

പത്തനംതിട്ട: മകരജ്യോതി ദര്‍ശനത്തിനിടെ സന്നിധാനത്ത് ഉണ്ടാവുമെന്ന് കരുതുന്ന തിരക്ക് കുറയ്ക്കുന്നതിനായി സന്നിധാനത്തിനും പമ്പയ്ക്കും പുറമേ ജില്ലയില്‍ ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം ഒരുക്കുന്നു. നീലിമല അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല, ളാഹ, പഞ്ഞിപ്പാറ എന്നിവിടങ്ങളിലാണ് മകരജ്യോതി കാണാന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കുന്നത്.
ഇതില്‍ പഞ്ഞിപ്പാറ സീതത്തോട് വില്ലേജിലാണ്. ശബരിമല, പമ്പ ഹില്‍ടോപ്, നീലിമല അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, ളാഹ എന്നിവ റാന്നി പെരുനാട് വില്ലേജിലാണ്. അയ്യന്‍മല, നെല്ലിമല എന്നിവ കൊല്ലമുള വില്ലേജിലും.
സന്നിധാനത്ത് മകരജ്യോതി ദര്‍ശനത്തിനായി ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ കാത്തിരിക്കുന്നത് പാണ്ടിത്താവളത്തിലാണ്. പമ്പയില്‍ പൊന്നമ്പലമേട് ശരിയായി കാണാവുന്നത് ഹില്‍ടോപ്പിലാണ്. അവിടെ ജ്യോതി ദര്‍ശനത്തിനായി പ്രത്യേക സുരക്ഷ ഒരുക്കാന്‍ ശബരിമല എഡിഎം സൂരജ് ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
എല്ലാ കേന്ദ്രങ്ങളിലും വെള്ളം, വെളിച്ചം, വൈദ്യസഹായം എന്നിവ ഒരുക്കും. എല്ലായിടത്തും മെഡിക്കല്‍ ടീം, ആംബുലന്‍സ്, സ്ട്രക്ചര്‍ എന്നിവ ഉണ്ടാകും. പര്‍ണശാല കെട്ടി കാത്തിരിക്കുന്നവര്‍ അടുപ്പു കൂട്ടി തീ കത്തിക്കാനോ പാചകം നടത്താനോ പാടില്ലെന്ന് പൊലീസ് നിര്‍ദേശിച്ചു. ബാരിക്കേഡ് മറികടക്കാനോ പൊലീസിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കാനോ പാടില്ല. സുരക്ഷാ ഉപകരണങ്ങളുടെ വൈദ്യുതിബന്ധം തടസ്സപ്പെടുത്തുന്ന ഇടപെടലുകള്‍ ഉണ്ടാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കൂട്ടം തെറ്റിയവര്‍ മൊബൈല്‍ ഫോണിലൂടെ സംഘാംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ അല്‍പം മാറി വീണ്ടും ശ്രമിക്കുക. കൂട്ടുപിരിഞ്ഞാല്‍ തൊട്ടടുത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടാം.
കുട്ടികള്‍ കൂട്ടം വിട്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. കാനനപാത മറികടന്നു മകരജ്യോതി ദര്‍ശനത്തിനു കാട്ടിലേക്ക് ഇറങ്ങുന്നത് ഇഴജന്തുക്കളുടെ ഉപദ്രവത്തിന് കാരണമാകുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates