

കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫിക്കുള്ള (എസ്എംഎ) മരുന്ന് തദ്ദേശീയമായി ഉത്പാദിപ്പിച്ചാൽ 3024 രൂപ മാത്രമായി ചെലവ് ചുരുക്കാമെന്നു ഹൈക്കോടതിയിൽ സത്യവാങ്മൂലം. നലവിൽ മരുന്നിനു ഒരു വർഷം ചെലവ് 72 ലക്ഷം രൂപയാണ്. എന്നാൽ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിച്ചാൽ ചെലവു ചുരുക്കാമെന്നാണ് തദ്ദേശീയ പഠനങ്ങൾ ചൂണ്ടിക്കാട്ടി ഇതുമായി ബന്ധപ്പെട്ട് ഹർജി നൽകിയ രോഗി തന്നെ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ ഈ വിഷയങ്ങളിൽ കൃത്യമായി മറുപടിയില്ലെന്നും ഹർജിക്കാരി.
താനുൾപ്പെടെയുള്ള എസ്എംഎ രോഗികൾക്കു ചെലവു കുറഞ്ഞ ചികിത്സ നിഷേധിക്കുന്നത് മൗലിവാകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പേറ്റന്റ് സംരക്ഷണത്തിന്റെ പേരിലാണ് എസ്എംഎ ചികിത്സയ്ക്കുള്ള റിസ്ഡിപ്ലാമിനു വൻ വില വരുന്നത്. കേന്ദ്ര സർക്കാർ പേറ്റന്റ് നിയമപ്രകാരം നടപടിയെടുത്താൽ വളരെ കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ റിസ്ഡിപ്ലാം ഉത്പാദിപ്പിക്കാമെന്നു അഡ്വ. മൈത്രോയി എസ് ഹെഗ്ഡെ വഴി നൽകിയ ഹർജിയിലെ മറുപടി സത്യവാങ്മൂലത്തിൽ ഹർജിക്കാരി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ യുഎസിലെ യേൽ യൂണിവേഴ്സിറ്റിയിലെ ഡോ. മെലിസ ബാർബറിന്റെ വിദഗ്ധാഭിപ്രായവും വിശദീകരണ പത്രികയിലൂടെ കോടതിയിൽ ഹാജരാക്കി. മെലിസയുടെ കണക്കുപ്രകാരം റിസ്ഡിപ്ലാം ഉപയോഗിച്ചു ഒരാളെ ചികിത്സിക്കാൻ 25 ശതമാനം നികുതിയുൾപ്പെടെ 3024 രൂപയേ പ്രതിവർഷം വേണ്ടി വരു.
ചെലവു കുറഞ്ഞ ചികിത്സ ലഭ്യമാക്കാനായി 8 അപൂർവ രോഗങ്ങൾക്കു 12 മരുന്നുകൾ തദ്ദേശിയമായി വികസിപ്പിക്കാൻ നടപടികൾ ആരംഭിക്കുമെന്നു ആരോഗ്യ ഗവേഷണ വകുപ്പ് അറിയിച്ചിരുന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. അപൂർവ രോഗം ബാധിച്ചവർക്കുള്ള സഹായം 20 ലക്ഷത്തിൽ നിന്നു 50 ലക്ഷമായി വർധിപ്പിച്ചു. സംഭാവന സ്വീകരിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിച്ചെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
അതേസമയം അപൂർവ രോഗങ്ങൾക്കു പ്രാദേശികമായി മരുന്നു വികസിപ്പിക്കാൻ കേന്ദ്ര ആരോഗ്യ ഗവേഷണ വകുപ്പ് പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിസ്ഡിപ്ലാം ഇതിലുണ്ടോയെന്നു വ്യക്തമാക്കിയിട്ടില്ലെന്നു ഹർജിക്കാരി ചൂണ്ടിക്കാട്ടി. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകളും ഫലപ്രദമല്ലെന്നും ഹർജിയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates