

തൃശ്ശൂർ: എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലയളവിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ നിയമനങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇതിൽ നിലവിലെ യുഡിഎഫ് സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമെന്നും യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്. സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള പിഎസ്‌സി നിയമന പരീക്ഷയിൽ പങ്കെടുത്ത ഒരു ഉദ്യോഗാർത്ഥിയുടെ ഉത്തരക്കടലാസിലെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഗുരുതരമായ അട്ടിമറിക്ക് പിന്നാലെ പിഎസ്‌സി ആദ്യം സ്വന്തം വിജിലൻസിനെക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് മാറ്റി പരീക്ഷാ കൺട്രോളറെ അന്വേഷണം ഏൽപ്പിച്ചു. ഈ തീരുമാനത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രി ഒ.ജെ ജനീഷ് ശക്തമായി ചോദ്യം ചെയ്തു. പരീക്ഷാ കൺട്രോളറുടെ ഓഫീസിലുള്ളവർ തന്നെയാണ് ഈ ക്രമക്കേടുകൾക്ക് പിന്നിലെങ്കിൽ അവരെത്തന്നെ അന്വേഷണം ഏൽപ്പിക്കുന്നത് കള്ളന് താക്കോൽ ഏൽപ്പിച്ചുകൊടുക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. പിഎസ്‌സി ആരെയോ സംരക്ഷിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ സ്വദേശിയായ ഒരു ഉദ്യോഗാർത്ഥി നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ ക്രമക്കേട് പുറത്തുവന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷൻ കർശനമായി ഇടപെട്ടതിന് ശേഷമാണ് പരീക്ഷയുമായി ബന്ധപ്പെട്ട ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിടാൻ പിഎസ്‌സി തയ്യാറായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുടക്കം മുതൽ തന്നെ ചില ഉന്നതരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നത്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലേക്ക് പിഎസ്‌സി വഴി നടത്തിയ നിയമനങ്ങളിൽ ആകെ നിയമിക്കപ്പെട്ട 44 ഉദ്യോഗാർത്ഥികളിൽ 38 പേരും ഒരേയൊരു സിംഗിൾ കോളേജിൽ നിന്നുള്ളവരായിരുന്നു എന്ന് മന്ത്രി വെളിപ്പെടുത്തി. ഈ റിക്രൂട്ട്‌മെന്റിലും ചോദ്യപേപ്പറുകളോ ഉത്തരക്കടലാസുകളോ വ്യാപകമായി കൃത്രിമം കാണിച്ചിട്ടുണ്ടെന്ന ഗുരുതരമായ സംശയമാണ് ഇത് ഉയർത്തുന്നത്.
കഴിഞ്ഞ 10 വർഷമായി ഇത്തരത്തിലുള്ള അവിഹിത ഇടപെടലുകൾ പി.എസ്.സിയിൽ ആവർത്തിച്ചു നടക്കുന്നുണ്ട്. ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ റാങ്ക് ലിസ്റ്റുകളിലും ഇതേ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ലെന്ന് ജനീഷ് പറഞ്ഞു. നിലവിലെ പിഎസ്‌സി ചെയർമാനും ഭൂരിഭാഗം അംഗങ്ങളും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയമായി നിയമിതരായവരാണ്. പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഭരണഘടനാ സ്ഥാപനത്തിലെ ഉന്നതർ ഇത്തരം അഴിമതികൾക്ക് കൂട്ടുനിൽക്കുന്നത് ആശങ്കാജനകമാണ്.
യുഡിഎഫ് സർക്കാർ ലക്ഷക്കണക്കിന് വരുന്ന പിഎസ്‌സി ഉദ്യോഗാർത്ഥികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ ക്രമക്കേടുകളിൽ ഉൾപ്പെട്ട പ്രമുഖരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന രീതിയിലുള്ള കൃത്യമായ അന്വേഷണം സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. പിഎസ്‌സി ഒരു ഭരണഘടനാ സ്ഥാപനമായതിനാൽ ചില നിയമപരമായ പരിമിതികളുണ്ടെന്നും, മന്ത്രിസഭാ യോഗം ഇതിന്റെ നിയമവശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ നിയമസഭയിൽ ഉദ്യോഗാർത്ഥികൾക്കായി ശബ്ദമുയർത്താൻ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates