

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പരാതി ഉന്നയിച്ച് സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയ നടൻ മോഹൻലാലിനെതിരെ ഉപഭോക്താവ് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നടത്തിയ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി. എന്നാൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പരാതിക്കാരും ബ്രാൻഡ് അംബാസഡറായിരുന്ന മോഹൻലാലും തമ്മിൽ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് റദ്ദാക്കിയത്.
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം വാഗ്ദാനം ചെയ്ത സേവനം ലഭ്യമായിട്ടില്ലെങ്കിൽ ഉചിതമായ സ്ഥലത്ത് പരാതിപ്പെടുന്നതിൽ ഹർജിക്കാരന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരസ്യത്തിൽ വാഗ്ദാനം ചെയ്ത തുകയ്ക്ക് വായ്പ ബാങ്കിൽ നിന്നു ലഭിച്ചില്ലെന്നും ഇതിനു ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് ഇടപാട് വേളയിൽ അധികൃതർ പരസ്യം കാണിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാൽ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തമില്ലെന്നും കോടതി വ്യക്തമാക്കി.
സ്ഥാപനം വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ഉപഭോക്തൃ സംരക്ഷണത്തിെലെ 21ാം വകുപ്പ് പ്രകാരം പരാതിക്കാർക്ക് ഉചിതമായ സ്ഥലത്ത് പരാതിപ്പെടാമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹൻലാൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates