'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

രണ്ടര വർഷത്തെ ടേം വ്യവസ്ഥയോട് യോജിക്കാനാകില്ലെന്നും കാപ്പൻ
മാണി സി കാപ്പൻ
മാണി സി കാപ്പൻ, വി ഡി സതീശൻ/ ടെലിവിഷൻ ദൃശ്യം
Updated on
2 min read

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മന്ത്രിസ്ഥാനത്തെച്ചൊല്ലി ഉയർന്ന ടേം വ്യവസ്ഥയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് സ്വതന്ത്ര എംഎൽഎ മാണി സി. കാപ്പൻ. ഇതാണോ 'ടീം യുഡിഎഫ്' എന്ന് ചോദിച്ച കാപ്പൻ, എല്ലാവരെയും ഉൾക്കൊള്ളിച്ചാകണം മുന്നണി മുന്നോട്ട് പോകേണ്ടതെന്നും വ്യക്തമാക്കി. മേജർ ആർച്ച് ബിഷപ്പ് കാർഡിനൽ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച നടന്ന യുഡിഎഫ് യോഗത്തിൽ തനിക്ക് രണ്ടര വർഷത്തെ മന്ത്രിസ്ഥാനമാണ് വാഗ്ദാനം ചെയ്തതെന്നും, അതിന് ശേഷം കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബിന് സ്ഥാനം കൈമാറണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചതെന്നും കാപ്പൻ വെളിപ്പെടുത്തി.

മാണി സി കാപ്പൻ
'തകർച്ച നേരിട്ട ഒരു സംസ്ഥാനത്തും സിപിഎം ഇതുവരെ തിരിച്ചു വന്നിട്ടില്ല; ഇനി പോരാട്ടം ബിജെപിയും കോൺ​ഗ്രസും തമ്മിൽ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ കേരളം പിടിക്കും'

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓർമ്മിപ്പിച്ച് കാപ്പൻ

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തനിക്ക് പൂർണ്ണ അഞ്ച് വർഷത്തെ മന്ത്രിസ്ഥാനം നൽകുമെന്ന സൂചനയാണ് നൽകിയിരുന്നതെന്ന് കാപ്പൻ ഓർമ്മിപ്പിച്ചു. പാലായിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവെ, കാപ്പൻ തിരുവനന്തപുരത്ത് നിന്ന് മടങ്ങുക ഔദ്യോഗിക പതാക വെച്ച കാറിലായിരിക്കുമെന്ന് സതീശൻ പ്രഖ്യാപിച്ചിരുന്നു. പാലായെ കാത്തിരിക്കുന്നത് വലിയൊരു സമ്മാനമാണെന്നായിരുന്നു രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞത്. രണ്ടര വർഷത്തെ ടേം വ്യവസ്ഥയിൽ യുഡിഎഫ് നേതൃത്വം അന്തിമ തീരുമാനം അറിയിച്ച ശേഷം തന്റെ അടുത്ത നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാണി സി കാപ്പൻ
'രമേശ് ചെന്നിത്തല ബിജെപിയില്‍ എത്തില്ലെന്ന് പറയാനാകില്ല, കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അസംതൃപ്തര്‍ ബിജെപിയിലെത്തും'

മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെ തന്റെ മുൻകാല കായികജീവിതവുമായി ഉപമിച്ചാണ് കാപ്പൻ വിശദീകരിച്ചത്. താനൊരു അന്താരാഷ്ട്ര വോളിബോൾ താരം കൂടിയായിരുന്നുവെന്നും, ഒരു ടീമാകുമ്പോൾ അതിലെ എല്ലാ കളിക്കാരെയും ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിഹാസ താരം ജിമ്മി ജോർജ്ജിനൊപ്പം താൻ കളിച്ചിട്ടുണ്ട്, കളിയുടെ നിലവാരത്തിൽ തങ്ങൾ വ്യത്യസ്തരായിരുന്നിരിക്കാം, എന്നാൽ അതിന്റെ പേരിൽ തന്നെ ഒരിക്കലും കളത്തിന് പുറത്ത് ഇരുത്തിയിട്ടില്ലെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി.

മാണി സി കാപ്പൻ
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ; വകുപ്പുകളെച്ചൊല്ലി ചർച്ചകൾ സജീവം, അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും

രണ്ടര വർഷത്തെ വ്യവസ്ഥയോട് വിയോജിപ്പ്

കാർഡിനൽ ക്ലീമീസ് ബാവയുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ സമ്മർദ്ദത്തിന് വേണ്ടിയല്ലെന്നും വ്യക്തിപരമായ സൗഹൃദത്തിന്റെ ഭാഗമാണെന്നും കാപ്പൻ വ്യക്തമാക്കി. മന്ത്രിസ്ഥാനത്തിനായി താൻ യാതൊരുവിധ ശുപാർശയും തേടിയിട്ടില്ല. ശനിയാഴ്ചത്തെ യുഡിഎഫ് യോഗത്തിൽ രണ്ടര വർഷത്തെ മന്ത്രിസ്ഥാനമെന്ന നിർദ്ദേശം വന്നപ്പോൾ താൻ അതിനോട് വിയോജിച്ച് ഇറങ്ങിപ്പോരുകയാണ് ചെയ്തത്. അനൂപ് ജേക്കബും ഈ നിർദ്ദേശത്തോട് പ്രതികരിച്ചിട്ടുണ്ട്. മുന്നണിയിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയെയും ബിജെപി നേതാവ് ഷോൺ ജോർജ്ജിനെയും പരാജയപ്പെടുത്തിയാണ് മാണി സി. കാപ്പൻ പാലായിൽ നിന്ന് വീണ്ടും നിയമസഭയിലെത്തിയത്. തിങ്കളാഴ്ചയാണ് പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നത്.

Summary

UDF Independent MLA Mani C. Kappan has openly expressed dissatisfaction over the proposed 2.5-year Cabinet berth sharing formula with Anoop Jacob.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com