

ആലപ്പുഴ: ചാരുംമൂട്ടിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും മർദ്ദനത്തിനിരയായ കുട്ടിയെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. താമരക്കുളത്തിലെ ബന്ധുവീട്ടിലെത്തിയാണ് മന്ത്രി കുട്ടിയുമായി സംസാരിച്ചത്. എം എസ് അരുൺകുമാർ എംഎൽഎ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ആ കുഞ്ഞുമോളെ നേരിൽ കണ്ടപ്പോൾ എൻ്റെ മനസ്സിൽ ഒരുപാട് വേദന തോന്നി. ഈ സംഭവത്തിന്റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവൾ എന്നോട് സംസാരിച്ചത്. സംസാരിക്കുന്നതിനിടയിൽ, 'വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം' എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോൾ, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. സന്ദർശന ശേഷം മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു.
പഠിച്ച് മിടുക്കിയാകണമെന്ന് മന്ത്രി ഉപദേശിച്ചു. ആരാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന്, ഐഎഎസ് നേടാനാണ് ആഗ്രഹമെന്ന് കുട്ടി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനെ ചൂണ്ടിക്കാട്ടി, ഷാനവാസ് ഐഎഎസ് ആണെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒരുപിടി മിഠായിയും സമ്മാനിച്ച് യാത്രപറയുമ്പോൾ കുട്ടി മന്ത്രിയുടെ കൈ വിടാതെ ചേർത്തു പിടിച്ചു.
കുട്ടിയുടെ പരാതിയിൽ നടപടി വൈകിയെന്ന് ആരോപണമുണ്ട്. ഇത്തരം പരാതികൾ മൂടിവെക്കാൻ ശ്രമിച്ചാൽ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കും. വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി ശിവൻകുട്ടി പറഞ്ഞു. മന്ത്രി വീണാ ജോർജും രാത്രിയോടെ കുട്ടിയെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
