'വന്യമായ ഭീകരതയോടെ ചൂളം കുത്തി കാറ്റ് ആഞ്ഞടിച്ചു, പറന്ന് പോകുമോ എന്ന് ഭയന്ന് മക്കളെ ചേര്‍ത്തുപിടിച്ച് കിടന്നു; ഭീതിയുടെ 24 മണിക്കൂര്‍' - വീഡിയോ

 ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് കടന്നുപോയെങ്കിലും  കച്ച്- സൗരാഷ്ട്ര മേഖലയിലുള്ളവരുടെ ഭീതി ഇപ്പോഴും പൂര്‍ണമായി വിട്ടുമാറിയിട്ടില്ല
ശില്‍പ/ ഫെയ്സ്ബുക്ക്
ശില്‍പ/ ഫെയ്സ്ബുക്ക്
Updated on
3 min read

അഹമ്മദാബാദ്:  ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് കടന്നുപോയെങ്കിലും  കച്ച്- സൗരാഷ്ട്ര മേഖലയിലുള്ളവരുടെ ഭീതി ഇപ്പോഴും പൂര്‍ണമായി വിട്ടുമാറിയിട്ടില്ല. മണിക്കൂറുകളോളം ജനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചുഴലിക്കാറ്റ് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല എന്നത് ഇതിന്റെ രൗദ്രത വ്യക്തമാക്കുന്നതാണ്.  ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവം വിവരിച്ച് കച്ചില്‍ താമസിക്കുന്ന മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ ശില്‍പ വസന്ത ശശി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

ഈ അനുഭവങ്ങള്‍ പങ്കു വെയ്ക്കാന്‍ ഇന്ന് ബാക്കി ഉണ്ടാവുമോ എന്ന് നിശ്ചയമില്ലാതിരുന്ന ഇരുപത്തി നാല് മണിക്കൂറിലൂടെയാണ് കടന്നു പോയതെന്ന് ശില്‍പ പറയുന്നു.' രാത്രി പന്ത്രണ്ട് മണി ഒക്കെ ആയപ്പോഴേക്കും ഭൂമിയില്‍ ഒന്നും ബാക്കി വെയ്ക്കില്ല എന്ന വാശിയോടെ എന്നപോലെ വന്യമായ ഭീകരതയോടെ ചൂളം കുത്തി കാറ്റ് ആഞ്ഞടിച്ചു. കുഞ്ഞുങ്ങളേയും ചേര്‍ത്ത് പിടിച്ചു കിടന്ന എന്നെ കാറ്റില്‍ പട പട ശബ്ദത്തോടെ കിടുങ്ങി വിറച്ചു കൊണ്ടിരുന്ന വാതിലുകളും ജനലുകളുമെല്ലാം പേടിപ്പെടുത്തി. ജനലോ, വാതിലോ ഒന്ന് തുറന്നു പോയാല്‍ ആ കൂടെ നമ്മളും പറന്ന് പോയേക്കാം എന്ന് തോന്നി.കാറ്റിന്റെ ശക്തിയില്‍ വാതിലും ജനലും മാത്രമല്ല വീട് തന്നെ മുഴുവനായി പറന്ന് പോകുമോ എന്ന് ഞാന്‍ ഭയന്നു.'- ശില്‍പയുടെ വാക്കുകള്‍


'ഓരോ നിമിഷങ്ങളും എണ്ണിയെണ്ണി തീര്‍ത്തു കൊണ്ടിരുന്ന ഞാന്‍ ആ രാത്രി എത്രയും വേഗം ഒന്ന് തീരാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.നേരം വെളുത്തിട്ടും കരുതിയത് പോലെ മാറ്റമൊന്നുമില്ലാതെ കാറ്റും മഴയും തുടര്‍ന്നു.പുറത്തെന്തൊക്കെ സംഭവിച്ചു എന്ന് പോലും അറിയാതെ ഞങ്ങള്‍. ഡ്യൂട്ടി ടൈമ് തീര്‍ന്നെങ്കിലും ടൗണ്‍ഷിപ്പിലേക്ക് വരാന്‍ പറ്റാതെ എന്റെ ഭര്‍ത്താവും സഹപ്രവര്‍ത്തകരും. ഈ അവസ്ഥയ്‌ക്കൊരു മാറ്റമില്ലേ എന്നോര്‍ത്ത് ആധിപിടിച്ച് ഞാനും കുട്ടികളും അച്ഛനുമമ്മയും'- ശില്‍പ കുറിച്ചു.

കുറിപ്പ്: 

ആ നിമിഷങ്ങള്‍..
(Disclaimer: കുറച്ച് നീണ്ട പോസ്റ്റ് ആണ്. പറ്റുന്നവര്‍ മാത്രം വായിക്കുക )
ചുഴലി കാറ്റ്, പേമാരി, വെള്ളപ്പൊക്കം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എങ്ങോ, എവിടെയോ സംഭവിക്കുന്ന, എന്നെ സ്പര്‍ശിക്കാതെ കടന്നു പോകുന്ന എന്തൊക്കെയോ സംഭവങ്ങള്‍ എന്ന് വിചാരിച്ചിരുന്ന ഒരു ഞാന്‍ ഉണ്ടായിരുന്നു.. ഏകദേശം രണ്ട് ദിവസം മുന്‍പ് വരെ.
അല്ലെങ്കിലും നമ്മള്‍ അനുഭവിക്കുന്നത് വരേയ്ക്കും എല്ലാ കഥകളും നമുക്ക് കെട്ടുകഥകള്‍ മാത്രമാണല്ലോ.
ഈ അനുഭവങ്ങള്‍ പങ്കു വെയ്ക്കാന്‍ ഇന്ന് ബാക്കി ഉണ്ടാവുമോ എന്ന് നിശ്ചയമില്ലായിരുന്ന ഇരുപത്തി നാല് മണിക്കൂറിലൂടെയാണ് ഞങ്ങള്‍ കടന്നു പോയത്.
ആ അപകടാവസ്ഥ ഇപ്പോള്‍ മാറിയോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.എങ്കിലും ഇപ്പോഴൊരു ശാന്തതയുണ്ട്,സമാധാനമുണ്ട്. ചെവിയില്‍ നിന്ന് ഭീതിപ്പെടുത്തുന്ന കൊടുംകാറ്റിന്റെ മൂളല്‍ ഇപ്പോഴും പൂര്‍ണ്ണമായും മാറിയിട്ടില്ല.
രണ്ട് ദിവസമായി തുടരുന്ന കാറ്റ് കനത്തതും, അന്തരീക്ഷത്തിന്റെ സ്വഭാവം പ്രത്യക്ഷത്തില്‍ തന്നെ മാറി മറിഞ്ഞതും ഇന്നലെ 15.06.23 രാത്രി ആറര-ഏഴു മണിയോട് കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍ ബിപര്‍ജോയ് ചുഴലികാറ്റ് കര തൊട്ട നിമിഷം മുതല്‍. അതുവരെ ഇരുണ്ടു മൂടി കെട്ടിയിരുന്ന മഴമേഘങ്ങള്‍ എല്ലാം ഒരുമിച്ച് മത്സരിച്ച് പെയ്ത് തുടങ്ങി. ഞാനിത് വരെ കണ്ടിട്ടോ കേട്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്തതരം അതി ഭീകരമായ ഹൂങ്കാരം മുഴക്കിയുള്ള കാറ്റ് ആഞ്ഞടിച്ചു.
രാത്രി ഏഴരയ്ക്ക് എന്റെ ഭര്‍ത്താവ് ഡ്യൂട്ടിക്ക് പോയി, ഠഅഠഅ പവറില്‍ ആണ്. ഏത് അടിയന്തിര സാഹചര്യം ആണെങ്കിലും അവര്‍ക്ക് പോയല്ലേ പറ്റൂ,അവര്‍ ജോലിക്ക് പോയില്ലെങ്കില്‍ ഇന്ത്യയില്‍ പലയിടവും ഇരുട്ടിലാകും. അതിന് ശേഷം ഓരോ നിമിഷവും കാറ്റ് കൂടി കൂടി വന്നു.
രാത്രി പന്ത്രണ്ട് മണി ഒക്കെ ആയപ്പോഴേക്കും ഭൂമിയില്‍ ഒന്നും ബാക്കി വെയ്ക്കില്ല എന്ന വാശിയോടെ എന്നപോലെ വന്യമായ ഭീകരതയോടെ ചൂളം കുത്തി കാറ്റ് ആഞ്ഞടിച്ചു. കുഞ്ഞുങ്ങളേയും ചേര്‍ത്ത് പിടിച്ചു കിടന്ന എന്നെ കാറ്റില്‍ പട പട ശബ്ദത്തോടെ കിടുങ്ങി വിറച്ചു കൊണ്ടിരുന്ന വാതിലുകളും ജനലുകളുമെല്ലാം പേടിപ്പെടുത്തി. ജനലോ, വാതിലോ ഒന്ന് തുറന്നു പോയാല്‍ ആ കൂടെ നമ്മളും പറന്ന് പോയേക്കാം എന്ന് തോന്നി.കാറ്റിന്റെ ശക്തിയില്‍ വാതിലും ജനലും മാത്രമല്ല വീട് തന്നെ മുഴുവനായി പറന്ന് പോകുമോ എന്ന് ഞാന്‍ ഭയന്നു.
എവിടെയൊക്കെയോ മരങ്ങള്‍ കടപുഴക്കുന്നതിന്റെയും, എന്തൊക്കെയോ ഒടിഞ്ഞു വീഴുന്നതിന്റെയുമൊക്കെ ഒച്ച. Vibin Nadh ന് മെസ്സേജ് അയച്ചപ്പോള്‍ അവിടെ കമ്പനിയിലെ ഷീറ്റ് ഇട്ട പല കെട്ടിടങ്ങളിലേയും ഷീറ്റ് പറന്ന് പോയി നാശ നഷ്ടം സംഭവിച്ചു എന്നറിയാന്‍ കഴിഞ്ഞു. 'പേടിക്കേണ്ട, രാവിലെയാകുമ്പോഴേക്കും മാറും' എന്ന് എന്നെ ഒരോ നിമിഷവും ആള് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നെങ്കിലും എന്റെ സമാധാനത്തിന്  അത്രയും ദൂരെയിരുന്നുള്ള ആ വാക്കുകള്‍ പര്യാപ്തമല്ലായിരുന്നു.
വീടിന് പുറത്ത് എന്തൊക്കെയോ വീഴുന്ന, പൊട്ടി തെറിക്കുന്ന ശബ്ദങ്ങള്‍. ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ചെവി പൊത്തി പിടിച്ചു കണ്ണ് മുറുക്കി അടച്ചു കിടക്കുന്ന എന്റെ കുഞ്ഞുങ്ങള്‍. രണ്ടുപേരെയും ചേര്‍ത്ത് പിടിച്ചു അവരുടെ കാതുകളില്‍ എന്റെ കൈ കൊണ്ട് വെച്ച് ശബ്ദം കേള്‍ക്കാതിരിക്കാന്‍ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്ക് രണ്ടു കൈകള്‍ പോരായെന്നു തോന്നി.അവര്‍ എണീറ്റ് ഈ ഭീകരാവസ്ഥ കണ്ട് പേടിക്കല്ലേ എന്നായിരുന്നു ഉള്ളില്‍. അതിനിടയില്‍ ഭിത്തിയുടെ മുകളിലായുള്ള ഗ്ലാസ്സ് വിന്‍ഡോ പൊട്ടി അതിലൂടെ വെള്ളം റൂമിലേക്ക് വീണു കൊണ്ടിരുന്നു..
ഓരോ നിമിഷങ്ങളും എണ്ണിയെണ്ണി തീര്‍ത്തു കൊണ്ടിരുന്ന ഞാന്‍ ആ രാത്രി എത്രയും വേഗം ഒന്ന് തീരാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
നേരം വെളുത്തിട്ടും കരുതിയത് പോലെ മാറ്റമൊന്നുമില്ലാതെ കാറ്റും മഴയും തുടര്‍ന്നു.പുറത്തെന്തൊക്കെ സംഭവിച്ചു എന്ന് പോലും അറിയാതെ ഞങ്ങള്‍. ഡ്യൂട്ടി ടൈമ് തീര്‍ന്നെങ്കിലും ടൗണ്‍ഷിപ്പിലേക്ക് വരാന്‍ പറ്റാതെ എന്റെ ഭര്‍ത്താവും സഹപ്രവര്‍ത്തകരും. ഈ അവസ്ഥയ്‌ക്കൊരു മാറ്റമില്ലേ എന്നോര്‍ത്ത് ആധിപിടിച്ച് ഞാനും കുട്ടികളും അച്ഛനുമമ്മയും.
മുന്ദ്രയില്‍ താമസിക്കുന്ന എന്റെ സഹപ്രവര്‍ത്തകരെ ഇതിനിടയില്‍ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ആരുമായും സംസാരിക്കാന്‍ സാധിച്ചില്ല.  കഴിഞ്ഞ രണ്ട് ദിവസമായി മുന്ദ്രയിലും പരിസര പ്രദേശങ്ങളിലുമെല്ലാം വൈദ്യുതിയില്ല . റ്റാറ്റാ  ടൗണ്‍ഷിപ്പില്‍ താമസിക്കുന്നത് കൊണ്ട് മാത്രം ഞങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്ന ലക്ഷ്വറി ആണ് ഇത്രെയും എമര്‍ജന്‍സി സിറ്റുവേഷനിലും വിച്ഛേദിക്കപ്പെടാത്ത വൈദ്യുതി.ഇതിനിടയില്‍ 
ബാങ്ക് തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ യാതൊരു വിധ റിസ്‌ക്കും എടുക്കേണ്ട എന്ന് പറഞ്ഞു സോണല്‍ മാനേജര്‍ തന്നെ നേരിട്ട് കോണ്‍ടാക്ട് ചെയ്ത് സ്ഥിതി ഗതികള്‍ വിലയിരുത്തിയത് എന്നിലെ ബാങ്കുദ്യോഗസ്ഥയ്ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല.
ഏകദേശം ഉച്ചയായപ്പോഴേക്കും പറഞ്ഞത് പോലെ കാറ്റിന്റെ ശക്തി കുറഞ്ഞു. അതിന്റെ ഗതി മാറി. മഴ തുടര്‍ച്ചയായി പെയ്തുകൊണ്ടിരിന്നെങ്കിലും കാറ്റ് നിന്നത് തന്നെ വലിയൊരു ആശ്വാസമാണ്. കാലാവസ്ഥ അനുകൂലമായപ്പോള്‍ 
ജോലിക്ക് പോയി ഏകദേശം ഇരുപത് മണിക്കൂറുകള്‍ക്ക് ശേഷം എന്റെ ഭര്‍ത്താവും സഹപ്രവര്‍ത്തകരും   തിരിച്ചെത്തി.
ഇപ്പോഴും  ഇന്നലെ രാത്രി തൊട്ട് ഇന്ന് ഉച്ച വരെ ഉള്ള ആ നിമിഷങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു യുഗം കടന്ന് പോയ പോലെയാണ്  തോന്നുന്നത്..ജീവിതത്തില്‍ ഏറ്റവുമധികം ഭീതിപ്പെടുത്തിയ ഒരു ദിവസം. ഇതെല്ലാം ഞാന്‍ ഇപ്പോഴും പങ്കു വെയ്ക്കുന്നത് എന്റെ വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്നാണ്.  എനിക്ക് കൃത്യമായി ഭക്ഷണവും, വെള്ളവും,അവശ്യസാധനങ്ങളും, മുടങ്ങാത്ത വൈദ്യുതിയും, ഇടയ്ക്കിടെ നഷ്ടപ്പെട്ടെങ്കിലും തിരിച്ചെത്തുന്ന നെറ്റ്വര്‍ക്കും ഒക്കെ ഉള്ളത് കൊണ്ടാണ്. ഇതൊന്നുമില്ലാതെ ലക്ഷക്കണക്കിന് പേര് പല ദുരിതാശ്വാസ കേന്ദ്രങ്ങളിലും വീടുകളിലുമെല്ലാം കഴിയുന്നു. കറന്റില്ലാതെ, വെള്ളമില്ലാതെ, ഉടുത്ത് മാറാന്‍ വസ്ത്രവും, കഴിക്കാന്‍ ഭക്ഷണവുമില്ലാതെ കഴിയുന്നവരുണ്ടാകാം.
