'വാരിയൻകുന്നത്ത് സ്വാതന്ത്ര്യ സമര സേനാനി; മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരായ സമരം'- മുഖ്യമന്ത്രി

'വാരിയൻകുന്നത്ത് സ്വാതന്ത്ര്യ സമര സേനാനി; മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരായ സമരം'- മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read

തിരുവനന്തപുരം: മലബാർ കാർഷിക കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവർത്തകരെയും സ്വാതന്ത്ര്യ സമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

മലബാർ കാർഷിക കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവർത്തകരെയും സ്വാതന്ത്ര്യ സമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണ്. സ്വാതന്ത്ര്യ സമര സേനാനി ലിസ്റ്റിൽ നിന്ന് കേന്ദ്രം അവരെ നീക്കിയതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് അടിസ്ഥാനം. 

ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു കൂട്ടം ആളുകളാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ഏതെങ്കിലുമൊരു രീതിയിൽ മാത്രം നടന്ന ഒന്നല്ല. അതിൽ സഹന സമരമുണ്ട്, വ്യക്തി സത്യഗ്രഹങ്ങൾ ഉണ്ട്, ബഹുജന മുന്നേറ്റമുണ്ട്, കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് നടത്തിയ സമരമുണ്ട്, ആയുധമേന്തിയ പോരാട്ടങ്ങളുമുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാർടികളും കാഴ്ചപ്പാടുകളും ഇത്തരം സമരങ്ങൾ നടത്തുമ്പോൾ അവയ്ക്കെല്ലാം ഒറ്റ ലക്ഷ്യമാണുണ്ടായത്. ബ്രിട്ടീഷുകാരെ ഈ രാജ്യത്ത് നിന്ന് പുറത്താക്കുകയെന്നതാണ്. 

അതിനു ശേഷം ഏതുതരത്തിലുള്ള ഭരണ സംവിധാനമാണ് ഉണ്ടാക്കേണ്ടെതെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ പലർക്കും ഉണ്ടായിരുന്നു. അങ്ങനെ അഭിപ്രായങ്ങൾ പുലർത്തിയതുകൊണ്ട് അവർ സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമല്ലെന്ന് നിശ്ചയിക്കാൻ ആർക്കും അവകാശമില്ല. ഈ പൊതുകാഴ്ചപ്പാടാണ് ഇക്കാര്യത്തിൽ നാം സ്വീകരിക്കേണ്ടത്.

മലബാർ കലാപമെന്ന് ആ സമരത്തെ അന്ന് വിളിച്ചത് മുഹമ്മ് അബ്ദുൾ റഹിമാനായിരുന്നു. അതിനകത്തെ കാർഷിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മലബാറിലെ കാർഷിക കലാപമെന്നും കമ്മ്യൂണിസ്റ്റുകാർ വിലയിരുത്തി. 

1921 ലെ മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നെന്ന് ആർക്കും നിഷേധിക്കാനാവില്ല. അതോടൊപ്പം തന്നെ ബ്രിട്ടീഷുകാരുടെ സഹായികളായി വർത്തിച്ച ജൻമിമാർക്കെതിരായുള്ള സമരമായും അത് വികസിക്കുകയായിരുന്നു. ചില മേഖലകളിൽ മലബാർ കലാപത്തെ തെറ്റായ നിലയിലേക്ക് ചിലർ കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. അതിനെ ആ നിലയിൽ തന്നെ കാണേണ്ടതുണ്ട്. 

വാരിയൻകുന്നത്താവട്ടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൻറെ ഭാഗമായി അവരെ സഹായിച്ച എല്ലാ മതസ്തരെയും അതിൻറെ പേരിൽ എതിർത്തിട്ടുണ്ടെന്നത് ചരിത്ര യാഥാർത്ഥ്യമാണ്. ഖാൻ ബഹുദൂർ ചേക്കുട്ടി, തയ്യിൽ മൊയ്തീൻ തുടങ്ങിയവരെ ഉൾപ്പെടെ കൊലപ്പെടുത്തുകയാണ് അവർ ചെയ്തത്. അതേസമയം നിരപരാധികളെ കൊലപ്പെടുത്തുകയും മറ്റും ചെയ്യുന്നവർക്കെതിരെ ശക്തമായ നിലപാടാണ് വാരിയൻകുന്നത്ത് സ്വീകരിച്ചിരുന്നതെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. മലബാർ കലാപത്തെക്കുറിച്ച് എഴുതിയ മാധവമേനോനെ വാരിയൻകുന്നത്ത് സന്ദർശിക്കുന്ന സന്ദർഭം അദ്ദേഹം എഴുതുന്നുണ്ട്. അവിടെ നടന്ന തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ചപ്പോൾ അവ അവസാനിപ്പിക്കാൻ തന്നെയാണ് താൻ വന്നതെന്ന് വാരിയൻകുന്നത്ത് പറഞ്ഞതായി മാധവ മേനോൻ രേഖപ്പെടുത്തുന്നുണ്ട്. 

സർദാർ ചന്ദ്രോത്ത് 1946 ൽ ദേശാഭിമാനിയിൽ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചു നിർത്തിക്കൊണ്ടുള്ള രാജ്യമെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചത്. മതരാഷ്ട്രവാദം തൻറെ ലക്ഷ്യമേയല്ലെന്ന് അദ്ദേഹം പറഞ്ഞ കാര്യം ചന്ദ്രോത്ത് രേഖപ്പെടുത്തുന്നുണ്ട്. 

മലബാർ കലാപം ഹിന്ദു- മുസ്ലീം സംഘർഷത്തിൻറേതാണെന്ന പ്രചരണം രാജ്യത്തെമ്പാടും വന്നപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് വാരിയൻകുന്നത്ത് എഴുതിയ കത്ത് ഹിന്ദു പത്രം അടുത്ത കാലത്ത് തന്നെ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഈ ആരോപണത്തെ ശക്തമായി വാരിയൻകുന്നത്ത് നിഷേധിക്കുന്നുണ്ട്. 

ഇ മൊയ്തു മൗലവിയുടെ ആത്മകഥയിലും വാരിയൻകുന്നത്തിനെ വർഗീയവാദിയായി ചിത്രീകരിക്കുന്ന രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബ്രിട്ടീഷ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും മതരാഷ്ട്രവാദത്തെ എതിർക്കാനും വിഭിന്നമായ നീക്കങ്ങളെ തടയാനും ശിക്ഷിക്കാനും മുന്നിട്ട് നിന്നതാണ് വാരിയൻകുന്നത്തിൻറെ പാരമ്പര്യമെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com