

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ബാങ്കോക്കിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തി ശീതകാല സമയക്രമം പ്രഖ്യാപിച്ച് സിയാല്‍. ഒക്ടോബര്‍ 26 മുതല്‍ 2027 മാര്‍ച്ച് 28 വരെയുള്ള ശീതകാല സമയക്രമത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള കണക്ടിവിറ്റി കൂടുതല്‍ ശക്തമാക്കുമെന്ന് സിയാല്‍ അറിയിച്ചു.
എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ബാങ്കോക്കിലേയ്ക്ക് സര്‍വീസ് നടത്തുന്നത്. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമേ നാല് പ്രതിവാര സര്‍വീസുകള്‍ കൂടി വരുന്നതോടെ ബാങ്കോക്കിലേക്കുള്ള യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടും. ഗള്‍ഫ് മേഖലയിലേക്കും ആഭ്യന്തര മേഖലയിലേക്കും കൂടുതല്‍ സര്‍വീസുകളും പുതിയ സമയക്രമത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇന്‍ഡിഗോ ഫുജൈറയിലേക്ക് ദിവസേന സര്‍വീസ് നടത്തും. ദുബായ്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കും ദിവസേന സര്‍വീസുകളുണ്ടാകും. ആകാശ എയര്‍ ആണ് സര്‍വീസ് നടത്തുക. ബാങ്കോക്ക് എയര്‍പോര്‍ട്ടിലേക്കുള്ള നാല് പ്രതിവാര സര്‍വീസുകള്‍ സിയാലിന്റെ തെക്കു-കിഴക്കന്‍ ഏഷ്യന്‍ കണക്ടിവിറ്റിക്ക് കൂടുതല്‍ കരുത്തേകുമെന്നും സിയാല്‍ അറിയിച്ചു.
നിലവില്‍ ബാങ്കോക്ക്-ഡോണ്‍ മുവാങ്, ക്വാലാലംപൂര്‍, സിംഗപ്പൂര്‍, മാലി, കൊളംബോ എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുണ്ട്. തെക്കന്‍, തെക്കു-കിഴക്കന്‍ ഏഷ്യയിലെ ആറ് വിമാനത്താവളങ്ങളില്‍ നിന്നായി ആഴ്ചയില്‍ 93 സര്‍വീസുകളുണ്ട്. തായ്ലാന്‍ഡിലേക്കും ഫാര്‍ ഈസ്റ്റിലെ മറ്റ് കേന്ദ്രങ്ങളിലേക്കുമുള്ള യാത്രാ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാകും. ശീതകാല സമയക്രമത്തില്‍ ഗള്‍ഫ് മേഖലയിലെ 13 വിമാനത്താവളങ്ങളിലേക്കും സര്‍വീസുകളുണ്ടാകുമെന്നും സിയാല്‍ വ്യക്തമാക്കി.
പുതിയ സര്‍വീസുകളുടെ ഭാഗമായി ഫുജൈറ, ദുബായ്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള ദിവസേനയുള്ള സര്‍വീസുകള്‍ ഗള്‍ഫ് കണക്ടിവിറ്റിക്ക് കൂടുതല്‍ കരുത്തേകും. ആഭ്യന്തര സര്‍വീസ് ശക്തിപ്പെടുത്തും. ആഭ്യന്തര മേഖലയില്‍ കൊല്‍ക്കത്തയിലേക്കും തിരുവനന്തപുരത്തേക്കും ഇന്‍ഡിഗോ ദിവസേന സര്‍വീസ് നടത്തും. ഇതോടെ പ്രധാന ഗള്‍ഫ് കേന്ദ്രങ്ങളിലേക്കും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുമുള്ള കണക്ടിവിറ്റി കൂടുതല്‍ ശക്തമാകും.
ആഭ്യന്തര മേഖലയില്‍ 13 വിമാനത്താവളങ്ങളിലേക്കായി ആഴ്ചയില്‍ 465 അറൈവലുകളാണുള്ളത്. ആഭ്യന്തര സര്‍വീസ് കണക്കില്‍ ബംഗളൂരുവാണ് ഏറ്റവും മുന്നില്‍.14.4 ശതമാനം വര്‍ദ്ധന. ആഴ്ചയില്‍ 1,544 സര്‍വീസുകളാണ് വേനല്‍കാല ഷെഡ്യൂളിലുള്ളത്. ശീതകാലത്ത് 1,766 ആയി. 14.4 ശതമാനമാണ് വര്‍ദ്ധന. 881 സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നതും 885 സര്‍വീസുകള്‍ കൊച്ചിയിലേക്കെത്തുന്നതുമാണ്. 32 വിമാനത്താവളങ്ങളിലേക്കായി 28 വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുന്നത്. പ്രതിദിനം ശരാശരി 252 വിമാന നീക്കങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വീട്ടില്‍നിന്ന് ബാഗേജ് ശേഖരിക്കുന്നതിനുള്ള സൗകര്യവും പ്രത്യേക സഹായം ആവശ്യമായ യാത്രക്കാര്‍ക്കായി മെച്ചപ്പെട്ട സൗകര്യങ്ങളുമുണ്ടാകുമെന്നും സിയാല്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates