

മലപ്പുറം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച മലബാര്‍ തിണ്ടിസ് കള്‍ച്ചറല്‍ ബിനാലെയിലേക്ക് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി, ബോളിവുഡ് സൂപ്പര്‍ താരം ഷാറുഖ് ഖാന്‍, എആര്‍ റഹ്മാന്‍, ശ്രേയ ഘോഷാല്‍ എന്നിവരെ ഉള്‍പ്പെടെ കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്ന് പൊന്നാനി എംഎല്‍എ കെപി നൗഷാദലി. പൊന്നാനിയിലെ ഒരു കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. മോഹന്‍ലാലിനെ പൊന്നാനി ബിനാലെയുടെ ഡയറക്ടറാക്കണമെന്നുള്ള ആലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'എന്താണ് പൊന്നാനി എന്നുള്ളത് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയും അത് ആഘോഷിക്കുകയും അത് പ്രതിധ്വനിക്കുകയും വേണം. അതിന് നിരന്തരം അധ്വാനിക്കണം. അഞ്ചോ പത്തോ കൊല്ലം നരേറ്റീവുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ പഴയ നിലയിലേക്ക് നമുക്ക് തിരിച്ചുപോകാനാകൂ. എന്നാല്‍ നമുക്ക് അത്രയും സമയമില്ല. ഒറ്റക്കൊല്ലം കൊണ്ട് ഇതിനെ മറികടക്കണമെങ്കില്‍ ഇവിടെ കള്‍ച്ചറല്‍ ബിനാലെ നടക്കണം. അതിന്റെ ഭാഗമായാണ് ബജറ്റില്‍ മലബാര്‍ തിണ്ടിസ് കള്‍ച്ചറല്‍ ബിനാലെ പ്രഖ്യാപിക്കപ്പെട്ടത്.
ഇനി ബിനാലെ ഫൗണ്ടേഷന്‍ രൂപീകരിച്ച് നമുക്കത് നടത്തിയെടുക്കണം. മോഹന്‍ലാലിനെ ഡയറക്ടറാക്കണമെന്ന ആലോചന പുരോഗമിക്കുന്നുണ്ട്. ഷാറുഖ് ഖാനും എആര്‍ റഹ്മാനും ശ്രേയ ഘോഷാലും, എന്തിന് ലയണല്‍ മെസി തൊട്ട് മംദാനി വരെയുള്ളവരെ പൊന്നാനിയിലേക്ക് കൊണ്ടുവരണമെന്ന് ചിന്തയുണ്ട്. ഇതു നിങ്ങള്‍ വിടുവായത്തമായി കാണണ്ട, ഞാനീ പറഞ്ഞ പേരുകളില്‍ 75 ശതമാനമെങ്കിലും ഇവിടെ വരുമെന്നതില്‍ തര്‍ക്കം വേണ്ട. അത്തരത്തിലാണ് അത് വിഭാവനം ചെയ്യുന്നത്' -എംഎല്‍എ പറഞ്ഞു.
നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ കായിക മന്ത്രിയായിരുന്ന വി അബ്ദുറഹിമാന്‍ മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് നടക്കാതെ വന്നത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ എംഎല്‍എയുടെ പരാമര്‍ശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates