

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഭീതിപരത്തിയ കാട്ടാന തണ്ണീർക്കൊമ്പനെ മയക്കുവെടിവച്ചു. രണ്ടാമത്തെയും നാലാമത്തെയും മയക്കുവെടിയാണ് ആനയ്ക്കേറ്റത്. വെടിയേറ്റ ആന മയങ്ങിത്തുടങ്ങി. ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് അനിമൽ ആംബുലൻസിൽ കയറ്റാനുള്ള നടപടി ആരംഭിച്ചു. ബന്ദീപ്പൂർ വനമേഖലയിലേക്കായിരിക്കും ആനയെ കൊണ്ടുപോവുക.
ആനയുടെ വലത്തെ കാലിനാണ് വെടിയേറ്റത്. വെടിയേറ്റെങ്കിലും ആന പരിഭ്രമിച്ച് ഓടിയില്ല. മയക്കുവെടിയേറ്റ സ്ഥലത്തുതന്നെ തുടരുന്ന ആനയുടെ അടുത്തേക്ക് കുങ്കിയാനകളെ എത്തിക്കും. വിക്രം, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ ഉപയോഗിച്ചായിരിക്കും തണ്ണീർക്കൊമ്പനെ ആംബുലൻസിൽ കയറ്റുക. ആനയുടെ ആരോഗ്യനില പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് വൈദ്യസംഘം.
12 മണിക്കൂറായി കാട്ടാന മാനന്തവാടി ടൗണിനെ ഭീതിയിലാക്കാന്‍ തുടങ്ങിയിട്ട്. തുടര്‍ന്ന് മാനന്തവാടിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിറങ്ങിയത്.
കാട്ടാന കര്‍ണാടക വനമേഖലയില്‍ നിന്നാണ് തണ്ണീര്‍ കൊമ്പന്‍ എത്തിയത്. ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്നും കഴിഞ്ഞ ജനുവരി 16 ന് കര്‍ണാടക വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ ആനയാണിത്. പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം ഒറ്റയാനെ ബന്ദിപ്പൂരിനടുത്ത് മൂലഹൊള്ളയില്‍ തുറന്നു വിടുകയായിരുന്നു. ഇവിടെ നിന്നാണ് ആന മാനന്തവാടിയിലെത്തിയത്. ആന അക്രമാസക്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates