

കൊച്ചി: എംഎസ്സി എല്‍സ-3 കപ്പലപകടത്തില്‍ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍. മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിക്കെതിരെ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ടില്‍ എംഎസ്സിയുടെ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എംഎസ്സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞു. പരിസ്ഥിതി - സമുദ്രോത്പന്ന നഷ്ടം ഉന്നയിച്ച് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം എ അബ്ദുല്‍ ഹക്കിം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
കപ്പല്‍ അപകടത്തിലൂടെ സംസ്ഥാനത്തിന് പരിസ്ഥിതി-ജൈവ ആവാസ വ്യവസ്ഥയില്‍ കനത്ത നാശനഷ്ടമുണ്ടായിയെന്നാണ് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷേപം. സാമ്പത്തിക - മത്സ്യബന്ധന മേഖലകളെയും ബാധിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനായി ഹൈക്കോടതി അധികാരം ഉപയോഗിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. കഴിഞ്ഞ മെയ് 25നായിരുന്നു തോട്ടപ്പള്ളിയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ്സി എല്‍സ ത്രീ കപ്പലപകടം.
കപ്പലില്‍ പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടൈനറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 61 കണ്ടൈനറുകളും അതിന്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 59.6 മെട്രിക് ടണ്‍ മാലിന്യം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തീരത്തടിഞ്ഞു. കപ്പലപകടം കേരളത്തിന്റെ സമുദ്ര പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതിയാണ് നഷ്ടപരിഹാരം സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. നഷ്ടം കണക്കാക്കാന്‍ പ്രതിദിന മത്സ്യബന്ധന ലഭ്യതയിലെ കുറവും പരിഗണിച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. പരിസ്ഥിതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി നല്‍കിയ ഹര്‍ജിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി, എംഎസ്സി ഇന്ത്യ, അദാനി വിഴിഞ്ഞം പോര്‍ട്ട് എന്നിവരും എതിര്‍ കക്ഷികളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates