

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ്‌നാട് നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. രാത്രികാലങ്ങളില്‍ അറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നത് ഒരു കാരണവശാലും ഒരു സര്‍ക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ്. വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെടും.മേല്‍നോട്ട സമിതി അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് നാല് ഷട്ടറുകളാണ് മുപ്പത് സെന്റീമീറ്റര്‍ വെച്ച് ഉയര്‍ത്തിയത്. അതിന് ശേഷം 2.30ന് ഒന്നുമുതല്‍ എട്ടുവരെയുള്ള ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി.ആദ്യം വെള്ളം തുറന്നുവിട്ടപ്പോള്‍ മുന്നറിയിപ്പ് ലഭിച്ചില്ല. രണ്ടാമത് ഷട്ടര്‍ ഉയര്‍ത്തി 2.40നാണ് മെയില്‍ ലഭിക്കുന്നത്. 3.30ന് പത്തുവരെയുള്ള ഷട്ടറുകള്‍ അറുപത് സെന്റീമീറ്റര്‍ വെച്ച് വീണ്ടും ഉയര്‍ത്തി. സെക്കന്റില്‍ 8,000ഘനയടി വെള്ളം ഒഴുക്കി. ഒരു ഓപ്പറേഷന്‍ നടക്കുമ്പോള്‍, കൃത്യമായി അറിയിക്കേണ്ടതാണ്. പാലിക്കപ്പടേണ്ട കാര്യങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നാണ് കേരളം വിലയിരുത്തുന്നത്.'-മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയില്‍ നില്‍ക്കുന്ന കേസ് എന്ന നിലയില്‍ അതീവ പ്രാധാന്യത്തോടെയാണ് കേരളം ഇത്തരം കാര്യങ്ങളെ കാണുന്നത്. സംസ്ഥാനെ ഉയര്‍ത്തിയ വാദഗതിതള്‍ ശരിയാണെന്ന് കാണിക്കാനുള്ള തെളിവുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഒരുകാരണവശാലും രാത്രി അറിയിപ്പില്ലാതെ പരിധിയില്‍ക്കൂടുതല്‍ വെള്ളം തുറന്നുവിടരുത്'-മന്ത്രി പറഞ്ഞു.
ഒമ്പത് ഷട്ടറുകള്‍ അടച്ചു
അതേസമംയം, അണക്കെട്ടില്‍ രാത്രി മുന്നറിയിപ്പില്ലാതെ തുറന്ന പത്തു ഷട്ടറുകളില്‍ ഒമ്പതെണ്ണം തമിഴ്നാട് അടച്ചു. വീണ്ടും രണ്ട് ഷട്ടറുകള്‍ തുറന്നു. നിലവില്‍ മൂന്നു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാത്രിയും പുലര്‍ച്ചെയുമായി പത്തു ഷട്ടറുകള്‍ തമിഴ്നാട് തുറക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ എട്ടു ഷട്ടറുകള്‍ അടച്ചു. തുറന്നിരുന്ന ശേഷിച്ച വി 3, വി 4 ഷട്ടറുകളില്‍ വി 3 ഷട്ടര്‍ 30 സെന്റിമീറ്ററില്‍ നിന്നും 10 സെന്റിമീറ്ററായി താഴ്ത്തുകയും, വി 4 ഷട്ടര്‍ രാവിലെ ആറരയോടെ അടയ്ക്കുകയുമായിരുന്നു. 1867 ക്യൂസെക്സ് ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
വീടുകളില്‍ വെള്ളം കയറി
മുന്നറിയിപ്പില്ലാതെ അര്‍ദ്ധരാത്രിയില്‍ ഡാം തുറന്നതോടെ വള്ളക്കടവിലെ നിരവധി വീടുകളില്‍ വെള്ളം കയറി. പുലര്‍ച്ചെ വീട്ടില്‍ വെള്ളം കയറിയപ്പോഴാണ് വിവരം അറിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശവുമായി എത്തിയ അനൗണ്‍സ്മെന്റ് വാഹനം നാട്ടുകാര്‍ തടഞ്ഞു. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത്.
മുന്നറിയിപ്പില്ലാതെ തുറന്നത് ശരിയായില്ലെന്ന് റവന്യു മന്ത്രി
സെക്കന്റില്‍ 8017 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിയത്. ഇന്നലെ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകള്‍ തുറന്നത് ശരിയായില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു.
പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍
അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നു വിടുന്നതില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍ രംഗത്തെത്തി. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എംപിമാര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates