'കണ്ടും മിണ്ടിയും ഇരുവർ'; പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം വരുന്നു, ടീസർ ഇന്ന് എത്തും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടൻ മോഹൻലാൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. അഭിമുഖത്തിന്റെ ടീസർ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പുറത്തുവിടുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
പിണറായി വിജയന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖം നടത്താനായി എത്തിയതെന്നാണ് വിവരം. ക്ലിഫ് ഹൗസിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മോഹൻലാലിന്റെ സുഹൃത്ത് എം ബി സനിൽ കുമാർ എന്നിവരാണ് ചിത്രത്തിലുള്ളത്.
സംവിധായകൻ ടി കെ രാജീവ് കുമാർ അടക്കമുള്ളവരാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളതെന്നാണ് റിപ്പോർട്ട്. അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യ ദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്. തുടർന്ന് അടുത്ത ദിവസമാണ് അഭിമുഖം ചിത്രീകരിച്ചത്.
തിങ്കളാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമായിരുന്നു ചിത്രീകരണം. മുഖ്യമന്ത്രിയുമായി വളരെ അടുത്തബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് മോഹൻലാൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി മോഹൻലാൽ നേരത്തെ അഭിമുഖം നടത്തിയിട്ടുണ്ട്.
അതേസമയം സർക്കാർ അമിതമായി പിആർ വർക്ക് നടത്തുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രി - മോഹൻലാൽ അഭിമുഖം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
Actor Mohanlal and Kerala Chief Minister Pinarayi Vijayan interview teaser soon.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

