ഭൂചലനമല്ല, ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍; പ്രകമ്പനമാകാമെന്ന് ഏജന്‍സികള്‍

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഇന്ന് രാവിലെ ഉണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍
wayanad tremor
വയനാട്ടില്‍ ഇന്ന് രാവിലെ ഉണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍സ്ക്രീൻഷോട്ട്
Updated on
1 min read

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഇന്ന് രാവിലെ ഉണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍. ഭൂകമ്പമാപിനിയില്‍ ഇതുവരെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു.

വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത് ഭൂചലനമല്ലെന്നും പ്രകമ്പനമാകാമെന്നുമാണ് മറ്റു ഏജന്‍സികള്‍ നല്‍കുന്ന സ്ഥിരീകരണം. നിലവില്‍ ഭൂകമ്പ സൂചനകള്‍ ഒന്നും തന്നെ ഇല്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഭൂകമ്പമല്ല, പ്രകമ്പനമാണെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കുന്ന സ്ഥിരീകരണം. വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രകമ്പനം ഉണ്ടായതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിശദീകരിച്ചു.

വയനാട്ടില്‍ പലയിടത്തും രാവിലെ പത്തേകാലോടെയാണ് ഭൂമിക്കടിയില്‍ പ്രകമ്പനവും അസാധാരണമായ ശബ്ദവും ഉണ്ടായത്. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. പടിപറമ്പ്, അമ്പുകുത്തി, അമ്പലവയല്‍, കുറിച്യര്‍മല, പിണങ്ങോട്,എടക്കല്‍ ഗുഹ, മൂരിക്കാപ്പ് മേഖലകളിലാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും അസാധാരണമായ ശബ്ദവും കേട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെ 10 മണിയോടെ മുഴക്കം അനുഭവപ്പെട്ടിരുന്നു.

വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജനം പരിഭ്രാന്തിയിലാണ്. നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്വാരങ്ങളിലാണ് ഈ സംഭവം.

ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാര്‍ പലരും കരുതിയത്. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി നേരിയ നിലയില്‍ കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല. എല്ലാവര്‍ക്കും ഒരേപോലെ ഈ അനുഭവം നേരിട്ടതിനാല്‍ അമ്പലവയല്‍ എടക്കല്‍ ജിഎല്‍പി സ്‌കൂളിന് അവധി നല്‍കി. കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് സ്‌കൂളിലെ അധ്യാപകര്‍ അറിയിച്ചു. എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന മേഖലയിലാണ് ഈ അനുഭവം ഉണ്ടായത്. ബാണാസുര മലയോട് ചേര്‍ന്ന പ്രദേശത്തും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, മേല്‍മുറി, സേട്ടുകുന്ന്, സുഗന്ധഗിരി, ചെന്നായ്ക്കവല ഭാഗത്തും സമാനമായ അനുഭവം ഉണ്ടായെന്ന് ഇവിടെ നിന്നുള്ള നാട്ടുകാരും പറഞ്ഞു. അമ്പുകുത്തി മലയിലെ ചെരുവില്‍ 2020ല്‍ ഒരു മീറ്റര്‍ ആഴത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇത് സോയില്‍ പൈപ്പിങാകാനുള്ള സാധ്യതയാണ് ജിയോളജി വിഭാഗം വിദഗ്ദ്ധര്‍ പറയുന്നത്.

wayanad tremor
വയനാട്: ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; സി ഷുക്കൂറിന് കാല്‍ലക്ഷം രൂപ പിഴ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com