Malappuram death: 'അസ്മ പുറത്തിറങ്ങുന്നത് കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രം, ആശാവര്‍ക്കര്‍ ചോദിച്ചപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് പറഞ്ഞു'; മരണത്തില്‍ അടിമുടി ദുരൂഹത

പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
malappuram home birth death investigation; updation
അസ്മ, സിറാജുദ്ദീൻ
Updated on
1 min read

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മുപ്പത്തിയഞ്ചുകാരിയായ അസ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

അതേസമയം അസ്മയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. സിറാജുദ്ദീനും അസ്മയും അക്യുപംക്ചര്‍ ചികിത്സയില്‍ ബിരുദം നേടിയവരാണ്. അക്യുപംക്ചര്‍ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നോ മരണം എന്നതടക്കം പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം. മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ കുടുംബം ഒന്നര വര്‍ഷമായി താമസിക്കുന്നുണ്ടെങ്കിലും അയല്‍വാസികളുമായി സിറാജുദ്ദീനും അസ്മയ്ക്കും സൗഹൃദം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സിറാജുദ്ദീന്റെ പേരും വീട്ടില്‍ എത്ര കുട്ടികളുണ്ടെന്നതും ഇന്നലെ വാര്‍ത്ത വരുമ്പോഴാണു തൊട്ടടുത്ത അയല്‍വാസികള്‍ പോലും അറിയുന്നത്.

കാസര്‍കോട്ട് മതാധ്യാപകനാണെന്നാണു സിറാജുദ്ദീന്‍ താമസത്തിനു വന്ന സമയത്തു പറഞ്ഞിരുന്നത്. പ്രഭാഷണത്തിനും പോകാറുണ്ട്. 'മടവൂര്‍ കാഫില'യെന്ന പേരില്‍ 63,500 പേര്‍ സബ്‌സ്‌ക്രൈബ് ചെയ്ത യുട്യൂബ് ചാനല്‍ നടത്തിപ്പുകാരന്‍ കൂടിയാണ് സിറാജുദ്ദീന്‍. അസ്മ കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രമാണു പുറത്തിറങ്ങുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.

ജനുവരിയില്‍ ആശാവര്‍ക്കര്‍ വീട്ടിലെത്തി, ഗര്‍ഭിണിയാണോയെന്ന് അസ്മയോട് അന്വേഷിച്ചിരുന്നു. വീട്ടില്‍നിന്നു പുറത്തിറങ്ങാതെ, ജനലിലൂടെ അല്ലെന്നു മറുപടി നല്‍കി. എന്നാല്‍, കഴിഞ്ഞ ദിവസം അയല്‍വാസികള്‍ അന്വേഷിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്നും 8 മാസമായെന്നും പറഞ്ഞിരുന്നു.

ശനിയാഴ്ച വൈകീട്ട് കുഞ്ഞ് ജനിച്ചതായി സിറാജുദ്ദീന്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. വൈകുന്നേരം വീടിനു സമീപം ഇയാളെ കണ്ടവരുണ്ട്. വാടകയ്ക്കു താമസിക്കുന്ന വീട്ടിലേക്കു കാര്‍ വരാനുള്ള വഴിയില്ലാത്തതിനാല്‍ സമീപത്തെ വീട്ടിലാണു നിര്‍ത്തിയിടുന്നത്. എട്ടു മണിയോടെ സിറാജുദ്ദീന്‍ കാര്‍ എടുത്തിരുന്നതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍, ആംബുലന്‍സ് വിളിച്ചതും മൃതദേഹം അതിലേക്കു കയറ്റിയതും എപ്പോഴാണെന്നു വ്യക്തമല്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. ഭാര്യയ്ക്കു ശ്വാസതടസ്സമാണെന്നാണു ആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞിരുന്നത്.

പ്രസവത്തെത്തുടര്‍ന്നു രക്തസ്രാവമുണ്ടായെന്നും വൈദ്യസഹായം തേടാന്‍ ഭര്‍ത്താവ് തയാറായില്ലെന്നുമാണു യുവതിയുടെ വീട്ടുകാരുടെ പരാതി. പ്രസവ ശുശ്രൂഷയില്‍ പരിചയമുള്ള സ്ത്രീയുടെ സഹായം തേടിയിരുന്നതായി സിറാജുദ്ദീന്‍ യുവതിയുടെ ബന്ധുക്കളോട് പറയുന്നുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com