

തൊടുപുഴ: വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. പശുമല ടൗണിലെ കെആർ ബിൽഡിങിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ആയതിനാൽ കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
തീ പടർന്നു പിടിച്ചതോടെ വൻ നാശനഷ്ടമാണ് സംഭവിച്ചത്. 5 കടകളും കമ്പ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും കത്തി നശിച്ചു. തീ പൂർണമായും അണച്ചു. കോടികളുടെ നഷ്ടമാണ് സംഭവിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.
പീരുമേട്ടിൽ നിന്നുള്ള അഗ്നിശമന സേന ആദ്യമെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നു ഫയർ യൂണിറ്റുകൾ കൂടി എത്തിയാണ് തീയണച്ചത്.
40ലേറെ വർഷം പഴക്കമുള്ള രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് തീ പടർന്നത്. പത്തിലേറെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർണമായും തടിയിൽ നിർമിച്ച കെട്ടിടമായതിനാൽ തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു പ്രഥാമിക നിഗമനമുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസ് പരിശോധന തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
