തൊടുപുഴ : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂമന്ത്രി കെ രാജന്‍. അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെത്തി ഡാം, മാറ്റി പാര്‍പ്പിച്ചവരുടെ ക്യാമ്പുകള്‍, പ്രശ്‌ന സാധ്യതാ പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാണ് ഡാം തുറക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനം നടത്തിയത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനുമായി പലവട്ടം ചര്‍ച്ച നടത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ടിന് സമാനമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
182 കുടുംബങ്ങളിലെ 3220 പേരെയും കണ്ടെത്തി. 20 ക്യാമ്പുകള്‍ ആരംഭിക്കണമെന്ന് നിശ്ചയിച്ചു. ചുമതലക്കാരായ ഉദ്യോഗസ്ഥരെ നിശ്ചയിച്ചു നല്‍കി. പ്രശ്‌ന സാധ്യതാ പ്രദേശങ്ങളില്‍ കണ്ടെത്തിയ മുഴുവന്‍ ആളുകളുടേയും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചു.ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതില്‍ പൊലീസിന്റെ നല്ല സഹകരണം ഉണ്ടായി. എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഫയര്‍ഫോഴ്‌സ് സംവിധാനം ഏര്‍പ്പെടുത്തി.
നീരൊഴുക്കിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്താന്‍ സമീപകാല മഴയുടെ പ്രത്യേകത കൊണ്ട് കഴിയാത്ത സാഹചര്യത്തില്‍ കടുത്ത ജാഗ്രത തുടരണം. ഡാം തുറന്നിട്ടും പുഴയില്‍ വലിയ നീരൊഴിക്കില്ലെന്നു കരുതി ആരും രാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ ശ്രമിക്കരുത്. രണ്ടു ദിവസം കഴിഞ്ഞ് സ്ഥിതി വിലയിരുത്തിയ ശേഷം ക്യാമ്പ് വിട്ട് പോയാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates