തിരുവനന്തപുരം; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. മന്ത്രിമാർ ഉൾപ്പെടെ ജനപ്രതിധികളും പങ്കെടുക്കും. മെഡിസെപ് രജിസ്‌ട്രേഷൻ കാർഡുകളുടെ വിതരണോദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മെഡിസെപ് ഹാൻഡ് ബുക്ക് ചീഫ് സെക്രട്ടറി വി പി ജോയ് മുഖ്യമന്ത്രിയിൽനിന്ന് സ്വീകരിക്കും.
പദ്ധതിയിൽ ഇനിയും അംഗമാകാത്തവരിൽനിന്നുകൂടി പ്രതിമാസ പ്രീമിയം തുകയായ 500 രൂപ ഈടാക്കാനാണ് തീരുമാനം. പ്രീമിയം തുക പിടിക്കുമെങ്കിലും വ്യക്തിഗത വിവരങ്ങൾ നൽകി പദ്ധതിയിൽ ചേരാത്തവർക്ക് ഇൻഷുറൻസ് കാർഡ് ലഭിക്കില്ല. സർക്കാർ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായും പദ്ധതിയിൽ ചേരണമെന്നാണ് സർക്കാർ നിർദേശം.
പുതിയ പെൻഷൻകാരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച് ധനവകുപ്പ് ഇൻഷുറൻസ് കമ്പനിക്ക് നിർദേശം നൽകി.മെഡിസെപ്പിൽ അംഗത്വമെടുക്കുന്നതിന് പെൻഷൻകാർക്ക് വൈദ്യ പരിശോധന ആവശ്യമില്ല. എല്ലാവർക്കും അവയവമാറ്റം അടക്കം അംഗീകൃത ചികിത്സാ പാക്കേജുകളെല്ലാം ലഭ്യമാക്കും. ആദ്യവർഷം ചെലവഴിക്കാത്ത ഒന്നരലക്ഷം രൂപവരെ രണ്ടാംവർഷത്തെ കവറേജായ മൂന്നുലക്ഷത്തിനൊപ്പം കൂട്ടിച്ചേർക്കാം. ഇങ്ങനെ മൂന്നുവർഷംവരെ തുടരാനാകും.
പെൻഷൻകാർക്ക് പെൻഷനൊപ്പം ലഭിച്ചിരുന്ന ചികിത്സാസഹായം (മെഡിക്കൽ അലവൻസ്) ഇതിലേക്ക് മാറ്റും. ആദ്യഘട്ടത്തിൽ ജീവനക്കാരും പെൻഷൻകാരും സഹകരണ ജീവനക്കാരും ഇവരുടെ ആശ്രിതരും ഉൾപ്പെടെ 45 ലക്ഷം പേർ പദ്ധതി ഗുണഭോക്താക്കളാകും.
പദ്ധതിയിൽ പങ്കാളികളായ ആശുപത്രികളുടെ അന്തിമപ്പട്ടിക വെള്ളിയാഴ്ചയോടെയാകും ധനവകുപ്പ് പ്രസിദ്ധപ്പെടുത്തുക. നിലവിൽ ജീവനക്കാരുടെ ഇടയിൽ പ്രചരിക്കുന്ന പട്ടിക അന്തിമമല്ല. പല വൻകിട ആശുപത്രികളും പദ്ധതിയിൽ താത്‌പര്യം പ്രകടിപ്പിച്ചിട്ടുള്ളതിനാൽ അവയെക്കൂടി ഉൾപ്പെടുത്തിയാകും പുതിയ പട്ടിക വരുക. ആയുർവേദമടക്കം ആയുഷ് മേഖലയിലെ കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates