മെഡിസെപ്പിനെ കുറിച്ച് പരാതിയുണ്ടോ? പരിഹരിക്കാൻ വഴിയുണ്ട്
മെഡിസെപ് (MEDISEP) ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് പരാതിയുണ്ടോ? എങ്കിൽ പരിഹരിക്കാൻ ഇനി വഴിയുണ്ട്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേരള സർക്കാരും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും ചേർന്ന് നടത്തുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികൾ പലപ്പോഴും ഉയർന്നിരുന്നു. അത് പരിഹരിക്കാനുള്ള സംവിധാനങ്ങളെ കുറിച്ചുള്ള സംശയങ്ങളും അതിനുള്ള വഴികളും പലപ്പോഴും വ്യക്തമായിരുന്നില്ല.
നിങ്ങൾക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കാം. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് സുപ്രധാനമായ ഈ ഉത്തരവ്.സംസ്ഥാന ഉപഭോക്തൃ കമ്മീഷന് മുന്നിൽവന്ന ഒരു പരാതി പരിഗണിച്ചുകൊണ്ടുള്ള വിധിയിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളം കൊമ്പനാട് സ്വദേശിയായ 78 കാരനായ വിരമിച്ച പ്രധാനാധ്യാപകൻ നൽകിയ പരാതിയിൽ തീർപ്പ് കൽപ്പിച്ചുകൊണ്ടാണ് സംസ്ഥാന കമ്മീഷൻ ഈ വിധി പ്രഖ്യാപിച്ചത്. ഇതോടെ ഇക്കാര്യത്തിൽ നിലനിന്നിരുന്ന സംശയങ്ങളും തർക്കങ്ങളും പരിഹരിക്കപ്പെടും
വയോധികനായ പരാതിക്കാരൻ 2024 ജനുവരിയിൽ നെഞ്ചുവേദനയെ തുടർന്ന് ജില്ലയിലെ രാജഗിരി ആശൂപത്രിയിൽ ചികിത്സ തേടി. 2.16 ലക്ഷ രൂപയായിരുന്നു ചികിത്സാ ചെലവ്. തുടർന്ന് സമർപ്പിച്ച ഇൻഷുറൻസ് ക്ലെയിം മെഡിസെപ് തള്ളി.
ഇത് ചോദ്യം ചെയ്‌ത് അദ്ദേഹം എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. എന്നാൽ എതിർ കക്ഷിയായ ഓറിയന്റൽ ഇൻഷുറൻസ് പരാതിയുടെ മെയിന്റനെബിലിറ്റി ചോദ്യം ചെയ്തു. മെഡിസെപ്പിന് കേരള സർക്കാർ ഏർപ്പെടുത്തിയ "മെഡിസെപ് ഗ്രീവൻസ് റിഡ്രസ്സൽ മെക്കാനിസം" ഉണ്ടെന്നും അവിടെയാണ് ആദ്യം പരാതി നൽകേണ്ടിയിരുന്നതെന്നും കമ്പനി വാദിച്ചു. ജില്ലാ കമ്മീഷൻ കമ്പനിയുടെ വാദം നിരാകരിക്കുകയും കേസ് കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു.
ജില്ലാ കമ്മീഷന്റെ തീരുമാനത്തിനെതിരെ ഓറിയന്റൽ ഇൻഷുറൻസ് സംസ്ഥാന കമ്മീഷനിൽ പരാതി നൽകി. സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ, ജുഡീഷ്യൽ മെമ്പർ അജിത് കുമാർ ഡി. എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മെഡിസെപ്പിനെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കാൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനം നിയമപരമായ സംവിധാനം (സ്റ്റാറ്റ്യൂട്ടറി അതോറിട്ടി) അല്ലെന്ന് കമ്മീഷൻ കണ്ടെത്തി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 100 പ്രകാരം പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമല്ല മറിച്ച് അതിന് അധികമായി പ്രയോജനപ്പെടുത്താവുന്നതെന്ന് കമ്മീഷൻ പറഞ്ഞു. പക്ഷെ ഏതെങ്കിലും പ്രത്യേക സ്വഭാവത്തിലുള്ള പരാതികൾ സ്വീകരിക്കാൻ നിയമപരമായ സംവിധാനം ഉണ്ടെങ്കിൽ ഉപഭോക്തൃ കമ്മീഷനെ സമീപിക്കാൻ പറ്റില്ല.
ഉദാഹരണത്തിന് വാഹനാപകടങ്ങൾ സംബന്ധിച്ചുള്ള കേസുകൾ കേൾക്കാൻ മോട്ടോർ വാഹന ക്ലെയിംസ് ട്രിബ്യുണൽ ഉണ്ട്. അതിനാൽ വാഹനാപകടം സംബന്ധിച്ചുള്ള നഷ്ടപരിഹാര പരാതികൾ കൊടുക്കേണ്ടത് അവിടെയാണ്. പക്ഷെ മെഡിസെപ്പിനെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ പരിഹാര പരിഹാര സംവിധാനം ( ഗ്രീവൻസ് റിഡ്രസ്സൽ മെക്കാനിസം) സ്റ്റാറ്റ്യൂട്ടറി അതോറിറ്റി അല്ല. അതിനാൽ പരാതികൾ നേരിട്ട് ഉപഭോക്തൃ കമ്മീഷനിൽ സമർപ്പിക്കുന്നതിന് തടസങ്ങളില്ല. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ അപ്പീൽ പെറ്റിഷൻ സംസ്ഥാന കമ്മീഷൻ തള്ളി. കേസിൽ ജില്ലാ കമ്മീഷന് വാദം തുടരാം.
2022 ജൂലായിൽ തുടങ്ങിയ മെഡിസെപിന് 11.44 ലക്ഷം നേരിട്ടുള്ള വരിക്കാരും അവരുടെ 19.49 ലക്ഷം ആശ്രിതരും ഗുണഭോക്താക്കളായുണ്ട്.
Beneficiaries of Medisep, the health insurance programme for Kerala government employees and pensioners, are free to approach the consumer disputes redressal commission, the State Consumer Disputes Redressal Commission (SCDRC) has ruled
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

