

മൂന്നാര്‍: മീശപ്പുലിമലയില്‍ താപനില മൈനസ് ഒന്നിലെത്തി. ഇന്നലെ പുലര്‍ച്ചെയാണ് മീശപ്പുലിമലയുടെ താഴ് വാരത്ത് താപനില മൈനസില്‍ എത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. ഇന്നലെ രാവിലെ മീശപ്പുലിമലയുടെ താഴ് വാരത്തുള്ള റോഡോ മാന്‍ഷന് സമീപമുള്ള പുല്‍മേടുകളില്‍ മഞ്ഞുകണങ്ങള്‍ പിടിച്ചുകിടന്നതു വേറിട്ട കാഴ്ചയായിരുന്നു.
വനംവകുപ്പിന് കീഴിലുള്ള കേരള ഫോറസ്റ്റ് ഡെവപപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ഇവിടേക്ക് ട്രക്കിങ് നടത്തുന്നത്. അതേസമയം മൂന്നാറില്‍ ശൈത്യകാലം തീവ്രതയിലേക്ക് കടക്കുകയാണ്. കഴിഞ് ദിവസം മേഖലയിലെ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ഇതോടെ ഹൈറേഞ്ച് മേഖലയില്‍ തണുപ്പിന്റെ കാഠിന്യം കൂടി.
മൂന്നാര്‍ ടൗണ്‍, ദേവികുളം, സെവന്‍മല എന്നിവിടങ്ങളില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസും നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ ആറ് ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില. ഒരാഴ്ച മുന്‍പ് മൂന്നാറില്‍ കുറഞ്ഞ താപനില ആറ് ഡിഗ്രിയിലെത്തിയിരുന്നു. വരും ദിവസങ്ങളില്‍ താപനില ഇനിയും താഴ്ന്ന് പൂജ്യത്തിനും താഴെ (മൈനസ് ഡിഗ്രി) എത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
താപനില ക്രമാതീതമായി താഴ്ന്നതോടെ രാത്രിയിലും പുലര്‍ച്ചെയും അതികഠിനമായ തണുപ്പാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. മിക്ക സ്ഥലങ്ങളിലും വൈകുന്നേരങ്ങളിലും പുലര്‍ച്ചെയും കനത്ത കോടമഞ്ഞും ശക്തമാണ്. എന്നാല്‍, രാത്രികാലങ്ങളില്‍ തണുപ്പ് അതിശക്തമാണെങ്കിലും പകല്‍ സമയങ്ങളില്‍ പ്രദേശത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പകല്‍ താപനില 24 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രേഖപ്പെടുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates