'ജനാധിപത്യത്തിന്റെ അർത്ഥം തന്നെ ചോർത്തുകയാണ്, നാടിന്റെ പുരോഗതിക്കായി കൈകോർത്തു നിൽക്കേണ്ട സമയമാണിത്': മുഖ്യമന്ത്രി 

ധനമന്ത്രി കെ എൻ ബാല​ഗോപാൽ ആണ് സംസ്ഥാനത്ത് റിപ്പബ്ലിക് ദിന ആഘോഷത്തിന് നേതൃത്വം നൽകുന്നത്
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍
Updated on
1 min read

തിരുവനന്തപുരം: 73-ാം റിപ്പബ്ലിക് ദിനത്തിന്റെ ആശംസകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതേതരത്വത്തിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകർത്ത് ഭൂരിപക്ഷമതത്തിൽ ചേർത്തു വയ്ക്കുകയാണ്. ജനാധിപത്യത്തിന്റെ അർത്ഥം തന്നെ പതുക്കെ ചോർത്തുകയാണെന്നും ഈ വിപത്തുകൾക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടം ജനാധിപത്യവിശ്വാസികളിൽ നിന്നും കരുത്തോടെ ഉയർന്നു വരേണ്ടതുണ്ടെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി കുറിച്ചു. 

മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് റിപ്പബ്ലിക് ദിന ആഘോഷത്തിന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ ആണ് നേതൃത്വം നൽകുന്നത്. 

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 73 വർഷം. ഡോ. ബി.ആർ അംബേദ്കർ അഭിപ്രായപ്പെട്ടതു പോലെ: "ഭരണഘടന കേവലം ഒരു നിയമ പുസ്തകമല്ല. ജീവിതത്തിൻ്റെ ചാലകശക്തിയാണ്. അതിൽ തുടിക്കുന്നത് ഒരു കാലഘട്ടത്തിൻ്റെ ആത്മാവാണ്". മറ്റൊരു രാജ്യത്തും കാണാനാകാത്ത വിധം വിപുലമായ സാംസ്കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ മൂർത്തവൽക്കരിക്കുന്നത് ഭരണഘടനയാണ്. 
അതിവിശാലമായ ഈ ഭൂപ്രദേശത്തിലെ അന്തേവാസികളെ ഒരു മാലയിലെന്നപോൽ കോർത്തിട്ട പട്ടുനൂലാണ് ഭരണഘടന. അതിൻ്റെ  അന്തഃസത്തയെ തകർക്കാൻ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയിൽ വേരുകളാഴ്ത്തി വളരുന്ന വർഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത്. ഫെഡറലിസത്തെ ദുർബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവരാൻ നോക്കുകയാണ്. മതേതരത്വത്തിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകർത്ത്, അതിനെ ഭൂരിപക്ഷമതത്തിൽ ചേർത്തു വയ്ക്കുകയാണ്. ജനാധിപത്യത്തിൻ്റെ അർത്ഥം തന്നെ പതുക്കെ ചോർത്തുകയാണ്. 
ഈ വിപത്തുകൾക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടം ജനാധിപത്യവിശ്വാസികളിൽ നിന്നും കരുത്തോടെ ഉയർന്നു വരേണ്ടതുണ്ട്.  ഭരണഘടനയുടെ അന്ത:സത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.  
കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതങ്ങളിൽ നിന്നും മുക്തി നേടി നമ്മുടെ സംസ്ഥാനം പുരോഗതിയുടെ പാതയിൽ കൂടുതൽ വേഗത്തിൽ കുതിക്കേണ്ട ഈ ഘട്ടത്തിൽ അത്തരത്തിലുള്ള ഐക്യമനോഭാവം കൂടുതൽ പ്രസക്തമാവുകയാണ്. നാടിൻ്റെ പുരോഗതിക്കായി കൈകോർത്തു നിൽക്കേണ്ട സമയമാണിത്. ആ ഐക്യത്തിനും പുരോഗതിയുടെ പാതയ്ക്കും തുരങ്കം വയ്ക്കുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരള ജനത ഒറ്റക്കെട്ടായി നിൽക്കുമെന്ന് പൂർണ്ണവിശ്വാസമുണ്ട്. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയാനും വ്യാജ പ്രചാരകർക്കും സങ്കുചിത താൽപര്യക്കാർക്കും അർഹിക്കുന്ന മറുപടി നൽകാനുമുള്ള ആർജവം  കേരളത്തിലെ ജനങ്ങൾക്കുണ്ട്.
വികസനത്തിൻ്റെ ഗുണഫലങ്ങൾ എല്ലാവരിലും എത്തുമെന്നുറപ്പാക്കേണ്ടതുണ്ട്. അതിനാൽ സാമൂഹിക ഉച്ചനീചത്വങ്ങൾക്ക് അന്ത്യം കുറിക്കാൻ പറ്റാത്ത കാലത്തോളം രാജ്യത്തിൻ്റെ ഭരണഘടന അതിൻ്റെ പൂർണ്ണ അർഥത്തിൽ പ്രായോഗികവൽക്കരിക്കപ്പെടുകയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും കളിയാടുന്ന ഇന്ത്യയ്ക്കായി കൈകോർത്തു മുന്നേറാം. ഏവർക്കും ഹൃദയപൂർവ്വം റിപ്പബ്ലിക് ദിന ആശംസകൾ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com