ആലപ്പുഴ : മകളുടെ മനസ്സമ്മത ചടങ്ങ് നടക്കുന്നതിനിടെയാണ് മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്യാനായി ക്രൈംബ്രാഞ്ച് എത്തുന്നത്. മനസ്സമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം മോന്‍സന്റെ വീട്ടിലേക്ക് പ്രവേശിക്കുന്നത്. തൊട്ടടുത്ത് തന്നെ ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ ഉണ്ടെങ്കിലും, ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് ക്രൈംബ്രാഞ്ച് സംഘം അതീവ രഹസ്യമായി മോന്‍സന്റെ വീട്ടിലെത്തുന്നത്.
മഫിതിയില്‍ രണ്ട് വാഹനങ്ങളിലായാണ് ക്രൈംബ്രാഞ്ച് എത്തിയത്. ക്രൈംബ്രാഞ്ച് സംഘത്തെ കണ്ട് അതിഥികള്‍ ആയിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ പൊലീസാണെന്നും, അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്നും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.
ഇതോടെ മോന്‍സന്‍ ബഹളമുണ്ടാക്കി. ഇതോടെ അംഗരക്ഷകര്‍ ആക്രോശിച്ച് പാഞ്ഞെത്തി. എന്നാല്‍ എത്തിയത് പൊലീസ് ആണെന്ന് അറിഞ്ഞതോടെ അംഗരക്ഷകര്‍ കടന്നുകളഞ്ഞു. മോന്‍സനുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. വകുപ്പു തലത്തിലും അന്വേഷണം നടക്കുന്നുണ്ട്.
മോന്‍സന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനങ്ങളില്‍ പലതും ഓടിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഫെറാരി കാറിന്റെ ടയറുകള്‍ എടുത്തുമാറ്റിയ നിലയിലും സ്റ്റിയറിങ് ഊരിക്കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പതിവായി സഞ്ചരിച്ചിരുന്ന ഡോഡ്ജ് കാറിന്റെ സീറ്റ് ഇളക്കിമാറ്റി വലിയ സ്‌ക്രീനും ഐപാഡും ഘടിപ്പിച്ചിരുന്നതായും നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോന്‍സന്റെ വീട്ടില്‍ നിന്നും പ്രതിരേധമന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ( ഡിആര്‍ഡിഒ) രേഖകള്‍ കണ്ടെത്തിയതോടെയാണിത്. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ചും പ്രത്യേകം കേസെടുത്ത് അന്വേഷണം നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates