

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് താന്‍ ഇകഴ്ത്തി സംസാരിച്ചു എന്ന വാദം തെറ്റാണെന്ന് മന്ത്രി സജി ചെറിയാന്‍. സാധാരണക്കാരായ ആളുകളുടെ ആശ്രയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍.ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. തന്നെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും സജി ചെറിയാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
യുഡിഎഫ് ഭരണകാലത്ത് കാലിത്തൊഴുത്ത് പോലെയായിരുന്ന സര്‍ക്കാര്‍ ആശുപത്രികളെ, സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരുകളാണ്. ഈ യാഥാര്‍ത്ഥ്യം ആര്‍ക്കും നിഷേധിക്കാനാവില്ല. സാധാരണക്കാരുടെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'- സജി ചെറിയാന്റെ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ന് നേരത്തെ ഞാന്‍ നടത്തിയ ഒരു പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ ഞാന്‍ ഇകഴ്ത്തി സംസാരിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഈ വിഷയത്തില്‍ എനിക്കുള്ള നിലപാട് കൂടുതല്‍ വ്യക്തമാക്കാനാണ് ഈ കുറിപ്പ്.
സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയമാണ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുജനാരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, ആധുനിക ചികിത്സാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും, വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ഉറപ്പാക്കുന്നതിനും ഞങ്ങള്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
എന്റെ പ്രസ്താവനയില്‍, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്. എനിക്ക് ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നപ്പോള്‍, എന്നെ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ തന്നെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്ത് എന്റെ ബന്ധുക്കളോട് പറയുന്നത്. ആ സമയത്തെ എന്റെ ആരോഗ്യനിലയും ചികിത്സയുടെ ആവശ്യകതയും പരിഗണിച്ച് എടുത്ത ഒരു തീരുമാനമായിരുന്നു അത്. മെഡിക്കല്‍ കോളജിലേക്കാണ് റെഫര്‍ ചെയ്തിരുന്നതെങ്കില്‍ എന്നെ അങ്ങോട്ട് കൊണ്ടുപോകുമായിരുന്നു. അല്ലാതെ, ഏതെങ്കിലും ഒരു ചികിത്സാ സംവിധാനം മോശമായതുകൊണ്ടോ മറ്റൊന്നിന് മേന്മ കൂടുതലുള്ളതുകൊണ്ടോ ആയിരുന്നില്ല ആ തീരുമാനം. അക്കാര്യം പറഞ്ഞത് തെറ്റായി വളച്ചൊടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
യു.ഡി.എഫ്. ഭരണകാലത്ത് കാലിത്തൊഴുത്ത് പോലെയായിരുന്ന സര്‍ക്കാര്‍ ആശുപത്രികളെ, സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരുകളാണ്. ഈ യാഥാര്‍ത്ഥ്യം ആര്‍ക്കും നിഷേധിക്കാനാവില്ല. സാധാരണക്കാരുടെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍വെച്ച് നടത്തുന്ന ഇത്തരം തെറ്റിദ്ധാരണ ജനകമായ പ്രചാരണങ്ങളെ പൊതുജനങ്ങള്‍ തള്ളിക്കളയണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