തിരിച്ചെത്തുമ്പോള്‍  കാത്തു വെച്ച് പോയതെല്ലാം ബാക്കി ഉണ്ടോ എന്നറിയാത്തവര്‍. അടയാളങ്ങളൊന്നും ശേഷിപ്പിക്കാതെ 'ബിപര്‍ജോയ് ' എല്ലാം കവര്‍ന്നെടുത്തതറിയാതെ വീടെത്താന്‍ വീര്‍പ്പു മുട്ടുന്നവരുണ്ടാകും, ജീവന് തുല്യം സ്‌നേഹിക്കുന്ന വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവരുണ്ടാകും.. അങ്ങനെ ഈ ഒരു കാറ്റ് തേച്ചു മാച്ചു കളഞ്ഞത്,ഗതി മാറ്റി വിട്ടത് ഒത്തിരിയേറെ ജീവിതങ്ങളുടെ സ്വാഭാവിക ഒഴുക്കിനെ കൂടിയാണ്..എല്ലാ ദുരന്തങ്ങളും അങ്ങനെ തന്നെയാണ്. ഒരു നിമിഷം കൊണ്ട് മാറ്റി എഴുതുന്നത് ഓരോ ജീവിത കഥകള്‍ തന്നെയാണ്.
ഈ രണ്ടു ദിവസം കൊണ്ട് എന്നോട് സുഖാന്വേഷണങ്ങള്‍ നടത്തിയ ഒത്തിരി പേര് ഉണ്ട്. മെസ്സേജുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും എന്റെയും കുടുംബത്തിന്റെയും സുരക്ഷിതത്വം അന്വേഷിച്ചവര്‍.ഭൂരിഭാഗം പേരും എന്നെ കണ്ടിട്ട് കൂടി ഇല്ലാത്തവര്‍.നിങ്ങളോടൊക്കെ എന്ത് പറഞ്ഞാലാണ് പകരമാവുക എന്നെനിക്കറിയില്ല.എല്ലാവര്‍ക്കും തന്നെ കൃത്യമായി മറുപടി കൊടുത്തു എന്നാണ് എന്റെ വിശ്വാസം . ആരെ എങ്കിലും അറിയാതെ വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം .നിങ്ങള്‍ ഏവരും എനിക്ക് വേണ്ടി മാറ്റി വെച്ച ആ ഒരു നിമിഷം എനിക്ക് വളരെയേറെ വിലപ്പെട്ടതാണ്..
എല്ലാവരോടും സ്‌നേഹം അറിയിക്കുന്നു.. അതേ നിങ്ങളുടെ കച്ചിലെ കൊച്ചും കുടുംബവും ഈ നിമിഷം സുരക്ഷിതര്‍ ആണ്.. അടുത്ത നിമിഷം എന്താകുമെന്ന് നിങ്ങളെ പോലെ തന്നെ എനിക്കും അറിയില്ല..അല്ലെങ്കിലും എല്ലാത്തിന്റെയും അവസാനം നമ്മള്‍ ജീവിക്കുന്ന 'ഈ ഒരു നിമിഷം' അത് തന്നെയാണല്ലോ വിലപ്പെട്ടത്.. ജീവനോടെ ഇരിക്കുന്ന ഈ നിമിഷത്തിന് നന്ദിയോടെ...

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com