

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ എതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
ഡല്‍ഹിയില്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയപ്പോഴാണ് റിജാസ് അറസ്റ്റിലാകുന്നത്. ബിഎന്‍എസ് 149,192 , 351, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തെന്നും കേസുണ്ട്.
കേരള സര്‍വകലാശാലയില്‍ പഠിച്ച റിജാസ് കേരളം ആസ്ഥാനമായുള്ള വാര്‍ത്താ പ്ലാറ്റ്ഫോമായ മക്തൂബിലും കൗണ്ടര്‍ കറന്റ്സിലും സ്ഥിരമായി എഴുതുന്നയാളാണ്. പൊലീസ് അതിക്രമങ്ങളും ജയിലുകളിലെ മനുഷ്യാവകാശലംഘനങ്ങളും ഉള്‍പ്പടെയുള്ള വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ പത്തുദിവസത്തിനുലഅളില്‍ റിജാസിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ എഫ്‌ഐആര്‍ ആണിതെന്നും പൊലീസ് പറയുന്നു. ജയിലില്‍ അടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മോചനം ആവശ്യപ്പെട്ട് നടന്ന ഒരു പരിപാടിയില്‍ പെങ്കെടുത്ത ശേഷം വരികയായിരുന്നു റിജാസ്.
കേന്ദ്രസര്‍ക്കാര്‍ യുഎപിഎ പ്രകാരം നിരോധിച്ച സിപിഐ മാവോയിസ്റ്റ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമാണ് റിജാസ് എന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ റിജാസിനെ മെയ് 13 വരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ നാഗ്പൂരില്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയെയും ഛത്തീസ്ഗഡിലെ ആദിവാസി പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നടത്തുന്ന ഓപ്പറേഷന്‍ കഗാര്‍ എന്ന പേരിലുള്ള സൈനിക നടപടിയെയും റിജാസ് വിമര്‍ശിച്ചു. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും കുട്ടികളെ കൊല്ലുന്നത് നീതി നല്‍കുമോയെന്നും റിജാസ് പറഞ്ഞതായും എഫ്ഐആറില്‍ പറയുന്നു.
ഏപ്രില്‍ 29 ന് കൊച്ചിയില്‍ നടന്ന കശ്മീര്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അദ്ദേഹത്തിനും മറ്റ് ചിലര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടെന്ന് ആരോപിച്ച് വീടുകള്‍ പൊളിച്ചുമാറ്റിയതിനെതിരെ നടത്തിയ പ്രതിഷേധത്തിലും ഇയാള്‍ പങ്കെടുത്തു. വീടുകള്‍ പൊളിച്ചുമാറ്റുന്നത് സമീപകാല സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഇവരുടെ വാദം. 2023ല്‍ കളമശേരി സ്‌ഫോടനം റിപ്പോര്‍ട്ടു ചെയ്തതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
അറസ്റ്റിനിടെ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ മൂന്ന് പുസ്തകങ്ങളുണ്ടായിരുന്നു: ഹി ഹു ഡിഫൈഡ് ഡെത്ത്: ലൈഫ് ആൻഡ് ടൈംസ് ഓഫ് പ്രൊഫ. ജിഎൻ സായിബാബ, ദി ഗ്രേറ്റ് ലെഗസി ഓഫ് മാർക്സിസം-ലെനിനിസം: ലെനിൻ ഓൺ ദി സോഷ്യലിസ്റ്റ് സ്റ്റേറ്റ്, ഒൺലി പീപ്പിൾ മേക്ക് ദെയർ ഓൺ ഹിസ്റ്ററി. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒന്നിൽ രണ്ട് തോക്കുകൾ പിടിച്ച് റിജാസ് പോസ് ചെയ്തതായി പറയപ്പെടുന്ന ഒരു ടീ-ഷർട്ടും പൊലീസ് പിടിച്ചെടുത്തു.
റെജാസിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നതനുസരിച്ച്, വിദ്യാര്‍ത്ഥിയായിരിക്കെ, അദ്ദേഹം ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗമായിരുന്നു. പിന്നീട് തീവ്ര ഇടതുപക്ഷ ചായ്വുള്ളതായി കരുതപ്പെടുന്ന ഒരു സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ ചേര്‍ന്നു. റിജാസിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും പൊലീസ് പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
