

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കേരളത്തിന്റെ സമരനായകനുമായ വി എസ് അച്യുതാനന്ദന്‍ അനന്തപുരിയോട് വിട ചൊല്ലി. ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷം 2.25 ഓടെയാണ് വിലാപയാത്രയ്ക്കായി മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലേക്ക് മാറ്റിയത്. ദര്‍ബാര്‍ ഹാളില്‍ നിന്നും വിഎസിന്റെ ഭൗതികദേഹം ബസിലേക്ക് മാറ്റുമ്പോഴും, വിപ്ലവനായകനെ ഒരുനോക്കു കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് കാത്തു നിന്നിരുന്നത്.
'കണ്ണേ കരളേ വിയെസ്സേ... ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ.. പാവങ്ങളുടെ പടത്തലവാ... ആരു പറഞ്ഞു മരിച്ചെന്ന്.... ജീവിക്കുന്നു ഞങ്ങളിലൂടെ...' എന്നിങ്ങനെ പ്രവര്‍ത്തകരുടെയും അനുയായികളുടെയും മുദ്രാവാക്യം വിളികള്‍ ദര്‍ഹാര്‍ വളപ്പില്‍ കടലിരമ്പം പോലെ മുഴങ്ങിക്കൊണ്ടിരുന്നു. ദര്‍ബാര്‍ ഹാളില്‍ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലാപയാത്രയ്ക്കായി മൃതദേഹം ബസിലേക്ക് മാറ്റുന്നതുവരെ ഇരുന്നു. ദര്‍ബാര്‍ ഹാളില്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പൊതുദര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, രമേശ് ചെന്നിത്തല തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
ദര്‍ബാര്‍ ഹാളില്‍ നിന്നും ദേശീയപാത വഴിയാണ് വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര പോകുന്നത്. വിലാപയാത്ര കടന്നുപോകുന്ന വഴികളില്‍ തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട വിപ്ലവനായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ജനസഹസ്രങ്ങളാണ് കാത്തു നിന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് മുതിര്‍ന്ന നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 27 പ്രധാന ഇടങ്ങളില്‍ വിഎസിന്റെ ഭൗതികദേഹം പൊതുജനങ്ങള്‍ക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലത്ത് ഏഴിടങ്ങളിലും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ട്.
വിലാപയാത്ര കടന്നുപോകുന്ന വഴികള്‍ -
പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരിക്കുന്നത്.
കൊല്ലം ജില്ലയില്‍ പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാന്‍ഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.
ആലപ്പുഴയില്‍ കെ പി എ സി ജങ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates