ചിത്രങ്ങളാണ്.

ASHA worker's Strike
ASHA worker's Strikeഫയൽ

ആശാ സമരം

ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 10 മുതലാണ് ആശാ വര്‍ക്കര്‍മാര്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കുമ്പോള്‍ 5 ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശമാര്‍ ഉന്നയിച്ചത്. രാപകല്‍ സമരം എന്ന നിലയില്‍ തുടങ്ങിയെങ്കിലും, പിന്നീട് ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ അനിശ്ചിതകാല സമരമായി മാറി. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ നവംബര്‍ ഒന്നിന് സമരം അവസാനിപ്പിച്ചു.

Munambam strike
Munambam strikeഫയൽ

മുനമ്പം സമരം

സര്‍ക്കാരിനെ അടക്കം ആശയക്കുഴപ്പത്തിലാക്കിയ സമരമാണ് മുനമ്പത്തു നടന്നത്. വഖഫ് ബോര്‍ഡ് ഏറ്റെടുത്തതായി വ്യക്തമാക്കിയ ഭൂമിയില്‍ താമസിക്കുന്നവര്‍, സ്വന്തം മണ്ണിന്റെ റവന്യൂ അവകാശത്തിനായി നടത്തിയ പോരാട്ടം. വര്‍ഷങ്ങളായി സുപ്രീം കോടതിയില്‍ അടക്കം നിയമപോരാട്ടം തുടരുകയാണ്. മുനമ്പം വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിരിക്കുകയാണ്. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയത് സര്‍ക്കാരിന് ആശ്വാസകരമാണ്.

വാര്‍ത്തകള്‍.... വിവാദങ്ങള്‍...

gopan swamy
gopan swamyഫയൽ

ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയാണ് 2025 ല്‍ ആദ്യം ശ്രദ്ധ നേടുന്ന പ്രധാന വാര്‍ത്തകളിലൊന്ന്. ഈ കേസില്‍ ബോബി അറസ്റ്റിലാകുകയും ജയിലിലാകുകയും ചെയ്തു. ഒടുവില്‍ ഹൈക്കോടതി കര്‍ശന ഉപാധികളോടെ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചു.

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിയാണ് 2025 തുടക്കത്തില്‍ ചര്‍ച്ചയായ മറ്റൊരു വാര്‍ത്ത. വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെടുകയും, സമാധി തുറന്ന് ഗോപന്‍ സ്വാമിയുടെ ശരീരം പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചെയ്തു. പിന്നീട് വീട്ടുകാരുടെ താല്‍പ്പര്യപ്രകാരം പ്രത്യേക കല്ലറ തയ്യാറാക്കി ഗോപന്‍ സ്വാമിയെ വീണ്ടും സമാധിയിരുത്തുകയും ചെയ്തു.

2025 തുടക്കം മുതലേ റാപ്പര്‍ വേടനും വിവാദങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. കഞ്ചാവ് കേസ് മുതല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ വിവാദമായി. ഷൊര്‍ണൂര്‍ സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയതും, മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കിണറിനുള്ളില്‍ നിന്നും പിടികൂടിയതും ശ്രദ്ധേയ സംഭവമാണ്.

Nilambur by-election
M Swaraj- P V Anvar -Aryadan Shoukathഫയൽ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്

നിലമ്പൂര്‍ മണ്ഡലത്തില്‍ ഇടതുസ്വതന്ത്രനായി വിജയിച്ച പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവുമായി ഇടഞ്ഞ്, എംഎല്‍എ സ്ഥാനം രാജിവെച്ചത് 2025 ജനുവരിയിലാണ്. ജൂണ്‍ 19 ന് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. യുഡിഎഫിലെ ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫിലെ എം സ്വരാജും തമ്മിലുള്ള പോരാട്ടത്തില്‍, വിജയം ഷൗക്കത്തിനെ തുണച്ചു.

Rahul Mamkootathil
Rahul Mamkootathilഫയൽ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന വെളിപ്പെടുത്തലുകളും, പെണ്‍കുട്ടികളുടെ പരാതിയും പൊലീസ് കേസുമെല്ലാം 2025ലെ ചൂടുള്ള വാര്‍ത്തയായി. കേസെടുത്തതോടെ രാഹുല്‍ ഒളിവിലും പോയി. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യമേഖലയില്‍ കുതിപ്പായി കരുതുന്ന ദേശീയ പാതയുടെ തകര്‍ച്ചയും 2025 ല്‍ കണ്ടു.

chief minister pinarayi vijayan meets governor rajendra arlekar
chief minister pinarayi vijayan, governor rajendra arlekarx

ഗവർണറായി ആർലേക്കർ

സർക്കാരുമായി നിരന്തരം പോരടിച്ച ആരിഫ് മുഹമ്മദ് ഖാൻ മാറിയതോടെ, ​ഗോവ മുൻ മന്ത്രി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിന്റെ 23-മത് ​ഗവർണറായി ജനുവരിയിൽ ചുമതലയേറ്റു. ആർഎസ്എസ് പ്രവർത്തകനാണ് ആർലേക്കർ. തുടക്കത്തിൽ മുഖ്യമന്ത്രിയുമായും സർക്കാരുമായും സഹകരിച്ചു നീങ്ങിയെങ്കിലും, പിന്നീട് പല വിഷയങ്ങളിലും സർക്കാരിനെ നേരിട്ടെതിർക്കാനും ആർലേക്കർ തയ്യാറായി.

നേട്ടങ്ങള്‍ 2025....

Zero Extreme Poverty
Zero Extreme Poverty

അതിദാരിദ്യ മുക്ത സംസ്ഥാനം

നവംബര്‍ 1 ന് കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. 2021ലാണ് സംസ്ഥാന സര്‍ക്കാര്‍ അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞം ആരംഭിച്ചത്. 64,006 കുടുംബങ്ങളെ കണ്ടെത്തി, സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.

Pinarayi Vijayan
Pinarayi Vijayanഫയൽ

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമെന്ന ബഹുമതിയും കേരളം കരസ്ഥമാക്കി. 2025 ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചത്. നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഡിജി കേരള എന്ന ഡിജിറ്റല്‍ ശാക്തീകരണ പദ്ധതിയിലൂടെയാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

വ്യവസായ സൗഹൃദ സംസ്ഥാന പദവി

വ്യവസായ പരിഷ്‌കരണ കര്‍മ്മ പദ്ധതികളിലൂടെ കേരളത്തിന് ഏറ്റവും മികച്ച വ്യവസായസൗഹൃദ സംസ്ഥാനമെന്ന പദവി ലഭിച്ചു. അതിവേഗം വളരുന്നവിഭാഗത്തില്‍ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലില്‍ നിന്ന് നവംബര്‍ 11ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി.

സ്വച്ഛ് റാങ്കിങ് 2025ലും കേരളത്തിന് തിളക്കം

രാജ്യത്തെ നൂറ് ശുചിത്വ നഗരങ്ങളില്‍ കേരളത്തില്‍ നിന്ന് എട്ട് നഗരങ്ങള്‍ ഇടംപിടിച്ചു.സ്വച്ഛ് സുവേഷണ്‍ റാങ്കിങില്‍ ആദ്യമായാണ് കേരളം ഇത്രയും വലിയ നേട്ടമുണ്ടാക്കുന്നത്. കേരളത്തിലെ 93 മുനിസിപ്പാലിറ്റികളില്‍ 82 എണ്ണവും ആദ്യ ആയിരത്തില്‍ ഇടംപിടിച്ചു. രാജ്യത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും മികച്ച പത്ത് ഇടങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.

representational image for Amoebic Encephalitis
Amoebic Encephalitis പ്രതീകാത്മക ചിത്രം

മഹാമാരി...

2019 മുതല്‍ ലോകമാകെയും കേരളത്തെയും പിടിച്ചുലച്ചത് കോവിഡ് ആണെങ്കില്‍ 2025 ല്‍ കേരളം ആരോഗ്യരംഗത്ത് നേരിട്ട വലിയ മഹാമാരിയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 170 അമീബിക് മസ്തിഷ്‌ക ജ്വര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 42 പേരാണ് മരണത്തിന് കീഴടങ്ങിയത്.

സംസ്ഥാനത്ത് ഭയം വിതച്ച മറ്റൊരു രോഗമാണ് ലെപ്റ്റോസ്പൈറോസിസ്. 3259 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 209 പേര്‍ മരണത്തിന് കീഴടങ്ങി.

വിയോഗങ്ങള്‍....

m k sanu
പ്രൊഫ. എം കെ സാനു ഫയല്‍

എം കെ സാനു

പ്രശസ്ത സാഹിത്യ വിമര്‍ശകനും, എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. എം കെ സാനു വിടവാങ്ങിയതും 2025 ലാണ്. സാഹിത്യ രംഗത്തു മാത്രമല്ല, സാമൂഹ്യ- രാഷ്ട്രീയ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് എം കെ സാനുവിന്റേത്. എറണാകുളം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് സാനുമാഷ് വിജയിച്ചിട്ടുണ്ട്.

P Jayachandran
P Jayachandranഫയല്‍

ആരെയും ഭാവഗായകനാക്കും....

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ നമ്മെ വിട്ടു പോയതും 2025 ലാണ്. ജനുവരി 9 ന്, 80-ാം വയസ്സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളികളെ ഗാനപ്രപഞ്ചത്തിന്റെ സാഗരത്തില്‍ ആറാടിച്ച സ്വരമാധുരി. യേശുദാസിനെപ്പോലെ മലയാളികള്‍ നെഞ്ചേറ്റിയ ഭാവഗായകന്‍, ഏതാനും സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

 Shaji N Karun
ഷാജി എന്‍ കരുണ്‍

ഷാജി എന്‍ കരുണ്‍

പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് 2025 ല്‍ വിടവാങ്ങിയ മറ്റൊരു പ്രധാന വ്യക്തിത്വം. കാന്‍സര്‍ ബാധിതനായ ഷാജി എന്‍ കരുണ്‍ 73-ാം വയസ്സിലാണ് അന്തരിച്ചത്. മലയാള സിനിമയിലെ നവതരംഗത്തിന്റെ വക്താക്കളിലൊരാളാണ്. സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.

Sreenivasan
Sreenivasan

സിനിമയിലെ 'ശ്രീ'

ആക്ഷേപഹാസ്യങ്ങളും വിമര്‍ശനങ്ങളും നിറച്ച തൂലിക കൊണ്ട് മലയാള സിനിമയിലൂടെ സാമൂഹിക വിമര്‍ശനത്തിന് പുതിയ മാനം നല്‍കിയ ശ്രീനിവാസന്റെ വിയോഗമാണ് 2025 ന്റെ മറ്റൊരു നഷ്ടം. കഥ-തിരക്കഥ- സംഭാഷണം എന്നിവയ്ക്ക് പുറമെ, നടനായും, സംവിധായകനായും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് ശ്രീനിവാസന്‍. സമൂഹത്തിലെ ദുഷ്ചെയ്തികള്‍ക്കെതിരെ വിമര്‍ശനത്തിന്റെ കൂരമ്പുകളെയ്ത കലാകാരന്‍. ഡിസംബറിന്റെ നഷ്ടമായി ശ്രീനി...

TJS George
TJS George Samakalika Malayalam

പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ ടിജെഎസ് ജോര്‍ജ്, എസ് ജയചന്ദ്രൻ നായർ, ചരിത്രകാരന്‍ എംജിഎസ് നാരായണന്‍, നടന്‍ രവികുമാര്‍, പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ്, നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ നവാസ്, സംവിധായകന്‍ ഷാഫി, വാഴൂര്‍ സോമന്‍ എംഎല്‍എ, ഡോ. കെ കസ്തൂരിരംഗന്‍, ദ്രോണാചാര്യ സണ്ണി തോമസ്, ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ളി വാസു തുടങ്ങിയവര്‍ 2025 ല്‍ വിടപറഞ്ഞവരാണ്.

ഉറ്റുനോക്കിയ കോടതി വിധികള്‍

periya double murder case
കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും ഫയൽ

ടിപി ചന്ദ്രശേഖരന്‍ വധക്കേസിന് ശേഷം കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നാണ് പെരിയ ഇരട്ടക്കൊലപാതകം. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികളെയാണ് കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തിയത്.

sharon murder case
​ഗ്രീഷ്മയും ഷാരോണും ഫയൽ

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ എന്ന പെണ്‍കുട്ടിക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതാണ് മറ്റൊരു പ്രധാന വിധി. കാമുകനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍കുമാറിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടു.

Actress Attacked Case
Actress Attacked Case

നടിയെ ആക്രമിച്ച കേസ്

കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന കേസാണ് കൊച്ചിയില്‍ വാഹനത്തില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട കേസ്. എട്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഡിസംബര്‍ 8 നാണ് എറണാകുളം വിചാരണക്കോടതി വിധി പ്രസ്താവിച്ചത്. പള്‍സര്‍ സുനി അടക്കം ആറു പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി, പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. എട്ടാം പ്രതി സിനിമാനടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ഗൂഡാലോചനയില്‍ പങ്ക് തെളിയിക്കാനായില്ലെന്നു പറഞ്ഞാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. കേസില്‍ വിധി പ്രസ്താവിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ, വിധിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു എന്ന ആക്ഷേപം ഇപ്പോള്‍ ഹൈക്കോടതിക്ക് മുമ്പിലാണ്. വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Summary

Year Ender 2025 : Important events and deaths of prominent leaders in Kerala in 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com